കൊല്ലം: കശുവണ്ടി വ്യവസായത്തിനു ആഭ്യന്തര വിപണനം ഉറപ്പാക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. എന്‍ എസ് സഹകരണ ആശുപത്രിയില്‍ ആരംഭിച്ച കാപ്പക്‌സ് ക്യാഷൂസിന്റെ വില്പനകേന്ദ്രം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ ഭാഗമായാണ് എന്‍ എസ് സഹകരണ ആശുപത്രിയുടെ റിസപ്ഷനോട് ചേര്‍ന്ന് വില്പന കേന്ദ്രം തുടങ്ങിയത്.
കശുവണ്ടിയുടെ വില്പന വര്‍ധിപ്പിക്കാന്‍ മാര്‍ക്കറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പരമാവധി വിലക്കിഴിവില്‍ ഗുണനിലവാരമുള്ള കശുവണ്ടി ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. കഴിഞ്ഞ ഓണക്കാലത്ത് 450 ടണ്‍ കശുവണ്ടി പരിപ്പാണ് കിറ്റില്‍ ഉള്‍പ്പെടുത്തി നല്‍കിയത്. കശുവണ്ടി മേഖലയെ മുന്നോട്ടു കൊണ്ടുപോകാനും സംരക്ഷിക്കാനും സര്‍ക്കാരിന്റെ സഹായവും മന്ത്രി ഉറപ്പ് നല്‍കി.
പരമ്പരാഗത രീതിയില്‍ സംസ്‌കരിച്ചെടുക്കുന്ന വിവിധയിനം കശുവണ്ടി പരിപ്പുകള്‍ 'കാപ്പെക്‌സ് കാഷ്യൂസ്' എന്ന ബ്രാന്‍ഡില്‍ വിവിധ അളവുകളില്‍ ആകര്‍ഷകമായ പാക്കറ്റുകളിലായി ഓണക്കാലത്തെ വിലക്കിഴിവോടെയാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കാഷ്യു മില്‍ക്ക് അഥവാ കശുവണ്ടി പാലിന്റെ ഗുണങ്ങളും അത് തയ്യാറാക്കുന്ന വിധവും
എന്‍ എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രന്‍ അധ്യക്ഷനായി. ക്യാപക്സ് ചെയര്‍മാന്‍ എം ശിവശങ്കരപ്പിള്ള, എന്‍ എസ് സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് എ മാധവന്‍ പിള്ള, ക്യാപക്സ് ഡയറക്ടര്‍മാരായ സി മുകേഷ്, ആര്‍ മുരളീധരന്‍, റ്റി സി വിജയന്‍, പെരിനാട് മുരളി, എസ് എന്‍ സഹകരണ ആശുപത്രി സെക്രട്ടറി പി ഷിബു, ക്യാപ്ക്‌സ് മാനേജിങ് ഡയറക്ടര്‍ രാജേഷ് രാമകൃഷ്ണന്‍, കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ പി കുറുപ്പ്, എന്‍ എസ് ആശുപത്രി ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.