തൃശ്ശൂർ: ജില്ലയിൽ ഇടവിട്ട് മഴപെയ്യുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി പി ശ്രീദേവി അറിയിച്ചു. ഇതുവരെ ജില്ലയിൽ 144 ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 413 സ്ഥിരീകരിക്കാത്ത ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായുവിൽ കൂടി പകരുന്ന വൈറൽ രോഗമായ എച്ച്. വൺ. എൻ. വൺ കേസുകൾ 51 എണ്ണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസ തടസ്സം എന്നിവയാണ് ലക്ഷണങ്ങൾ.
ബന്ധപ്പെട്ട വാർത്തകൾ: ഉലുവാ വെള്ളം തൊണ്ടവേദന മാറാൻ ഉത്തമം
കുടിവെള്ളത്തിൽ കൂടിയോ ആഹാരസാധനങ്ങളിൽ കൂടിയോ രോഗാണുക്കൾ ശരീരത്തിലെത്തി ഉണ്ടാകുന്ന രോഗമാണ് ടൈഫോയിഡ്. ക്ഷീണം, വിശപ്പില്ലായ്മ, നീണ്ടുനിൽക്കുന്ന പനി, വയറിളക്കം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. രക്തപരിശോധനയിലൂടെ മാത്രമേ രോഗനിർണയം സാധിക്കുകയുള്ളൂ. നിലവിൽ ജില്ലയിൽ ആറ് സ്ഥിരീകരിക്കാത്ത ടൈഫോയ്ഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചിക്കൻ പോക്സ്, മഞ്ഞപ്പിത്തം, എലിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ, പോലെയുള്ള മറ്റ് രോഗങ്ങളും മഴക്കാലത്ത് പിടിപെടാൻ സാധ്യത ഉള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാൻ ശ്രദ്ധിക്കണം. ജലദോഷം, പനി, വയറിളക്കം തുടങ്ങിയ രോഗ ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്. സ്വയം ചികിത്സ നടത്താതെ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തേണ്ടതാണ്. വ്യക്തി ശുചിത്വം പാലിക്കുന്നത് അടക്കമുള്ള മുൻ കരുതലുകൾ സ്വീകരിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.