കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ ഇടിഞ്ഞിരുന്നു. ഇതോടെ സാധാരണ പൗരന് നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന വരുമാനവും കുറഞ്ഞു.
എന്നാൽ നിക്ഷേപ വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മുതിർന്ന പൗരൻമാരെ ബാങ്കുകൾ കൈയ്യൊഴിഞ്ഞില്ല. അവർക്ക് പലിശ കൂടിയ പ്രത്യേക പദ്ധതികള്‍ ബാങ്കുകൾ അവതരിപ്പിച്ചു. SBI, HDFC Bank, ICICI Bank, Bank of Baroda എന്നിവയാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചത്. കൊവിഡിനിടെ കഴിഞ്ഞ മെയിൽ ആരംഭിച്ച ഈ പദ്ധതികളിൽ ചേരാനുള്ള അവസാന അവസരം ഈ മാസം അവസാനിക്കുകയാണ്. മാർച്ച് 31വരെ മുതിർന്ന പൗരൻമാർക്ക് ഈ പദ്ധതികളിൽ ചേരാം.
എസ്ബിഐ വികെയർ (SBI Wecare)
മുതിർന്ന പൗരന്മാർക്കായി എസ്ബിഐ അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് 'SBI Wecare'. പദ്ധതി പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് നിലവിൽ ലഭിക്കുന്ന 50 ബേസിസ് പോയന്റിന് (BPS) പുറമെ 30 BPS അധിക പലിശ ലഭിക്കും. പൊതുജനങ്ങൾക്ക് ബാധകമായ നിരക്കിനേക്കാൾ 80 ബേസിസ് പോയിന്റ് അധിക പലിശയാണ് വികെയർ മുതിർന്ന പൗരൻമാർക്ക് വാഗ്ദാനം ചെയ്യുന്നത്.
5 വർഷം മുതൽ 10 വര്‍ഷം വരെയാണ് പദ്ധതി കാലാവധി. സാധാരണ 5 വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.4% പലിശയാണ് നൽകുന്നതെങ്കില്‍ വികെയർ നിക്ഷേപങ്ങൾക്ക് 6.2% പലിശയാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. മെച്യൂരിറ്റി കാലാവധിക്ക് മുമ്പ് നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ 30 ബിപിഎസ് അധിക പലിശ ലഭിക്കില്ല. കൂടാതെ നിക്ഷേപത്തിന് 5.9% പലിശ മാത്രമേ ലഭിക്കുകയുമുള്ളൂ.
മാസത്തിൽ ഒരിക്കലോ വര്‍ഷം നാല് തവണയായിട്ടോ ആണ് പലിശ ലഭിക്കുക. 50,000 രൂപയില്‍ കൂടുതലാണ് പലിശ വരുമാനമെങ്കില്‍ TDS പിടിച്ചതിന് ശേഷമായിരിക്കും തുക അക്കൗണ്ടില്‍ credit ചെയ്യുക. 60 വയസിന് മുകളിലുള്ള NRI അല്ലാത്തവര്‍ക്ക് മാത്രമാണ് പദ്ധതിയിൽ നിക്ഷേപം നടത്താനാകൂ. അടുത്തുള്ള SBI ശാഖ സന്ദര്‍ശിച്ചോ യോനോ ആപ്പ് വഴിയോ നെറ്റ് ബാങ്കിങിലൂടെയോ പദ്ധതിയിൽ ചേരാം.
ബാങ്ക് ഓഫ് ബറോഡ
മുതിർന്ന പൗരന്മാർക്കായി ബാങ്ക് ഓഫ് ബറോഡയും പ്രത്യേക എഫ്ഡി പദ്ധതി ആരംഭിച്ചിട്ടുണ്ട്. 100 ബിപിഎസ് പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് മുതല്‍ 10 വര്‍ഷം വരെയാണ് പദ്ധതി കാലാവധി. 6.25% മാണ് പലിശ.