1. News

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിന് സജ്ജരാക്കും; മന്ത്രി

മത്സ്യബന്ധന മേഖലയിൽ പല സംസ്ഥാനങ്ങളും പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരും നല്ല രീതിയിൽ ഇതു പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരളത്തിനും ഈ മാറ്റങ്ങൾ ഉൾക്കൊണ്ടു പോകേണ്ടതുണ്ട്. എന്നാൽ, മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടാകണം ഇത്.

Saranya Sasidharan
Traditional fishermen will be equipped for deep-sea fishing; Minister
Traditional fishermen will be equipped for deep-sea fishing; Minister

ഉൾക്കടലിലെ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കണമെന്നും ആഴക്കടൽ മത്സ്യബന്ധനം കുത്തകകൾക്കു തീറെഴുതാതെ, സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെത്തന്നെ ഇതിനു സജ്ജരാക്കുമെന്നും ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ. ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം-2022 മെഗാ മേള തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മത്സ്യബന്ധന മേഖലയിൽ പല സംസ്ഥാനങ്ങളും പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരും നല്ല രീതിയിൽ ഇതു പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരളത്തിനും ഈ മാറ്റങ്ങൾ ഉൾക്കൊണ്ടു പോകേണ്ടതുണ്ട്. എന്നാൽ, മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടാകണം ഇത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആഴക്കടൽ മത്സ്യബന്ധനം നടത്തി കൂടുതൽ മത്സ്യസമ്പത്ത് ഉൽപ്പാദിപ്പിക്കുന്നതോടുകൂടി മത്സ്യസമ്പത്ത് ശക്തിപ്പെടും. കേരളത്തിനുവേണ്ട മത്സ്യത്തിന്റെ നല്ല പങ്കും ഇപ്പോൾ പുറത്തുനിന്നാണു വരുന്നത്. ഇതിനു മാറ്റമുണ്ടാകണം. മത്സ്യബന്ധനം ഏറ്റവും ആദായകരമായ മേഖലയാക്കി മാറ്റാനുള്ള നടപടികളാണു സർക്കാർ സ്വീകരിക്കുന്നത്. മത്സ്യബന്ധന തുറമുഖങ്ങളുടെയും യാനങ്ങളുടേയും പരിഷ്‌കാരവുമായി ബന്ധപ്പെട്ട നടപടികളിൽ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള കാരണങ്ങളാൽ വിവിധ ഭീഷണികൾ നേരിടുന്ന തീരദേശത്തെ മത്സ്യത്തൊഴിലാളികളെ കൂടുതൽ സജീവമാക്കാനും മേഖലയിൽ പിടിച്ചുനിർത്താനുമുള്ള സംസ്ഥാന സർക്കാറിന്റെ ഇടപെടലുകളുടെ ഉദാഹരണമാണു മത്സ്യോത്സവം 2022 മേളയെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഓഖി സമയത്തു രാജ്യത്തുതന്നെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതിക്കു 10 ഏക്കർ ഭൂമി സർക്കാർ ആദ്യഘട്ടത്തിൽ ഏറ്റെടുത്തിട്ടുണ്ട്. ഈ ഭവന പുനരധിവാസ പദ്ധതി മത്സ്യത്തൊഴിലാളികൾ സ്വീകരിച്ചുകഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതി പ്രകാരം 1.30 കോടി രൂപ ഫിഷറീസ് മന്ത്രി ചടങ്ങിൽ വിതരണംചെയ്തു. ലൈഫ് ഗാർഡുകൾക്കുള്ള യൂണിഫോം വിതരണവും നടന്നു. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി. എസ് ഗോപിനാഥൻ, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ഡയറക്ടർ അദീല അബ്ദുള്ള, മത്സ്യ ഫെഡ് ചെയർമാൻ ടി. മനോഹരൻ, മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, തുടങ്ങിയവർ പങ്കെടുത്തു.

സെമിനാറുകൾ, ബിസിനസ് മീറ്റുകൾ, മത്സ്യത്തൊഴിലാളി സംഗമങ്ങൾ, മത്സ്യ കർഷകരുടെ സംഗമം, മത്സ്യത്തൊഴിലാളി വനിതാകൂട്ടായ്മ, കുട്ടികൾക്കായി കിഡ്സ് ഗാല എന്നിവ മത്സ്യോത്സവം 2022ന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ദിവസവും വൈകിട്ട് കലാപരിപാടികളുമുണ്ട്. വിവിധ വകുപ്പുകൾ, കേന്ദ്ര വകുപ്പുകൾ, ഏജൻസികൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടേത് ഉൾപ്പെടെ നൂറോളം സ്റ്റാളുകൾ മേളയിലുണ്ട്. അലങ്കാര മത്സ്യ പ്രദർശനം, വിൽപ്പന, മത്സ്യകൃഷി ഉപകരണങ്ങളുടെ വിൽപ്പന, അക്വാടൂറിസം, മത്സ്യകൃഷി മോഡലുകൾ, ടൂറിസം മത്സ്യ കൃഷി ഉപകരണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മേള 21നു സമാപിക്കും.

ബന്ധപ്പെട്ട വാർത്തകൾ: മത്സ്യബന്ധന മേഖല ആധുനികവൽക്കരിക്കും: മന്ത്രി വി.അബ്ദുറഹിമാൻ

English Summary: Traditional fishermen will be equipped for deep-sea fishing; Minister

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds