ശ്വസിക്കാന്‍ മാത്രമല്ല കുടിക്കാനും വായു ഉപയോഗപ്പെടുത്താന്‍ മസ്കത്ത് സുല്‍ത്താനേറ്റ് ഒരുങ്ങുന്നു. രാജ്യത്തെ ദൂരെ പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്നതിന് അന്തരീക്ഷ വായുവില്‍നിന്ന് സാങ്കേതികവിദ്യ വഴി ശുദ്ധജലം ലഭ്യമാക്കുന്ന സാധ്യതകളാണ് പരിശോധിക്കുന്നത്. പൊതു ജല അതോറിറ്റി വവ വകുപ്പാണ് (ദിയം) വായുവിനെ വെള്ളത്തിൻ്റെ പുതിയ ഉറവിടമാക്കാനുള്ള സാങ്കേതികവിദ്യ പ്രായോഗികമാക്കാനുള്ള തയാറെടുപ്പ് നടത്തുന്നത്. കുറഞ്ഞ ചെലവിലുള്ള സാങ്കേതികവിദ്യ അടിസ്ഥാനമാക്കി വിദൂര പ്രദേശങ്ങളിലേക്കുള്ള സുസ്ഥിര കുടിവെള്ള വിതരണത്തിനായി അതോറിറ്റി പ്രാബല്യത്തില്‍ വരുത്താന്‍ ലക്ഷ്യമിടുന്ന രണ്ടു പദ്ധതികളിലൊന്നാണ് അന്തരീക്ഷ വായു അടിസ്ഥാനമാക്കിയുള്ള ശുദ്ധജല ഉല്പാദനം. അന്തരീക്ഷ ജല ജനറേറ്ററുകള്‍ എന്ന് അറിയപ്പെടുന്ന 'വാട്ടര്‍ ഫ്രം എയര്‍' സംവിധാനങ്ങള്‍ വഴി കുറഞ്ഞ അളവില്‍ വായുവില്‍നിന്ന് ശുദ്ധമായ ജലം ഉല്പാദിപ്പിക്കാനാകുമെന്ന് ദിയം ജനറല്‍ മാനേജര്‍ (ഓപറേഷന്‍സ്) അബ്ദുല്ല അല്‍ നഈമി പറഞ്ഞു.
ജല ജനറേറ്ററുകള്‍ ഉപയോഗിച്ച് ഈര്‍പ്പമുള്ള അന്തരീക്ഷ വായുവില്‍നിന്ന് വെള്ളം വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയാണിത്. വായുവിലുള്ള ജലബാഷ്പത്തെ ഘനീഭവിപ്പിച്ചാണ് ഇത് കൈവരിക്കുന്നത്. അത് പിന്നീട് ശുദ്ധീകരിച്ചാല്‍ കുടിക്കാന്‍ യോഗ്യമായ ശുദ്ധജലം ലഭിക്കും.സൂര്യന് അല്ലെങ്കില്‍ കാറ്റ് പോലുള്ള പുനരുപയോഗ ഊര്‍ജസ്രോതസ്സുകളുമായി സംയോജിപ്പിക്കുമ്പോൾ,കാര്‍ബണ്‍ ആഘാതം കൂടാതെ ഈ സംവിധാനങ്ങള്‍ക്ക് മിതമായതും എന്നാല്‍ സുസ്ഥിരവുമായ ശുദ്ധജലം ഉല്പാദിപ്പിക്കാന് കഴിയും.സുല്‍ത്താനേറ്റില്‍ പരീക്ഷിക്കാന്‍ പദ്ധതിയിടുന്ന മറ്റൊരു പദ്ധതി സൗരോര്‍ജത്തെ അടിസ്ഥാനമാക്കി കാര്‍ബണ്‍ ആഘാതമില്ലാതെ പൂര്‍ണമായും സുസ്ഥിര രീതിയില്‍ ശുദ്ധജലം ഉല്പാദിപ്പിക്കുന്നതിനുള്ള സുപ്രധാനവും നൂതനവുമായ സോളാര്‍ വാട്ടര്‍ ടെക്നോളജിയാണ്.