ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ ഉണ്ടാക്കുന്നത് ഗുരുതരമായ മാലിന്യ പ്രശ്നങ്ങൾ ആണ് . ഇതിന് പരിഹാരമായി പോളണ്ടിലെ ബയോട്രെ എന്ന കമ്പനി ഭക്ഷ്യയോഗ്യമായ പാത്രങ്ങള്‍ വികസിപ്പിച്ചിരിക്കുകയാണ്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗോതമ്പ് തവിടില്‍ നിര്‍മ്മിച്ച പാത്രങ്ങള്‍ കമ്പനി ആദ്യമായി അവതരിപ്പിച്ചത്.സുരക്ഷിതവും ആരോഗ്യദായകവുമായ ഗോതമ്പിലാണ് പ്ലേറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഭക്ഷണം വിളമ്പി കഴിച്ച ശേഷം പ്ലേറ്റും ധൈര്യമായി കഴിക്കാം. ഭക്ഷ്യ യോഗ്യമായ സ്പൂണുകളും ഫോര്‍ക്കുകളുമെല്ലാം കമ്പനി വികസിപ്പിച്ചിട്ടുണ്ട്.ഇനിയിപ്പോ വലിച്ചെറിഞ്ഞാല്‍ പോലും 30 ദിവസംകൊണ്ട് പൂര്‍ണമായും മണ്ണില്‍ അലിഞ്ഞുചേരുകയും ചെയ്യും.
പോളണ്ടിലെ സാംബ്രോവില്‍ ജേഴ്‌സി വൈസോക്ക് എന്ന വ്യക്തയാണ് ബയോട്രെം കമ്പനി ആരംഭിച്ചത്. ഗോതമ്പ് പൊടിയുണ്ടാക്കുമ്പോള്‍ മിച്ചം വരുന്ന തവിടാണ് പാത്രം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഭക്ഷ്യയോഗ്യമായ ഈ തവിടില്‍ വെള്ളംചേര്‍ത്ത് മെഷീനില്‍ കടുത്ത ചൂടില്‍ പ്ലേറ്റുകളും ബൗളുകളും ഫോര്‍ക്കുകളും ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഒരു ടണ്‍ ഗോതമ്പില്‍ നിന്ന് 10,000-ത്തോളം പ്ലേറ്റുകളുണ്ടാക്കാം.
തണുത്തതും ചൂടുള്ളതുമായ ഭക്ഷണം ഈ പാത്രങ്ങളിലൂടെ വിളമ്പാം. വര്‍ഷത്തില്‍ ഒന്നരക്കോടിയോളം പ്ലേറ്റുകളാണ് കമ്പനി നിര്‍മ്മിക്കുന്നത്. യൂറോപ്പിലേക്കും ഏഷ്യയിലേക്കും വടക്കേ അമേരിക്കയിലേക്കും ഓസ്ട്രിയയിലേക്കുമെല്ലാം പ്ലേറ്റുകള്‍ ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്. ദിനംപ്രതി പ്ലേറ്റിന് ആവശ്യക്കാര്‍ വർധിക്കുകയാണ്.ഗോതമ്പിനു പുറമേ, ബാര്‍ളി, ഓട്ട്‌സ്, മരച്ചീനി, കടല്‍പ്പായല്‍, ആല്‍ഗകള്‍ എന്നിവയില്‍നിന്നും പ്ലേറ്റുകളും സംഭരണികളും പാര്‍സല്‍ ബോക്‌സുകളും നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.