ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ള കാർഷികവിളകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ നടപടി ഉടനുണ്ടാകുമെന്ന് കൃഷിമന്ത്രിപി.പ്രസാദ് പറഞ്ഞു. നിലവിൽ 27 കാർഷികവിളകൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. ജൂലൈ ഒന്ന് ഇൻഷുറൻസ് ദിനാചരണത്തിന്റെയും ജൂലൈ മുതൽ ഏഴ് വരെയുള്ള ഇൻഷുറൻസ് വാരാചരണത്തിന് റെയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കുടപ്പനക്കുന്ന് കൃഷിഭവനിൽ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകനായ ഗോപിനാഥൻ നായരുടെ അപേക്ഷ സ്വീകരിച്ച് ഓൺലൈനായി അദ്ദേഹത്തിന്റെ വാഴകൃഷി ഇൻഷ്വർ ചെയ്തുകൊണ്ടായിരുന്നു മന്ത്രി ഇൻഷുറൻസ് വാരാചരണത്തിന് തുടക്കം കുറിച്ചത്. വട്ടിയൂർകാവ് എംഎൽഎ അഡ്വ വി കെ പ്രശാന്തി ന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങുകൾ നടന്നത്.
കാലാവസ്ഥാ വ്യതിയാനം നമ്മുടെ കാർഷിക കലണ്ടറിന്റെ തന്നെ താളംതെറ്റിച്ചിരിക്കുകയാണ്. കാലം തെറ്റിയുള്ള മഴയും അതിവർഷവും വരൾച്ചയുമെല്ലാം മനുഷ്യ ജീവനും മറ്റു ജീവജാലങ്ങൾക്കും ഒരേപോലെ നാശനഷ്ടങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇതിൽ കർഷകർക്ക് കുറച്ചെങ്കിലും ആശ്വാസം ലഭിക്കുന്നതിനുള്ള ഏക മാർഗ്ഗമാണ് വിള ഇൻഷുറൻസ് പദ്ധതി. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി ക്കൊപ്പംതന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി രണ്ടു ഇൻഷുറൻസ് പദ്ധതികൾ കൂടി സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്, പ്രധാനമന്ത്രി ഫസൽ ഭീമാ യോജനയും കാലാവസ്ഥധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയും. ഈ 3 പദ്ധതികളിലും മുഴുവൻ കർഷകരേയും ഉൾപ്പെടുത്തുന്നതിനുള്ള ശ്രമമാണ് സംസ്ഥാനസർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
കർഷകന് സമൂഹത്തിൽ അന്തസായ ജീവിതം നയിക്കാനാകണം. കർഷകൻ നിലനിന്നാലെ സമൂഹമുള്ളൂ. കർഷകനെ സഹായിക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും സർക്കാരിനും ഉണ്ട്. കർഷകർക്കുള്ള ഇൻഷുറൻസ് നഷ്ടപരിഹാര തുകയായി 30 കോടി കഴിഞ്ഞമാസം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
വാർഡ് കൗൺസിലർമാരായ പാതിരപ്പള്ളി കൗൺസിലർ കസ്തൂരി എസ് , കിണവൂർ കൗൺസിലർ സുരകുമാരി, സിപിഐ മണ്ഡലം സെക്രട്ടറി വട്ടിയൂർകാവ് ശ്രീകുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. കൃഷി അഡീഷണൽ ഡയറക്ടർ ശ്രീരേഖ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബൈജു എസ് സൈമൺ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ
കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീലത എസ്,
നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ ജോമി ജേക്കബ്, കൃഷി ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ, കർമ്മ സേന അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.