ആലപ്പുഴ: മുന്‍ഗണനേതര വിഭാഗം സബ്സിഡി കാര്‍ഡുടമകള്‍ക്കുള്ള (നീല കാര്‍ഡ്) ഭക്ഷ്യധാന്യ കിറ്റ് വിതരണം ജില്ലയില്‍ ഇന്നുമുതല്‍(മെയ് 8) ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പി.മുരളീധരന്‍ നായര്‍ അറിയിച്ചു. 1,63, 024 കാര്‍ഡുടമകളാണ് ഈ വിഭാഗത്തില്‍ ഉള്ളത്. പൊതുവിഭാഗം സബ്സിഡി നീല കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍കാര്‍ഡ് നമ്പറിന്‍റെ അവസാന അക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് കിറ്റ് വിതരണം. കാര്‍ഡിലെ ആവസാന അക്കം 0 വരുന്നവര്‍ മെയ് 8നും 1 വരുന്നവര്‍ മെയ് 9നും 2,3 അക്കത്തില്‍ അവസാനിക്കുന്നവര്‍ മെയ് 11നും 4,5 അക്കത്തില്‍ അവസാനിക്കുന്നവര്‍ മെയ് 12നും 6,7 അക്കത്തില്‍ അവസാനിക്കുന്നവര്‍ മെയ് 13നും 8,9 അക്കത്തില്‍ അവസാനിക്കുന്നവര്‍ മെയ് 14 നുമാണ് കിറ്റ് വാങ്ങാനായി എത്തേണ്ടത്. റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് ഭക്ഷ്യ വകുപ്പ് ഈ ക്രമീകരണം വരുത്തിയിട്ടുള്ളത്. നിലവില്‍ ജില്ലയില്‍ സൗജന്യ കിറ്റ് വിതരണം സുഗമമായി പുരോഗമിക്കുകയാണ്. 2,41,041 പിങ്ക് കാര്‍ഡുടമകളില്‍ 2,34509 പേരും സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വാങ്ങിക്കഴിഞ്ഞു. 97.29 ശതമാനം വരുമിത്. മഞ്ഞ കാര്‍ഡുകാരില്‍ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം 99.72 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു.
40,641 കാര്‍ഡുടമകളില്‍ 40263 പേരും കിറ്റ് വാങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. എ.വൈ, പി.എച്ച്.എച്ച്.(മഞ്ഞ്, പിങ്ക്)കാര്‍ഡുടമകളില്‍ കിറ്റ് വാങ്ങാത്തവര്‍ക്ക് ഇനിയും ഇത് വാങ്ങാം.
എല്ലാ കാര്‍ഡുടമകളും ഈ മാസത്തെ പതിവ് റേഷന്‍ മെയ് 20ന് മുമ്പ് വാങ്ങണമെന്ന് ഭക്ഷ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. റേഷന്‍ വിതരണം സുഗമമാക്കുന്നതിനാണിത്. കേന്ദ്രത്തിന്‍റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കുള്ള കടല/ചെറുപയര്‍ വിതരണം ഇപ്പോള്‍ നടന്നുവരുന്നു. മെയ് 15 വരെ ഇത് വാങ്ങാം.
മെയ്, ജൂണ്‍ മാസത്തേക്കുള്ള എ.എ.വൈ, പി.എച്ച്.എച്ച് കാര്‍ഡുകാര്‍ക്ക് പ്രതിമാസം ഓരോ കിലോ വീതമുള്ള കടല/ചെറുപയര്‍ ഈ മാസം തന്നെ കൊടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മെയ് 20 മുതല്‍ ഇതിന്‍റെ വിതരണവും ആരംഭിക്കും. മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള മെയ് മാസത്തെ ആളൊന്നിന് അഞ്ച് കിലോഗ്രാം അരി വിതരണവും ഈ മാസം 20ന് ആരംഭിക്കും. ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് റേഷന്‍ വിതരണം സംസ്ഥാനത്ത് പുരോഗമിക്കുന്നത്.