Updated on: 23 August, 2022 10:05 AM IST

1. വികസനവും കരുതലുമായി കേരള സർക്കാർ മുന്നോട്ട്, ഓണക്കിറ്റ്‌ വിതരണത്തിന് ഇന്ന് തുടക്കം കുറിച്ചു. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പതിനാല്‌ ഇനങ്ങളാണ്‌ കിറ്റിലുള്ളത്‌. 87 ലക്ഷത്തിലധികം കുടുംബങ്ങളിലേക്ക്‌ സർക്കാരിന്റെ ഓണസമ്മാനം എത്തും. കൂടാതെ രണ്ടു മാസത്തെ ക്ഷേമ പെൻഷനുകളുടെ വിതരണം അടുത്ത ആഴ്ച ആരംഭിക്കും.

3,200 രൂപ വീതം 57 ലക്ഷം പേർക്കാണ് ലഭിക്കുക. മഞ്ഞ കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 23, 24 തീയതികളിലും, പിങ്ക് കാർഡുകാർക്ക് 25, 26, 27 തീയതികളിലും, നീല കാർഡുകാർക്ക് 29, 30, 31 തീയതികളിലും, സെപ്റ്റംബർ 1, 2, 3 തീയതികളിൽ വെള്ള കാർഡുകാർക്കും കിറ്റ് ലഭിക്കും. ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് സെപ്റ്റംബർ 4 മുതൽ 7 വരെ വാങ്ങാം. സംസ്ഥാനത്തെ 890 ക്ഷേമസ്ഥാപനങ്ങളിലെ 37,634 പേർക്കും 119 ആദിവാസി ഊരുകളിലും കിറ്റുകൾ വീട്ടുപടിക്കൽ എത്തിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ‘ഇലക്‌ട്രോണം ഉത്സവം’ മെഗാ ഓഫറുകളുമായി ക്രോമ ഓണം ആഘോഷിക്കുന്നു

2. കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് 8.33 ശതമാനം ബോണസായി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 30 ദിവസത്തിൽ കുറയാതെ ഹാജരായവർക്കും, പ്രതിമാസം 24,000 രൂപ വരെ ശമ്പളമുള്ള സ്ഥിരം ജീവനക്കാർക്ക് 6,996 രൂപയാണ് ബോണസായി ലഭിക്കുക. പ്രതിമാസം 24,000 രൂപ ശമ്പളമുള്ള 180 ദിവസം ഹാജരായ താത്കാലിക -കരാർ തൊഴിലാളികൾക്ക് 3,750 രൂപ ബോണസ് ലഭിക്കും. സ്ഥിരം ജീവനക്കാർക്ക് 10 ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ 25,000 രൂപ ഫെസ്റ്റിവൽ അഡ്വാൻസ് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

3. ഭിന്നശേഷിക്കാർക്കായി സഹകരണ ബാങ്കുകൾ മുഖേന വിതരണം ചെയ്തത് 4.1 കോടിയുടെ തൊഴിൽ വായ്പ. സഹകരണ വകുപ്പിന്റെ 'സഹകരണം സൗഹൃദം പദ്ധതി' വഴിയാണ് വായ്പ നൽകിയത്. ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി വഴി ഇതിനകം 550 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ഒരാൾക്ക് പരമാവധി മൂന്നു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. ഇതുവരെ 500 ഓളം പേർക്ക് പദ്ധതി വഴി ആനുകൂല്യം ലഭിച്ചു. 49.5 ലക്ഷം രൂപയുടെ 65 വായ്പകൾ വിതരണം ചെയ്ത കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്.

4. സംസ്ഥാനത്ത് ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഒരു വർഷത്തിൽ 17,586 എ.എ.വൈ കാർഡുകളും 2,64,058 പി.എച്ച്.എച്ച് കാർഡുകളും വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. മുൻഗണന റേഷൻ കാർഡുകൾ ലഭിക്കുന്നതിനായി സെപ്റ്റംബർ 13 മുതൽ വീണ്ടും ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അക്ഷയ സെന്റർ മുഖേനയോ, സിറ്റിസൺ ലോഗിൻ വഴിയോ, civisupplieskerala.gov.inലൂടെയോ അപേക്ഷകൾ സമർപ്പിക്കാം.

5. ഹിറ്റായി ലക്കി ബിൽ ആപ്പ്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ്പിലേക്ക് ആദ്യത്തെ മൂന്ന് ദിവസം ലഭിച്ചത് 13,429 ബില്ലുകൾ. ബില്ലുകൾ അപ്ലോഡ് ചെയ്യുന്നവരെ പ്രതിദിന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് വിജയികളുടെ വിവരങ്ങൾ ചരക്ക് സേവന നികുതി വകുപ്പിന്റെ ഫെയ്സ്ബുക്ക് പേജിലും വെബ്സൈറ്റിലും ലഭ്യമാക്കും.

പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന ആൾക്ക് 10 ലക്ഷം രൂപയും, രണ്ടാം സമ്മാനം 2 ലക്ഷം രൂപ വീതം 5 പേർക്കും, മൂന്നാം സമ്മാനം 1 ലക്ഷം രൂപ വീതം 5 പേർക്കും ലഭിക്കും. ബമ്പർ സമ്മാന വിജയിക്ക് 25 ലക്ഷം രൂപയാണ് സമ്മാനം. പൊതുജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ നേരിട്ട് വകുപ്പിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ലക്കി ബിൽ ആപ്പ്' പുറത്തിറക്കിയത്. ഗൂഗിൾ പ്‌ളേസ്റ്റോറിൽ നിന്നോ, www.keralataxes.gov.in എന്ന വെബ്സൈറ്റിൽ നിന്നോ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.

6. കൊപ്രയുടെ താങ്ങുവില വർധിപ്പിക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കേരളത്തിലെ നാളികേര ഉൽപാദനത്തിന്റെ അടിസ്ഥാനത്തിൽ കൊപ്രയുടെ താങ്ങുവിലയിൽ വർധന ഉണ്ടാകണമെന്ന് കേന്ദ്രവിലനിർണയ കമ്മിഷനോട് കൃഷിമന്ത്രി ആവശ്യപ്പെട്ടു. 2023ലേക്കുള്ള കൊപ്രയുടെ താങ്ങുവില നിർണയിക്കുന്നതിനുള്ള അഗ്രികൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസ് കമ്മിഷന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേര മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

7. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലാബ് പരിശോധന ഫലങ്ങള്‍ മൊബൈല്‍ ഫോണിൽ ഉടന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇമ്പ്രൂവ്‌മെന്റ് ഇനിഷേറ്റീവിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ലാബ് സാമ്പിള്‍ കളക്ഷന്‍ സെന്ററും, ടെസ്റ്റ് റിസള്‍ട്ട് സെന്ററും ഏകീകരിച്ചു.

രോഗികൾക്ക് അവരുടെ പരിശോധനാഫലങ്ങൾ അതാത് ബ്ലോക്കുകളില്‍ തന്നെ ലഭ്യമാകും. ഫോണ്‍ നമ്പര്‍ വെരിഫിക്കേഷന്‍ കഴിഞ്ഞ രോഗികള്‍ക്ക് സേവനം ലഭിക്കും. ഒപി രജിസ്‌ട്രേഷന്‍ സമയത്തോ ലാബില്‍ ബില്ലിംഗ് ചെയ്യുന്ന സമയത്തോ മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ ചെയ്യാം. ടെസ്റ്റ് മെസേജായി മൊബൈലിൽ വരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പരിശോധനാ ഫലം ലഭിക്കും.

8. നൈപുണ്യവികസനം ലക്ഷ്യമിട്ട് കളമശ്ശേരി മണ്ഡലത്തിൽ കൗശൽ കേന്ദ്ര സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് മുഖേനയാണ് പുതിയ കേന്ദ്രം ആരംഭിക്കുക. ആധുനികവും പരമ്പരാഗതവുമായ തൊഴിൽ പരിശീലനത്തിന് പ്രാധാന്യം നൽകുന്ന വിവിധ കോഴ്സുകൾ കൗശൽ കേന്ദ്രയിൽ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന സ്കില്ലിംഗ് കളമശ്ശേരി യൂത്ത് പദ്ധതിയുടെ ഭാഗമായാണ് കൗശൽ കേന്ദ്ര സ്ഥാപിക്കുന്നത്.

9. വാട്ടര്‍ഷെഡ് മാനേജ്‌മെന്റിലേക്ക് ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത അല്ലെങ്കില്‍ ബി.പി.പി.ആണ് അപേക്ഷിക്കാനുള്ള യോഗ്യത. 10,600 രൂപയാണ് കോഴ്സിന്റെ ഫീസ്. അപേക്ഷകള്‍ ഈ മാസം 25ന് മുമ്പായി www.ignou.ac.in എന്ന വെബ്സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2339899 എന്ന നമ്പരിലോ, 0474 2476020 എന്ന നമ്പറിലോ ബന്ധപ്പെടാം.

10. കാർഷിക മേഖലയിലെ നാല് തൊഴിൽ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നു. കാർഷിക പ്രവർത്തനങ്ങൾ, ക്ഷീരമേഖല, തേനീച്ച വളർത്തൽ, മത്സ്യബന്ധനം എന്നീ മേഖലകളിലാണ് സൗദിവൽക്കരണ പദ്ധതികൾ നടപ്പാക്കുന്നത്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇതിനകം 1,500 ലേറെ സൗദി യുവതീയുവാക്കൾക്ക് പരിശീലനം നൽകി കഴിഞ്ഞു. മത്സ്യബന്ധന മേഖലയിൽ 3,692 സ്വദേശികൾക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.

11. കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ മാസം 25 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആയിരിക്കും. അതിശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഇന്ന് മുതൽ 25 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

English Summary: Distribution of Onam kit started: Chief Minister inaugurated
Published on: 22 August 2022, 06:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now