കോട്ടയം: എം.പി. ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ പൂർത്തീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി. പറഞ്ഞു. കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴു കോടി രൂപയാണ് മണ്ഡലത്തിൽ എം.പി ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുള്ളത്. ഇതിൽ 4.05 കോടി രൂപ ചെലവഴിച്ചുണ്ട്. 58 ശതമാനമാണ് പദ്ധതി നടപ്പാക്കലിൽ പുരോഗതിയുള്ളത്. 86 പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. ഇതിൽ 31 പദ്ധതികൾ പൂർത്തിയായി.
പൂർത്തിയായ പദ്ധതികളുടെ ചെലവു സംബന്ധിച്ചുള്ള കണക്കുകൾ യഥാസമയം കൃത്യമായി വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണമെന്നും എം.പി പറഞ്ഞു. ഫണ്ട് ലഭിക്കുന്നതിന് പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കേണ്ടതുണ്ടെന്നു എം.പി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കൈത്തറി തുണിത്തരങ്ങള്‍ക്ക് ഹാന്‍ടെക്സില്‍ വിലക്കിഴിവ്; പ്രത്യേക പദ്ധതികള്‍
പട്ടിത്താനം-മണർകാട് ബൈപാസിൽ പട്ടിത്താനം ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള പണം അനുവദിച്ചതായി എം. പി പറഞ്ഞു. കാരിത്താസ് ആശുപത്രിയ്ക്കു സമീപത്തെ ബസ് ഷെൽട്ടർ ഡിസംബർ 20നകം പൂർത്തീകരിക്കണം. ഉഴവൂർ ബ്ലോക്കിലെ കണ്ണോത്ത്കുളം ക്ഷീരോത്പാദക സംഘത്തിന്റെ നിർമാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കണം. നീർപ്പാറയിൽ ബധിരർക്കായുള്ള അസീസി മൗണ്ട് എച്ച്. എസ്.എസിനുള്ള നീന്തൽക്കുളം നിർമിക്കുന്നതിനുള്ള എഗ്രിമെന്റ് നടപടികൾ നടത്തി നിർമാണം ഉടൻ ആരംഭിക്കാനും അദ്ദേഹം നിർദേശിച്ചു. മഴ മാറി നിൽക്കുകയും കാലാവസ്ഥ അനുകൂലമാക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ റോഡ് നിർമാണം വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ഫിനാൻസ് ഓഫീസർ എസ്. ആർ അനിൽകുമാർ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ബി.എൽ ബിന്ദു വിവിധ വകുപ്പു മേധാവികൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.