കുടുംബശ്രീ ദേശീയ സരസ് മേളയിലൂടെ ഇന്ത്യൻ ഗ്രാമീണ ഉത്പന്ന വിപണിയുടെ കോട്ടയായി ആശ്രാമം മൈതാനം. ഇതരസംസ്ഥാനങ്ങളിലെ ഉത്പന്നങ്ങൾ പരിചയപ്പെടാനും വാങ്ങാനുമുള്ള അവസരമാണ് മേളയിലൂടെ കുടുംബശ്രീ ഒരുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുമുള്ള വനിതാ സംരംഭകരാണ് ഉത്പന്നങ്ങളുമായി മേളയ്ക്ക് എത്തിയിട്ടുള്ളത്.
കേരളത്തിലെ 14 ജില്ലകളിൽനിന്നുള്ള കുടുംബശ്രീ സംരംഭകരും മേളയുടെ ഭാഗമാകുന്നുണ്ട്. ഉത്തർപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ, ഒഡീഷ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ജമ്മുകശ്മീർ, ഹരിയാന , അസം, അരുണാചൽ പ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കൈത്തറി വസ്ത്രങ്ങൾ, ബെഡ് ഷീറ്റുകൾ, ചുരിദാറുകൾ, കുർത്തകൾ, കറി പൗഡറുകൾ, ഡ്രൈ ഫ്രൂട്ട്സ്, ഭക്ഷ്യോത്പന്നങ്ങൾ, അലങ്കാരവസ്തുക്കൾ അങ്ങനെ മേളയ്ക്ക് മാറ്റുകൂട്ടുന്ന വസ്തുക്കൾ ഏറെയാണ്. 100 രൂപ മുതൽ 1,500 രൂപവരെയുള്ള കൈത്തറി ഉത്പന്നങ്ങളാണ് വിപണിയിലുള്ളത്.
രാജ്യത്തെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിയാണ് മേള സംഘടിപ്പിക്കുന്നതെന്നു സംഘാടകർ പറഞ്ഞു. 250 സംരംഭകരാണ് വിപണന സ്റ്റാളുകളിലൂടെ മേളയുടെ ഭാഗമാകുന്നത്. 90 സ്റ്റാളുകൾ ഇതര സംസ്ഥാനക്കാരുടേതാണ്. കരകൗശല വസ്തുക്കൾ, കൈത്തറി-ഭക്ഷ്യ ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയുമാണ് മേളയുടെ പ്രത്യേകത.
30 സംസ്ഥാനങ്ങളിൽനിന്നുള്ള നൂറോളം ഭക്ഷ്യസേവന വനിതാസംരംഭകരാണ് 'കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ടിൽ' അണിനിരക്കുന്നത്. ഭക്ഷ്യമേളയിൽ 16 സംരംഭകരാണ് ഇതരസംസ്ഥാന രുചികളൊരുക്കുന്നത്. സമകാലിക വിഷയങ്ങളെ ആധാരമാക്കി സെമിനാറുകൾ, ചർച്ചകൾ, ഓപ്പൺ ഫോറങ്ങൾ, കലാപരിപാടികൾ തുടങ്ങിയവയും ഉണ്ടാകും. മേള മേയ് ഏഴിനു സമാപിക്കും. പ്രവേശനം സൗജന്യമാണ്. സമയം രാവിലെ ഒൻപതു മുതൽ രാത്രി 10 മണിവരെ .