ഒട്ടുമിക്ക ബാങ്കുകളും ഇന്നത്തെ കാലത്ത് പേഴ്‌സണൽ ലോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വായ്‌പ ലഭിക്കാൻ കൂടുതൽ രേഖകളൊന്നും ആവശ്യമില്ല, മാത്രമല്ല കുറച്ച് ദിവസത്തിനുള്ളിൽ വായ്‌പ ലഭിക്കുകയും ചെയ്യും. സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങൾ മറികടക്കാൻ ആളുകൾ ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന മാർഗം വായ്പകളാണ്.
ഏതാനും മണിക്കൂറിനുള്ളിൽ തന്നെ മൊബൈൽ ആപ്ലിക്കേഷൻ വഴി വായ്‌പ അനുവദിക്കുന്ന ചില ഫിൻടെക് കമ്പനികളുമുണ്ട്. എങ്കിലും ക്രെഡിറ്റ് സ്കോർ, വായ്പാ തുക, വരുമാനം, മറ്റ് വായ്‌പകളുടെ തിരിച്ചടവ് തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചാ യിരിക്കും ഏതൊരു ധനകാര്യ സ്ഥാപനവും നിങ്ങൾക്ക് വായ്‌പ അനുവദിക്കുക.
ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോർ സാധാരണയായി 300-നും 900-നും ഇടയിലുള്ള ഒരു അക്കമായിരിക്കും. നിങ്ങൾക്ക് ലഭിക്കുന്ന സ്‌കോർ വളരെ താഴെയാണെങ്കിൽ നിങ്ങളുടെ വായ്‌പ തിരിച്ചടവിനുള്ള ശേഷിയും സാമ്പത്തിക അച്ചടക്കവും വളരെ കുറവാണെന്ന് അനുമാനിക്കാം. അതിനാൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് സ്കോർ പരിശോധിക്കുമ്പോൾ സ്കോർ 700-ന് മുകളിലായിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ പേഴ്‌സണൽ ലോൺ യോഗ്യത വർദ്ധിപ്പിക്കുന്നതിന് ചുവടെ സൂചിപ്പിച്ച കാര്യങ്ങൾ പിന്തുടരാൻ ശ്രമിക്കുക.
വായ്‌പ ഇഎംഐകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക
നിലവിലുള്ള വായ്‌പകളുടെ ഇഎംഐകൾ കൃത്യമായി അടയ്‌ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും. ഇങ്ങനെ കൃത്യമായി ഇഎംഐ പേയ്‌മെന്റ് അടയ്‌ക്കുന്നത് നിങ്ങൾക്ക് സാമ്പത്തിക അച്ചടക്കമുണ്ടെന്നും വായ്പകൾ തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടെന്നും അനുമാനിക്കാം. മറിച്ചാണെങ്കിൽ നിങ്ങൾക്ക് വായ്‌പകൾ അനുവദിക്കാൻ ബാങ്കുകളോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ മടിക്കും.
കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്‌ക്കുക
പേഴ്‌സണൽ ലോണിനുള്ള നിങ്ങളുടെ യോഗ്യത പരിഗണിക്കുമ്പോൾ ബാങ്കുകൾ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റ് ചരിത്രവും നിരീക്ഷിക്കും. നിശ്ചിത തീയതിക്കുള്ളിൽ തന്നെ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടച്ചുതീർക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിനും പേഴ്‌സണൽ ലോണിനുള്ള യോഗ്യത വർദ്ധിപ്പിക്കുന്നതിനും സഹായിക്കും
ഒന്നിലധികം ബാങ്കുകളിൽ വായ്‌പയ്‌ക്ക് അപേക്ഷിക്കരുത്
ഒന്നിലധികം ബാങ്കുകളിൽ വായ്‌പയ്‌ക്ക് അപേക്ഷിക്കാതെ, വിവിധ ബാങ്കുകളിൽ നിന്നുള്ള വായ്‌പകൾ താരതമ്യം ചെയ്‌തശേഷം മികച്ച ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ഒരേ ബാങ്കിൽ തന്നെ നിരവധി തവണ വായ്‌പയ്‌ക്ക് അപേക്ഷിക്കുന്നതും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയാൻ വഴിയൊരുക്കും