അഖിലേന്ത്യാ ക്വാട്ട പദ്ധതിയിൽ ബിരുദ, ബിരുദാനന്തര മെഡിക്കൽ / ഡെന്റൽ കോഴ്സുകൾക്ക് (എംബിബിഎസ് / എംഡി / എംഎസ് / ഡിപ്ലോമ / ബിഡിഎസ് / എംഡിഎസ്) നിലവിലെ അധ്യയന വർഷം 2021-22 മുതൽ ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് 27% സംവരണവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണവും നൽകുന്നതിന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സുപ്രധാന തീരുമാനമെടുത്തു.
2021 ജൂലൈ 26 ന് നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ദീർഘകാലമായി നിലനിൽക്കുന്ന ഈ പ്രശ്‌നത്തിന് ഫലപ്രദമായ പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.
ഈ തീരുമാനം വഴി എല്ലാ വർഷവും MBBS ൽ, ഒബിസി വിഭാഗത്തിൽ പെട്ട ഏകദേശം 1500 വിദ്യാർത്ഥികൾക്കും ബിരുദാനന്തര ബിരുദത്തിൽ 2500 വിദ്യാർത്ഥികൾക്കും പ്രയോജനം ലഭിക്കും.
കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽപെട്ട 550 വിദ്യാർത്ഥികൾക്ക് എംബിബിഎസ് പ്രവേശനവും, ഏകദേശം 1000 വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദത്തിൽ പ്രവേശനവും ലഭിക്കും.
ഈ തീരുമാനം 2014 മുതൽ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ നടത്തിയ സുപ്രധാന പരിഷ്കാരങ്ങളുമായി യോജിച്ചു പോകുന്നു.
കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 2014 ലെ 54,348 സീറ്റുകളിൽ നിന്ന് 56 ശതമാനം വർദ്ധിച്ച് 2020 ൽ 84,649 സീറ്റുകളായി ഉയർന്നു. പിജി സീറ്റുകളുടെ എണ്ണം 2014 ലെ 30,191 സീറ്റുകളിൽ നിന്ന് 80 ശതമാനം വർദ്ധിച്ച് 2020 ൽ 54,275 സീറ്റുകളായി ഉയർന്നു.ഇതേ കാലയളവിൽ 179 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിച്ചു, ഇപ്പോൾ രാജ്യത്ത് 558 (ഗവൺമെന്റ് : 289, സ്വകാര്യം : 269) മെഡിക്കൽ കോളേജുകൾ ഉണ്ട്.