കൊറോണ വൈറസ് ബാധ സംസ്ഥാനദി ഞണ്ട് കർഷകർക്ക് തിരിച്ചടിയാവുന്നു.കൊറോണ വൈറസ് ബാധയെത്തുടർന്നു സിംഗപ്പൂരിൽ ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചതോടെയാണിത്.ചൈന മത്സ്യ ഇറക്കുമതി നിർത്തി വച്ചതാണ് മറ്റൊരു കാരണം. ഇത് കാരണം ഞണ്ട് കർഷകർക്കുണ്ടാകുന്ന നഷ്ടത്തിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്.കൊറോണ ബാധ കണ്ടെത്തുന്നതിനു മുൻപ് പ്രതിദിനം 30–35 ലക്ഷം രൂപയുടെ ഞണ്ട് കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്തിരുന്നു. എറണാകുളം, ആലപ്പുഴ, കൊല്ലം ,കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നായിരുന്നു കൂടുതലും.ചെന്നൈയിലെ ഏജൻസികൾ ഇപ്പോൾ ഞണ്ടു സ്വീകരിക്കുന്നില്ല. വലിയ ഞണ്ടുകൾ പ്രാദേശിക വിപണിയിൽ കുറഞ്ഞ വിലയ്ക്ക്കു നൽകേണ്ട അവസ്ഥയാണുള്ളത് .
ദിവസങ്ങൾക്ക് മുൻപ് കിലോഗ്രാമിന് 1250 രൂപയായിരുന്നു ഞണ്ടിന്റെ വില. എന്നാൽ ഈ വില ഇപ്പോൾ 200- 250 നിലവാരത്തിലേക്കാണ് താഴ്ന്നിരിക്കുന്നത്. നവംബർ മുതൽ ഫെബ്രുവരി വരെയാണു ‘മഡ്’ ഇനം ഞണ്ടുകൾ വളർച്ചയെത്തുന്നതും കയറ്റുമതി വിപണിയിലെത്തുന്നതും. ഡബിൾ എക്സൽ വിഭാഗത്തിലുള്ള മഡ് ഞണ്ടുകൾക്കു 2000–2200 രൂപ വരെ വിലയുണ്ട്.എക്സൽ വിഭാഗത്തിലുള്ളതിന് 1800–1900 രൂപയായിരുന്നു വില. ബിഗ് ഇനത്തിലുള്ളതിനു 1400 രൂപയും മീഡിയത്തിനു 900 രൂപയും കഴിഞ്ഞ സീസണിൽ ലഭിച്ചതാണ്. പിടിച്ചെടുക്കുന്ന ഞണ്ടുകൾ കൂടുതൽ സമയം കരയിൽ സൂക്ഷിക്കാൻ കഴിയാത്തതും എളുപ്പത്തിൽ വൈറസ്ബാധ ഏൽക്കാനുള്ള സാധ്യതകളും കർഷകരുടെ ആശങ്ക ഇരട്ടിപ്പിക്കുന്നു.കയറ്റുമതി നിലച്ചതോടെ, കയറ്റുമതി മത്സ്യങ്ങൾ സുലഭമായതാണ് വലിയ തോതില്‍ വില കുറയാനുള്ള കാരണമായത്. ഞണ്ടിനൊപ്പം കൊഴുവ, അയല തുടങ്ങിയ മത്സ്യങ്ങളും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം 700 കോടി രൂപയുടെ മത്സ്യമാണ് കേരളത്തിൽ നിന്നും ചൈനയിലേക്ക് എത്തിയത്.