തിരുവന്തപുരം: തിരുവന്തപുരം ഐ.സി.എ.ആർ - കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം ഭാരതീയ കിഴങ്ങുവിള ഗവേഷണ ഏകോപന പദ്ധതിയുടെ കീഴിൽ ‘വരും തലമുറ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കിഴങ്ങുവിള കൃഷി‘ എന്ന വിഷയത്തിൽ കർഷക പരിശീലന പരിപാടി സംഘടിപ്പിച്ചു. പട്ടികജാതി ഉപപദ്ധതി (SCSP) ബജറ്റിൽ തിരഞ്ഞെടുത്ത പട്ടികജാതി കർഷകർക്ക് അർക്ക വെർട്ടിക്കൽ ഫാമിംഗ് സ്ട്രക്ചർ വിതരണവും പരിപാടിയുടെ ഉദ്ഘാടനവും സംസ്ഥാന കൃഷി കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് നിർവ്വഹിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ കേരള സർക്കാരിന്റെ പ്രധാന പദ്ധതികളായ, പോഷക സമൃദ്ധിമിഷൻ, ജൈവമിഷൻ പദ്ധതികളിൽ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന് നൽകാവുന്ന സംഭാവനകൾ ഊന്നി പറഞ്ഞു. കേരളത്തിലെ ഓരോ മേഖലകൾക്കും അനുയോജ്യമായ വ്യത്യസ്ത ഇനം കിഴങ്ങു വിളയിനങ്ങൾ മനസിലാക്കി ഇടപെടൽ നടത്തേണ്ടതിന്റെയും, കിഴങ്ങു വിളകളുടെ പോഷക മൂല്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ടതിന്റെയും, ജനങ്ങൾക്കിടയിൽ കിഴങ്ങു വിള അധിഷ്ഠിതമായ വ്യത്യസ്തയിനം 'ഭക്ഷ്യവിഭവങ്ങൾ' പരിചയപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയും പ്രത്യേകം എടുത്തു പറഞ്ഞു.
ചടങ്ങിൽ അദ്ദേഹം അർക്ക വെർട്ടിക്കൽ ഗാർഡന്റെ മലയാളത്തിലുള്ള യൂസർ മാന്വലും മറ്റു ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണങ്ങളും പ്രകാശനം ചെയ്തു. സി.ടി.സി.ആർ.ഐ ഡയറക്ടർ ജി. ബൈജു തന്റെ അധ്യക്ഷപ്രസംഗത്തിൽ നിപുണ കൃഷിയിൽ (സ്മാർട്ട് ഫാർമിംഗ്) സി.ടി.സി.ആർ.ഐ യുടെ ഗവേഷണ നേട്ടങ്ങളും, സംഭാവനകളും പ്രത്യേകം പ്രതിപാദിച്ചു. കർഷകർ ജൈവ കൃഷിയുടെ ഭാഗമായി പ്രകൃതിക്കു നൽകുന്ന സംഭാവനകൾ കൃത്യമായി മനസിലാക്കി (ആവാസവ്യവസ്ഥ സേവനങ്ങൾ), വ്യത്യസ്ത പദ്ധതികൾ ആസൂത്രണം ചെയ്യാൻ 'ഒരു മികവിന്റ കേന്ദ്രം' സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
കർഷക പരിശീലന പരിപാടിയിൽ വെർട്ടിക്കൽ ഫാമിംഗ്, മണ്ണില്ലാത്ത ഡ്രിപ്പോണിക്സ് കൃഷി, പ്രിസിഷൻ ഫാമിംഗ്, ഹൈഡ്രോപോണിക്സ് സാങ്കേതിക വിദ്യകൾ എന്നിവയിൽ പരിശീലനം നൽകി. ICAR-IIHR-ലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എ. കരോളിൻ രത്തിനകുമാരി, ഐ.സി.എ.ആർ-സി.ടി.സി.ആർ.ഐ, സയന്റിസ്റ്റ്, ഡോ. കെ. സുനിൽ കുമാർ, ഡോ. സുരേഷ് കുമാർ ജെ. എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഡോ. കെ. സൂസൻ ജോൺ സ്വാഗതവും, ഡോ. ജെ. ശ്രീകുമാർ നന്ദിയും പറഞ്ഞു.