കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൊതുവിതരണ സമ്പ്രദായത്തിലെ ഭക്ഷ്യധാന്യങ്ങളുടെ ക്വാട്ട ആറ് മാസമാക്കി ഉയര്‍ത്തിയതായി കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിച്ചു. 75 കോടി ഗുണഭോക്താക്കള്‍ക്കാണ് ഇത് പ്രയോജനപ്രദമാകുക.നിലവില്‍ ഗുണഭോക്താക്കള്‍ പരമാവധി രണ്ട് മാസത്തേക്ക് ഭക്ഷ്യധാന്യങ്ങളുടെ ക്വാട്ട ഉയര്‍ത്തുന്നുണ്ട്. ഗോഡൗണുകളില്‍ നിലവില്‍ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ഉണ്ടെന്നും പാവപ്പെട്ടവര്‍ക്ക് ആറുമാസത്തെ ഭക്ഷ്യധാന്യങ്ങള്‍ ഒരുമിച്ച് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 435 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഇതില്‍ 272.19 ലക്ഷം ടണ്‍ അരിയും 162.79 ലക്ഷം ടണ്‍ ഗോതമ്പുമാണ്. ഏപ്രില്‍ മാസത്തില്‍ 135 ലക്ഷം ടണ്‍ അരിയും 74.2 ലക്ഷം ടണ്‍ ഗോതമ്പുമാണ് പൊതുവിതരണ സമ്പ്രദായം വഴിയുള്ള വിതരണത്തിന് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.