പത്തനംതിട്ട: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സഹകരിച്ചു നടത്തിയ കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ജില്ലാതല സമ്മേളനവും മത്സരങ്ങളും പുല്ലാട് ഗവ.യു.പി സ്‌കൂളില്‍ നടന്നു.
പുല്ലാട് ഉപജില്ലാ എ.ഇ.ഒ. ബി.ആര്‍. അനില ഉദ്ഘാടനം നിര്‍വഹിച്ചു. പന്തളം എന്‍.എസ്.എസ് കോളജ് അസിസ്റ്റന്റ് പ്രൊഫസറും ജൈവവൈവിധ്യ ബോര്‍ഡ് ടെക്നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് മെമ്പറുമായ ഡോ. ആര്‍ ജിതേഷ് കൃഷ്ണന്‍ മുഖ്യ സന്ദേശം നല്‍കി.
ബന്ധപ്പെട്ട വാർത്തകൾ: പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി : രണ്ട് ലക്ഷം രാമച്ച തൈകള്‍ നടുന്നു
ചടങ്ങില്‍ വാര്‍ഡ് അംഗം പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, പുല്ലാട് ഗവ.യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുനി വര്‍ഗീസ്, പി.ടി.എ. പ്രസിഡന്റ് ബിനീഷ് തോമസ്, പ്രോഗ്രാം കോ-ഓര്‍ഡിനറ്ററും അധ്യാപകനുമായ കെ.കെ. സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.
കുട്ടികളില്‍ ജൈവവൈവിധ്യ അവബോധവും പരിസ്ഥിതി സംരക്ഷണ കാഴ്ചപ്പാടുകളും വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം. പ്രോജക്ട്, ഫോട്ടോഗ്രാഫി, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ഉപന്യാസം മത്സരങ്ങളിലായി എണ്‍പതോളം കുട്ടികള്‍ പങ്കെടുത്തു. സമാപന സമ്മേളനം പത്തനംതിട്ട ഐ.സി.എ.ആര്‍ കൃഷിവിജ്ഞാനകേന്ദ്രം സയന്റിസ്റ്റും സബ്ജെക്ട് എക്സ്പേര്‍ട്ടുമായ ഡോ. അലക്സ് ജോണ്‍ ഉദ്ഘാടനം ചെയ്യുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു.