തൃശ്ശൂർ: ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി പടർന്നതിനെ തുടർന്ന് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ദയാവധം ചെയ്യപ്പെട്ട് പന്നികള്‍ നഷ്ടപ്പെട്ട കർഷകർക്കുളള നഷ്ടപരിഹാര തുകയുടെ വിതരണോദ്ഘാടനം ഇന്ന് (ഡിസംബർ 16). തൃശൂർ ജില്ലാ ആസൂത്രണഭവൻ ഹാളിൽ ഉച്ചയ്ക്ക് 1.30ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി നഷ്ടപരിഹാര വിതരണം നിർവഹിക്കും.
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നാഷണൽ ആക്ഷൻ പ്ലാൻ പ്രകാരം കോടശ്ശേരി, കടങ്ങോട് പഞ്ചായത്തുകളിൽ കള്ളിംഗ് ആന്റ് ഡിസ്പോസൽ നടത്തിയ പന്നി വളർത്തൽ കർഷകർക്കാണ് നഷ്ടപരിഹാരം നൽകുന്നത്. കോടശ്ശേരി പഞ്ചായത്തിലെ ഒരു കർഷകനും കടങ്ങോട് പഞ്ചായത്തിലെ 11 കർഷകർക്കുമായി 75,74,757 രൂപ വിതരണം ചെയ്യും.
ഒക്ടോബർ മാസം മുതൽ ഇതുവരെ ചേർപ്പ്, അതിരപ്പിള്ളി, കോടശ്ശേരി, കടങ്ങോട് പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഓരോ പ്രദേശങ്ങളിലെയും അസുഖം സ്ഥിരീകരിച്ച ഫാമുകളിലും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റു ഫാമുകളിലും ഉള്ള പന്നികളെ നാഷണൽ ആക്ഷൻ പ്ലാൻ പ്രകാരം ദയാവധത്തിന് വിധേയമാക്കി മറവു ചെയ്തു. ഇപ്രകാരം 15 ഫാമുകളിൽ നിന്നായി 1340 പന്നികളെ ദയാവധത്തിന് വിധേയമാക്കിയിട്ടുണ്ട്. ചേർപ്പ്, അതിരപ്പിള്ളി പഞ്ചായത്തുകളിലെ മൂന്ന് കർഷകർക്കായി 14,94,400 രൂപ കഴിഞ്ഞ ഒക്ടോബർ 30ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കൈമാറിയിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പന്നികളെ എങ്ങനെ വളർത്താം, വിദഗ്ദ്ധരിൽ നിന്ന് പഠിക്കാം
കള്ളിങ്ങിന് വിധേയമാക്കേണ്ടി വന്ന പന്നികളെ വളർത്തി വന്ന കർഷകർക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് സർക്കാർ ധനസഹായം നൽകുന്നത്. നഷ്ടപരിഹാര തുകയുടെ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും ആണ്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ആറുമാസക്കാലത്തോളം നിരീക്ഷണനടപടികൾ നടത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
കള്ളിംഗ് നടപടികളിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് അഭിനന്ദന സാക്ഷ്യപത്രവും ചടങ്ങിൽ വിതരണം ചെയ്യും. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. സനീഷ് കുമാർ ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെഎസ് ജയ, കോടശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലി, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഒ ജി സുരജ, ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ പി ഫ്രാൻസിസ് ബാസ്റ്റിൻ, അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് ഡോ. ലത മേനോൻ തുടങ്ങിയവർ പങ്കെടുക്കും.