1. ഗെയിൽ പദ്ധതിയുടെ ഭാഗമായുള്ള സിറ്റി gas connection വീടുകളിൽ ലഭ്യമായി തുടങ്ങി. കോഴിക്കോട് ജില്ലയിലെ ഉണ്ണിക്കുളം പഞ്ചായത്തിലുള്ള 52 വീടുകളിൽ പാചക വാതകം പൈപ്പ് ലൈൻ വഴി എത്തിച്ചു. 81 വീടുകളിൽ കണക്ഷൻ ഉടൻ ലഭ്യമാകും. City Gas Schemeയുടെ ഭാഗമായി ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് പാചക വാതകം എത്തിക്കുന്നത്. ഉണ്ണിക്കുളത്തെ സിറ്റിഗേറ്റ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള റെഗുലേറ്റിങ് സ്റ്റേഷനിൽ നിന്നും മീഡിയം ഡെൻസിറ്റി പോളി എത്തിലീൻ പൈപ്പുകൾ വഴിയാണ് വിതരണം നടക്കുന്നത്. ഡിസംബർ അവസാനത്തോടെ 300 വീടുകളിലും, 2023 ജൂണോടെ 5000 വീടുകളിലും കണക്ഷൻ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വീടുകളിലും ഹോട്ടലുകളിലും പാചക വാതകം പൈപ്പുകളിലൂടെ എത്തിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് സിറ്റി ഗ്യാസ്. ഉപഭോക്താക്കൾക്ക് മീറ്ററും കണക്ഷനുമടക്കം തുടക്കത്തിൽ 7000 രൂപയോളമാണ് ചെലവ് വരിക. ഈ തുക തവണകളായി ഈടാക്കും.
ബന്ധപ്പെട്ട വാർത്തകൾ: വളം മേഖലയ്ക്ക് രണ്ടര ലക്ഷം കോടി രൂപ നൽകുമെന്ന് പ്രധാനമന്ത്രി.. കൂടുതൽ കൃഷി വാർത്തകൾ
2. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചേർത്തലയിൽ ചീരകൃഷി വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നടത്തിയ നാലാംഘട്ടമാണ് വിജയകരമായി പൂർത്തിയായത്. ചേർത്തല തെക്ക് കൃഷിഭവൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇത്തവണ ചീരയാണ് കൃഷി ചെയ്തത്.
3. ഇടനിലക്കാരെ ഒഴിവാക്കി വിസിറ്റിംഗ് കാർഡുമായി അതിഥി തൊഴിലാളികൾ കർഷകരിലേക്ക്. പാലക്കാട് ജില്ലയിലെ എലവഞ്ചേരി, പല്ലശ്ശന, കൊല്ലങ്കോട്, നെന്മാറ പ്രദേശങ്ങളിലാണ് തൊഴിലാളികൾ കർഷകരെ നേരിട്ട് സമീപിച്ച് ജോലി തിരയുന്നത്. മലയാളത്തിൽ പേരും, ഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങളാണ് വിസിറ്റിംഗ് കാർഡിലുള്ളത്. കൂലി ഓൺലൈനായി നൽകാം. ഇതിനുമുമ്പ് കൃഷി സ്ഥലത്തിന്റെ വലിപ്പം അനുസരിച്ച് ഇടനിലക്കാരാണ് തൊഴിലാളികളെ എത്തിച്ചിരുന്നത്. കൃത്യസമയത്ത് പണിക്കിറങ്ങുകയും വിശ്രമിക്കാൻ അധിക സമയം എടുക്കാതെയുമാണ് ഇവർ ജോലി ചെയ്യുന്നതെന്ന് കർഷകർ പറയുന്നു.
4. കാലാവസ്ഥ മുന്നറിയിപ്പ് ഇനി കുട്ടികൾ നൽകും. കാലാവസ്ഥ മാറ്റങ്ങളും മഴയുടെ അളവും അറിയാൻ കോഴിക്കോട് കായണ്ണ ഗവ. ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികളോട് ചോദിക്കാം. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെയാണ് സ്കൂളിൽ വെതർ സ്റ്റേഷൻ ഒരുക്കിയത്. പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളിൽ പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനും ഭൂമിശാസ്ത്ര വിഷയത്തോടുള്ള അഭിരുചിയും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കാനുമാണ് വെതർ സ്റ്റേഷനുകൾ ഒരുക്കുന്നത്. വെതർ സ്റ്റേഷനിലൂടെ ശേഖരിക്കുന്ന പ്രാദേശിക കാലാവസ്ഥാ വിവരങ്ങൾ വിദ്യാർത്ഥികളിൽ ഗവേഷണ പരിശീലനത്തിനും കാർഷിക- വ്യവസായിക മേഖലയിലെ പ്രവർത്തനങ്ങൾക്കും സഹായിക്കും. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളാണ് വെതർ സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്.
5. കുടുംബശ്രീ ജനകീയ ഹോട്ടലുകൾ പട്ടിണി രഹിത കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. കുടുംബശ്രീ ജനകീയ ഹോട്ടലുകളിലെ സംരംഭകരുടെ സംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിരവധി പേർക്ക് തൊഴിൽ നൽകാൻ ജനകീയ ഹോട്ടലിന് സാധിച്ചുവെന്നും തൊഴിൽ സംരംഭം എന്നതിലപ്പുറം സാമൂഹ്യ ഉത്തരവദിത്വം നിറവേറ്റാനും ഇതിലൂടെ കഴിയുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകുക എന്നതാണ് ജനകീയ ഹോട്ടൽ പദ്ധതിയുടെ ലക്ഷ്യം. 20 രൂപയ്ക്കാണ് ഇവിടെ നിന്നും ഊണ് ലഭിക്കുന്നത്. കേരളത്തിൽ 1198 ജനകീയ ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്.
6. കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിലേക്ക് എറണാകുളത്തെ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 10 സെൻ്റ് മുതൽ 2 ഏക്കർ വരെ സ്വന്തമായി കൃഷിഭൂമി ഉള്ളവർക്കും പുതുതായി കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്കും അപേക്ഷിക്കാം. ഒരു കൃഷിഭവൻ പരിധിയിൽ നിന്നും പത്ത് പേരെയാണ് തിരഞ്ഞെടുക്കുക. 2022- 23 വർഷത്തെ കരം അടച്ച രസീതിൻ്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ഈ മാസം 18ന് മുമ്പ് അപേക്ഷ നൽകണം. അപേക്ഷകൾ കൃഷിഭവനുകളിൽ നിന്നും ലഭിക്കും.
7. തിരുവനന്തപുരം പാലോട് പ്രവർത്തിക്കുന്ന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ തീവ്ര കുടിശ്ശിക നിവാരണ ക്യാമ്പയിൻ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ കേരളീയം കുടിശിക നിവാരണം പദ്ധതിയുടെ ഭാഗമായി ഈ മാസം 30 വരെ ക്യാമ്പയിൻ നടക്കും. വായ്പ കുടിശ്ശികയുള്ളവർക്ക് ഇളവുകളോടെയും ആനുകൂല്യങ്ങളോടെയും കുടിശ്ശിക പൂർണമായും തീർക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ, 8 ശതമാനം പലിശ നിരക്കിൽ അഞ്ചുവർഷം കാലാവധിയുള്ള ഗ്രാമ സമൃദ്ധി കാർഷിക വായ്പ പദ്ധതി ബാങ്കിൽ ലഭ്യമാണ്.
8. ദാരിദ്ര്യ നിർമാർജനത്തിൽ കേരളം മാതൃകയെന്ന് കേന്ദ്രമന്ത്രി കപിൽ മൊരേശ്വർ പാട്ടീൽ. പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ അർത്ഥവത്തായ പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്നും ബജറ്റ് വിഹിതത്തിന്റെ നല്ലൊരു പങ്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവെക്കുന്ന, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണം - ഗ്രാമ പഞ്ചായത്തുകളിൽ' എന്ന വിഷയത്തിൽ നെടുമ്പാശ്ശേരിയിൽ നടക്കുന്ന ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
9. 41-ാംമത് ഇന്ത്യാ ഇന്റർനാഷണൽ ട്രേഡ് ഫെയറിന് ഡൽഹിയിൽ തുടക്കം. കേരളത്തിൽ നിന്നുള്ള ബാംബൂ മിഷന്റേയും കരകൗശല വിദഗ്ധരുടെയും സ്റ്റാളുകൾ മേളയിലുണ്ട്. ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ ഈ മാസം 27 വരെ മേള നടക്കും. 'വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടു ഗ്ലോബൽ' എന്നതാണ് ഇത്തവണത്തെ ഐഐടിഎഫ് ആശയം. കേരളത്തിലെ വ്യവസായ സാഹചര്യങ്ങളും, വ്യവസായ - നിക്ഷേപക സൗഹാർദ്ദ നടപടികളും കേരള പവലിയനിൽ പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ, കേരള ടൂറിസം, ഇൻഡസ്ട്രീസ്, കൃഷി തുടങ്ങി 10 വകുപ്പുകളുടെ തീം ഏരിയ സ്റ്റാളുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്.
10. യുണൈറ്റഡ് റഷ്യ പാർട്ടി അംഗവും നിയമ നിർമാതാവുമായ അഭയ് കുമാർ സിംഗ് കൃഷി ജാഗരൺ സന്ദർശിച്ചു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക് അദ്ദേഹത്തെ സ്വാഗതം ചെയ്തു. ബിഹാറിലെ പട്നയാണ് അദ്ദേഹത്തിന്റെ ജന്മദേശം. മെഡിസിൻ പഠനത്തിനായി 1991ൽ റഷ്യയിലേക്ക് പോയ അദ്ദേഹം 2015ലാണ് റഷ്യൻ പ്രസ്ഡന്റ് വ്ലാഡിമർ പുടിന്റെ പാർട്ടിയിൽ ചേരുന്നത്.
11. കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴ ശക്തമാകാൻ കാരണം. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.