Updated on: 19 November, 2022 5:57 PM IST

1. പാചക വാതക സിലിണ്ടറുകളിൽ QR Code വരുന്നു. Gas വിതരണത്തിലെ സുതാര്യത ഉറപ്പാക്കാനും അളവ് സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികൾ കുറയ്ക്കാനും ക്യൂ ആർ കോഡുകൾ സഹായിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. സിലിണ്ടറുകളുടെ മോഷണം തടയുക എന്ന പ്രധാന ലക്ഷ്യവും നീക്കത്തിന് പിന്നിലുണ്ട്. ആധാർ കാർഡിനോട് സാമ്യമുള്ള ക്യുആർ കോഡുകളാണ് സിലിണ്ടറുകളിൽ പതിക്കുക. ഉപഭോക്താക്കൾക്ക് ക്യൂആർ കോഡ് സ്കാൻ ചെയ്ത് അതിലെ വാതകത്തിന്റെ അളവ് മനസിലാക്കാൻ സാധിക്കും. പഴയ സിലിണ്ടറുകളിൽ ക്യൂആർ കോഡ് ഒട്ടിക്കുകയും പുതിയ സിലിണ്ടറുകളിൽ വെൽഡ് ചെയ്ത് ചേർക്കാനുമാണ് തീരുമാനം. ഗ്യാസ് പെട്ടെന്ന് തീർന്ന് പോകുന്നു എന്ന പരാതിയിൽ ഏജൻസികളും ഉപഭോക്താക്കളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് പതിവാണ്. ഓരോരുത്തർക്കും ലഭിക്കുന്ന ക്യുആർ കോഡ് വ്യത്യസ്തമായതിനാൽ ഗ്യാസ് മോഷണം തൂക്കത്തിലെ വ്യത്യാസം എന്നിവ കൃത്യമായി മനസിലാക്കാൻ ഉപഭോക്താവിന് സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: പിഎം കിസാൻ: രജിസ്റ്റർ ചെയ്യാൻ റേഷൻ കാർഡ് നിർബന്ധം..കൃഷി വാർത്തകളിലേക്ക്

2. മാറുന്ന കാലത്തിനൊപ്പം സപ്ലൈകോ ആധുനികവത്ക്കരണത്തിന്റെ പാതയിലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ സപ്ലൈകോ ആർക്കീവ്സ് മന്ത്രി ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സപ്ലൈകോ ഔട്ട്ലെറ്റുകൾ മുതൽ ഹെഡ് ഓഫീസ് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും പുതിയകാലത്തിന് അനുസൃതമാക്കി മാറ്റുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ ശ്രദ്ധേയ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ, ശാസ്ത്രീയ സംഭരണ മാതൃകകൾ, ഗുണനിലവാര പരിശോധന ഉപകരണങ്ങൾ തുടങ്ങിയവയാണ് ആര്‍ക്കീവ്സിലുള്ളത്. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തിയ സമ്മാനമഴയിലെയും സപ്ലൈകോ സമൃദ്ധി കിറ്റ് വാങ്ങിയ ഉപഭോക്താക്കളിലെയും വിജയികളെ കണ്ടെത്താനുള്ള നറുക്കെടുപ്പും പരിപാടിയിൽ നടന്നു.

3. ചന്ദനത്തിന്റെ വെള്ള മൂല്യവർധിത ഉൽപന്നമാക്കി വിറ്റഴിക്കാനുള്ള നടപടികൾക്ക് അംഗീകാരം നൽകിയതായി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ക്ലാസ് 15ൽ ഉൾപ്പെട്ട സാപ് വുഡ് ചന്ദനത്തെ ഫയർ ബ്രിക്കറ്റാക്കി വിൽക്കാനാണ് തീരുമാനം. ചന്ദനവെള്ള ചിപ്‌സ് ബ്രിക്കറ്റ്‌സ് കൂടി ഉള്‍പ്പെടുത്തി കേരള ഫോറസ്റ്റ് കോഡില്‍ ഭേദഗതി വരുത്തുമെന്നും കിലോ ഗ്രാമിന് 500 മുതല്‍ 1000 രൂപ വരെ വില ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു. നശിച്ചുപോകാന്‍ സാധ്യതയുള്ള വസ്തുക്കൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാൻ വന സംരക്ഷണ സമിതി, വന വികാസ ഏജന്‍സി എന്നിവയ്ക്ക് സാധിക്കുമെന്നും ഇതുവഴി വനാശ്രിത സമൂഹത്തിന് കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

4. കണ്ണൂരിലെ അഞ്ചേക്കർ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കെ.കെ ശൈലജ ടീച്ചർ എംഎൽഎ നിർവഹിച്ചു. പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് കൃഷി നടന്നത്. അത്യുൽപാദന ശേഷിയുള്ള വിത്തുകളുപയോഗിച്ച് മൾച്ചിങ്ങ് രീതിയിലായിരുന്നു കൃഷി. കുമ്മായമിട്ട് മണ്ണിലെ അസിഡിറ്റി മാറ്റി അഞ്ച് തരം ജൈവവളങ്ങൾ അടിവളമായി നൽകിയാണ് വിത്ത് നട്ടത്. പയർ, വെണ്ട, കുമ്പളം, വെള്ളരി തുടങ്ങി നിരവധി പച്ചക്കറികളാണ് കൃഷിയിടത്തിലുള്ളത്.

5. ജീവാണു വളം നിർമിച്ച് കണ്ണൂർ ചപ്പാരപ്പടവിലെ കർഷക കൂട്ടായ്മകൾ. കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകർക്കാവശ്യമായ ജൈവവളം പഞ്ചായത്തിൽ തന്നെയാണ് ഉൽപ്പാദിപ്പിക്കുന്നത്. സ്വാഭാവിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. പ്രദേശത്തെ രണ്ട് ജൈവകർഷക കൂട്ടായ്മകൾ ചേർന്ന് പ്രതിവർഷം എട്ട് ടൺ വളം ഉൽപാദിപ്പിക്കുന്നുണ്ട്. എല്ലാതരം വിളകൾക്കും ഉപയോഗിക്കാവുന്ന വളത്തിന് ആവശ്യക്കാർ ഏറെയാണ്. ഓരോ ഗ്രൂപ്പിനും 87,500 രൂപയാണ് കൃഷി ഭവൻ മുഖേന വളം നിർമാണത്തിനായി ലഭിച്ചത്. വളത്തിന് പുറമെ ഹരിത കഷായം, ഫിഷ് അമിനോ ആസിഡ് എന്നിവയും നിർമിക്കുന്നുണ്ട്.

6. കഥകൾക്കും പാട്ടുകൾക്കുമൊപ്പം കൃഷിപാഠവും പഠിക്കുകയാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ കുരുന്നുകൾ. ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, വനിത ശിശു വികസന വകുപ്പ്, കൂത്തുപറമ്പ് ഐസിഡിഎസ് എന്നിവ ചേർന്ന് അങ്കണവാടികളിൽ 'കുഞ്ഞിളം കൃഷിത്തോട്ടം' എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തിയെടുക്കുക, ജൈവ കൃഷി രീതികൾ വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പഞ്ചായത്തിലെ 34 അങ്കണവാടികളിൽ പദ്ധതി ആരംഭിച്ചു. അങ്കണവാടി കുട്ടികളുടെ ഭക്ഷണത്തിനായി വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 350 കുട്ടികൾക്ക് പച്ചക്കറി തൈകൾ കൃഷിഭവൻ മുഖേന വിതരണം ചെയ്തു.

7. മരിച്ചീനിക്കൊപ്പം പയറും നട്ട് പരീക്ഷണത്തിനൊരുങ്ങുകയാണ് ചാലക്കുടിയിലെ കർഷകർ. നഷ്ടത്തിലായ കൃഷിയെ തിരിച്ചു പിടിക്കാൻ ഒരേ വാരത്തിൽ തന്നെ ഇടകലർത്തി രണ്ട് വിളകൾ കൃഷി ചെയ്യുകയാണ് ഇവർ. കൃഷി സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി പയറിന് പുറമെ വെണ്ട, വഴുതന, വാഴ, ചേന, പടവലം എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. 45 ദിവസത്തിനുള്ളിൽ പയർ വിളവെടുക്കാം, ഒപ്പം പയർ വള്ളികൾ മരിച്ചീനിയ്ക്ക് വളമാക്കുകയും ചെയ്യാമെന്ന് കർഷകർ പറയുന്നു.

8. തിരുവനന്തപുരം ജില്ലയിൽ ആധാര്‍ വിവരങ്ങളുടെ പുതുക്കല്‍ നടപടികൾ ആരംഭിച്ചു. ആധാര്‍ എടുത്ത് പത്ത് വര്‍ഷത്തിനു ശേഷവും പേര്, മേല്‍വിലാസം എന്നിവയില്‍ തിരുത്തലുകള്‍ നടത്തിയിട്ടില്ലാത്ത എല്ലാവരും ആധാര്‍ വിവരങ്ങള്‍ പുതുക്കണമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. പുതുക്കല്‍ ഫീസ് 50 രൂപയാണ്. എന്റോള്‍മെന്റ് രസീത് സൂക്ഷിച്ചു വയ്ക്കണം. തിരിച്ചറിയല്‍ രേഖ, മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവ പുതുക്കലിന് ആവശ്യമാണ്.

9. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിന് സജ്ജരാക്കുമെന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാൻ. ഫിഷറീസ് വകുപ്പിന്റെ മത്സ്യോത്സവം-2022 മെഗാ മേള തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യബന്ധനം ആദായകരമായ മേഖലയാക്കി മാറ്റാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള 1.30 കോടി രൂപയുടെ വിതരണവും മന്ത്രി നിർവഹിച്ചു.

10. ഇറ്റാലിയൻ ഭക്ഷ്യമേളയൊരുക്കി മനാമയിലെ ലുലു ഹൈപ്പർമാർക്കറ്റ്. ബഹ്റൈനിലെ ഇറ്റാലിയൻ അംബാസഡർ പൗല അമാഡെ മേള ഉദ്ഘാടനം ചെയ്തു. ഒലിവ് ഓയിൽ, വിവിധതരം പഴങ്ങൾ, ചീസ്, സോസുകൾ, പാസ്തയുടെ വിപുലമായ ശ്രേണി, പരമ്പരാഗത കേക്കുകൾ തുടങ്ങി നിരവധി വിഭവങ്ങളാണ് ലുലു ഔട്ട്ലെറ്റുകളിൽ ഒരുക്കിയിരിക്കുന്നത്. ബഹ്‌റൈനിലെ ഏറ്റവും പ്രചാരമുള്ള ഭക്ഷണമാണ് ഇറ്റാലിയൻ വിഭവങ്ങൾ. മേള നാളെ അവസാനിക്കും.

11. സംസ്ഥാനത്തെ തുലാമഴയിൽ 20 ശതമാനം കുറവെന്ന് റിപ്പോർട്ട്. ഒക്ടോബർ ആദ്യവാരം മുതൽ ഈ മാസം 17 വരെയുള്ള കണക്കിൽ 336.9 മില്ലി ലിറ്റർ മഴ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേസമയം 833.8 മില്ലിലിറ്റർ മഴ ലഭിച്ചിരുന്നു. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയാണ് തുലാവർഷം കണക്കാക്കുന്നത്. 48 ദിവസം പിന്നിട്ടപ്പോൾ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് തൃശൂരും ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കിയിലുമാണ്. അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: Cooking gas cylinders come with QR code More malayalam Agriculture News
Published on: 19 November 2022, 04:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now