സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മാത്രമായുളള സ്ഥാപനമാണ് ട്രഷറികള്‍ എന്നൊരു ധാരണ നിങ്ങള്‍ക്കുണ്ടോ ? എന്നാല്‍ തെറ്റി ഈ വിഭാഗത്തിലൊന്നും ഉള്‍പ്പെടാത്ത സാധാരണക്കാര്‍ക്കും ട്രഷറികളില്‍ സ്ഥിരനിക്ഷേപം നടത്താം.
വ്യവസായിയോ കര്‍ഷകനോ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനോ ആരായാലും ട്രഷറികളില്‍ പണമിടപാട് നടത്താനാകും. സംസ്ഥാനത്തെ ഏതൊരു പൗരനും ട്രഷറികളില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, സ്ഥിരനിക്ഷേപം എന്നിവ തുടങ്ങാനുളള അവസരമുണ്ട്. പല ധനകാര്യസ്ഥാപനങ്ങളുടെയും തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുന്ന ഈ സമയത്ത് സുരക്ഷിതനിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് ട്രഷറികള്‍ തെരഞ്ഞെടുക്കാം.
ട്രഷറികളില്‍ പണം നിക്ഷേപിക്കാന്‍ ജോലി ഒരു ഘടകമേയല്ല. നിങ്ങളുടെ കൈയ്യില്‍ നിക്ഷേപിക്കാനാവശ്യമായ തുകയുണ്ടെങ്കില്‍ ട്രഷറിയില്‍ നിക്ഷേപം തുടങ്ങാം. മതിയായ രേഖകള്‍ ഹാജരാക്കണമെന്നു മാത്രം. സുരക്ഷിത നിക്ഷേപത്തില്‍ നിന്ന് വരുമാനം നേടാനാഗ്രഹിക്കുന്നവര്‍ക്കുളള മികച്ച ഓപ്ഷനാണ് ട്രഷറി. ഇപ്പോള്‍ പലിശനിരക്ക് കുറച്ചിട്ടുണ്ടെങ്കിലും ബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതലാണ് ട്രഷറിയിലേത്.
ഏഴര ശതമാനമാണ് ഇപ്പോഴത്തെ ഏറ്റവും ഉയര്‍ന്ന പലിശ. നേരത്തെയിത് 8.5 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മുതലാണ് പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തിലായത്. ബാങ്കുകളില്‍ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയുളള നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനത്തില്‍ത്താഴെയാണ് പലിശ ലഭിക്കുന്നത്.
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോട്ടോ, കെവൈസി ഫോം, ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് അപേക്ഷ എന്നിവയാണ് ട്രഷറിയില്‍ നിക്ഷേപം ആരംഭിക്കുന്നതിനായി ആവശ്യമുളളത്. നിലവില്‍ സംസ്ഥാനത്തെ മറ്റേതൊരു സ്ഥാപനത്തെക്കാളും ഉയര്‍ന്ന ശതമാനം പലിശ ലഭിക്കുന്നത് ട്രഷറിയില്‍ത്തന്നെയാണ്.
പലിശ എല്ലാ മാസവും ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ സാധിക്കും. ട്രഷറികളില്‍ നിലവില്‍ ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യങ്ങളുമുണ്ട്. സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് വായ്പകള്‍ക്ക് ഉള്‍പ്പെടെ ജാമ്യമായി നല്‍കാനാകും. ചെക്ക് ബുക്ക് ലഭിക്കുന്നതുള്‍പ്പെടെയുളള സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാർജ് ഈടാക്കുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ട്രഷറിയില്‍ പണം നിക്ഷേപിക്കുന്നതിലൂടെ നാടിന്റെ വികസനത്തില്‍ കൂടിയാണ് നിങ്ങള്‍ പങ്കാളിയാകുന്നത്.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/news/the-good-news-interest-rates-on-fixed-deposits-will-be-raised/