ഡെങ്കിപ്പനിക്കെതിരെ 7 ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ഡെങ്കിപ്പനി കേസുകൾ കൂടി നിൽക്കുന്ന ജില്ലകൾക്കാണ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയത്. മറ്റ് ജില്ലകളും ജാഗ്രത പുലർത്തണം.
എല്ലാ ജില്ലകളിലും കൊതുക് നശീകരണ പ്രവർത്തനങ്ങളും ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തണം. തുടർച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും അവബോധ പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.
ജില്ലകളിലെ സ്ഥിതി വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. എറണാകുളം ജില്ലയുടെ സ്ഥിതി പ്രത്യേകം വിലയിരുത്തി. ഓരോ ജില്ലകളും ആക്ഷൻ പ്ലാനനുസരിച്ച് പ്രവർത്തനങ്ങൾ നടത്തണം. ഇത് കൃത്യമായി വിലയിരുത്തുകയും വേണം. വാർഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം. സംസ്ഥാനതലത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കാനും തീരുമാനമായി.
വെക്ടർ കൺട്രോൾ യൂണിറ്റുകളെ ജില്ലാ ആരോഗ്യ വിഭാഗം ഫലപ്രദമായി ഉപയോഗിക്കണം. ആവശ്യമായ ഹൈ റിസ്‌ക് പ്രദേശങ്ങളിൽ ഡിവിസി യൂണിറ്റുകളെ വിന്യസിച്ച് പ്രവർത്തനങ്ങൾ നടത്തണം. ഇതിനുവേണ്ട മാർഗനിർദേശങ്ങൾ അതത് സ്ഥലങ്ങളിൽ നിന്നു തന്നെ നൽകണം. ആഴ്ചയിലുള്ള റിപ്പോർട്ട് ജില്ലാതലത്തിൽ വിലയിരുത്തണമെന്നും മന്ത്രി നിർദേശം നൽകി.
നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കണം. പനി ബാധിച്ച് സങ്കീർണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാൽ പനി ബാധിച്ചാൽ മറ്റ് പകർച്ചപ്പനികളല്ലെന്ന് ഉറപ്പ് വരുത്തണം. കൊതുവിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേയിൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം.
അടഞ്ഞുകിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ, ഉപയോഗശൂന്യമായ ടയറുകൾ, ബ്ലോക്കായ ഓടകൾ, വീടിനകത്തെ ചെടികൾ, വെള്ളത്തിന്റെ ടാങ്കുകൾ, ഹാർഡ് വെയർ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കൊതുക് പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഫോഗിംഗ് ശാസ്ത്രീയമാക്കണം. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തണം. സ്ഥാപനങ്ങൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ എന്നിവ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.
Health Minister Veena George said a special alert has been issued in 7 districts against dengue fever. A special alert has been given to the districts where dengue fever cases like Thiruvananthapuram, Kollam, Alappuzha, Ernakulam, Palakkad, Kozhikode, and Malappuram are increasing. Other districts should also be cautious.
ബന്ധപ്പെട്ട വാർത്തകൾ: ഡെങ്കിപ്പനിക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടാക്കണം; മന്ത്രി വീണാ ജോർജ്ജ്