ഇ-റേഷൻ കാർഡ് പൈലറ്റ് പദ്ധതി ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 12) രാവിലെ 10ന് മാസ്‌കറ്റ് ഹോട്ടലിൽ ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ നിർവഹിക്കും.
ഇ-ആധാർ മാതൃകയിൽ സ്വയം പ്രിന്റ് ചെയ്തെടുക്കാൻ കഴിയുന്നതാണ് ഇലക്ട്രോണിക് റേഷൻ കാർഡ്(ഇ -റേഷൻ കാർഡ്). തിരുവനന്തപുരം നോർത്ത് സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്.
പി.ഡി.എഫ് രൂപത്തിലുള്ള ഇ- റേഷൻ കാർഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസൺ ലോഗിനിലോ ഓൺലാനായി ലഭിക്കും. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് (എൻ.ഐ.സി) ഇ- റേഷൻ കാർഡിന് ആവശ്യമായ സാങ്കേതിക സൗകര്യം ഒരുക്കിയത്.
ഇ-റേഷൻ കാർഡിനായി അക്ഷയ ലോഗിനിലൂടെയോ സിറ്റിസൺ ലോഗിനിലൂടെയോ ഓൺലൈനായി അപേക്ഷിക്കാം. ഇ-ട്രഷറി സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൗൺസിലർ ഡോ. റീന കെ.എസ്, ഭക്ഷ്യ സെക്രട്ടറി പി. വേണുഗോപാൽ, ഡയറക്ടർ ഹരിത വി കുമാർ, പത്തനംതിട്ട കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഢി, ഐ.ടി മിഷൻ ഡയക്ടർ എസ്. ചന്ദ്രശേഖരൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.