എറണാകുളം: കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കി വരുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ "കൃഷിക്ക് ഒപ്പം കളമശ്ശേരി" യുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാർഷികോത്സവം 2023ന്റെ സ്വാഗത സംഘം ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിൽ തുടങ്ങാം ജൈവ പച്ചക്കറി കൃഷി
കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 20 മുതൽ 27വരെയാണ് കളമശ്ശേരിയിൽ കാർഷികോത്സവം സംഘടിപ്പിക്കുന്നത്. പ്രാദേശിക കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ആരോഗ്യദായക സമീകൃത ഭക്ഷ്യമേളയുമാണ് കാർഷികോത്സവത്തിന്റെ മുഖ്യ ആകർഷണം. 60ൽ പരം സ്റ്റാളുകളാണ് മേളയിൽ സന്ദർശകർക്കായി ഒരുക്കുന്നത്.
ഫലം, പച്ചക്കറി, നെൽകൃഷി, ക്ഷീര കർഷകർ, മുട്ടക്കോഴി, പക്ഷി വളർത്തൽ, മത്സ്യകൃഷി തുടങ്ങി മണ്ഡലത്തിലെ വിവിധ മേഖലയിലെ കർഷകരെ ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയുമാണ് കാർഷികോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. നേതൃത്വ പരിശീലന ക്യാമ്പും കർഷകരുടെ സംഗമവും കാർഷികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
കളമശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തിലാണ് സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചത്. മുപ്പത്തടം സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് വി.എം ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വി രവീന്ദ്രൻ, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, പദ്ധതി കോഓഡിനേറ്റർ വിജയൻ എന്നിവർ പങ്കെടുത്തു.