എറണാകുളം: പട്ടികജാതി കുടുംബങ്ങളുള്ള കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയിലൂടെ പാമ്പാക്കുട പഞ്ചായത്തിലെ അയ്യന്താനം കോളനി വികസന പാതയിൽ. പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കോളനിയിൽ നടപ്പിലാക്കുന്നത്.
കോളനിയിൽ താമസിക്കുന്ന കുടുംബങ്ങളിൽ നിലവിൽ താമസയോഗ്യമല്ലാത്തതും തകരാറിലുമായ വീടുകൾ പദ്ധതിയുടെ ഭാഗമായി പുതുക്കി പണിയും. 29 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. 8,84,008 രൂപ ചിലവിൽ റോഡിൻ്റെ നവീകരണ പ്രവർത്തികൾ പൂർത്തീകരിക്കും.
ഡ്രൈനേജ് സംവിധാനം, നടപ്പാത നിർമ്മാണം, സംരക്ഷണഭിത്തി നിർമ്മാണം തുടങ്ങിയ പ്രവർത്തികളും പദ്ധതിയുടെ ഭാഗമായി സമയബന്ധിതമായി പൂർത്തീകരിക്കും. ജില്ലാ നിർമ്മിതി കേന്ദ്രയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
പട്ടിക ജാതി കോളനികളെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പട്ടിക വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് അംബേദ്കർ വികസന പദ്ധതി നടപ്പിലാക്കുന്നത്. നാൽപതിൽ അധികം കുടുംബങ്ങൾ താമസിക്കുന്ന വികസന പ്രവർത്തനങ്ങൾ ആവശ്യമുള്ള കോളനികളെയാണ് പദ്ധതി പ്രകാരം തിരഞ്ഞെടുക്കുന്നത്.