ഇടുക്കി: ജില്ലയില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രതിവാര വെക്ടര്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈറിസ്‌ക് ഹോട്ട്‌സ്‌പോട്ടുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കോടിക്കുളം പഞ്ചായത്തിലെ വണ്ടമറ്റം പ്രദേശം, വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ മുങ്കലാര്‍ സെക്കന്‍ഡ് ഡിവിഷന്‍ എന്നീ ഭാഗങ്ങളാണ് പ്രധാന സാധ്യതാ സ്ഥലങ്ങള്‍ (ഹോട്ട് സ്‌പോട്ട്).
ജില്ലയില്‍ ഹൈ റിസ്‌ക് റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ കൊതുകു ജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നീ രോഗസാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുകു വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരപ്രദേശങ്ങളിലോ ഇല്ല എന്ന് ജനങ്ങൾ ഉറപ്പാക്കണം. വീടിന്റെ ഉള്ളിലും പുറത്തും അടുത്തുള്ള പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കരുത്.
കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കളിപ്പാട്ടങ്ങള്‍, റബര്‍ടാപ്പിംഗ് ചിരട്ടകള്‍, കൊക്കോ തോടുകള്‍, കമുകിന്റെ പോളകള്‍, വീടിന്റെ സണ്‍ ഷെയ്ഡുകള്‍, വെള്ളം നിറച്ച അലങ്കാര കുപ്പികള്‍, ഉപയോഗ ശൂന്യമായ ടാങ്കുകള്‍, ടയറുകള്‍, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, പാറയുടെ പൊത്തുകള്‍, മുളങ്കുറ്റികള്‍ കുമ്പിള്‍ ഇലകളോടുകൂടിയ ചെടികള്‍, മരപ്പൊത്തുകള്‍ തുടങ്ങി ഒരു സ്പൂണില്‍ താഴെ വെള്ളം പോലും ഒരാഴ്ച തുടര്‍ച്ചയായി കെട്ടി നിന്നാല്‍ കൊതുകുകള്‍ വളരുന്ന സാഹചര്യമുണ്ടാകും.
ഇവ ഇല്ലാതാക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിനുള്ള ശ്രദ്ധ നല്‍കണമെന്നും മുട്ടയില്‍ നിന്നും കൊതുക് രൂപത്തിലേക്ക് എത്തുന്നതിന് ഒരാഴ്ചയോളം സമയമെടുക്കുന്നതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ പരിശോധിച്ച് ഒഴിവാക്കുന്നതിന് ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആചരിക്കണമെന്നും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ മനോജ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.