വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായും മറ്റും മീറ്റർ മറ്റൊരിടത്തേക്ക് മാറ്റി വയ്ക്കേണ്ടിവരാറുണ്ടല്ലോ ?
നിർമ്മാണാവശ്യങ്ങൾക്കും മറ്റുമായി തുടർന്നും വൈദ്യുതി കണക്ഷൻ ആവശ്യമുണ്ടെങ്കിൽ നിർദ്ദിഷ്ട രീതിയിലുള്ള മീറ്റർ ബോർഡ് സ്ഥാപിച്ചതിനു ശേഷം വേണം അപേക്ഷ നൽകാൻ.
ഈ മീറ്റർ ബോർഡിൽ RCCB (Earth leakage protection device) സ്ഥാപിക്കുകയും എർത്ത് ചെയ്തിരിക്കുകയും വേണം. മഴയും വെയിലുമേൽക്കാത്ത സംവിധാനവും ഉണ്ടായിരിക്കണം.
പണിപൂർത്തിയായതിനു ശേഷം വീട്ടിലേക്ക് മീറ്റർ മാറ്റി സ്ഥാപിക്കുമ്പോൾ ഉപഭോക്താവ് സ്വയം തയ്യാറാക്കിയ കണക്റ്റഡ് ലോഡ് സ്റ്റേറ്റ്മെന്റ് നിർദ്ദിഷ്ട അപേക്ഷാഫോമിൽ സമർപ്പിക്കണം.
വീട്ടു നമ്പരോ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റോ നിർബന്ധമല്ല.
ലൈസൻസ്ഡ് വയർമാൻ/ഇലക്ട്രിഷ്യൻ തയ്യാറാക്കിയ ടെസ്റ്റ് കം കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഉപഭോക്താവ് കൈവശം കരുതുകയും കെ എസ് ഇ ബി അധികൃതർ ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കുകയും വേണം. ഇത് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടതില്ല.
സമർപ്പിക്കേണ്ട രേഖകൾ :
1. നിർദ്ദിഷ്ട അപേക്ഷഫോം പൂരിപ്പിച്ച് അതത് സെക്ഷൻ ഓഫീസിൽ വേണം അപേക്ഷ നൽകാൻ.
2. മീറ്ററിന്റെ ഇപ്പോഴത്തെ സ്ഥാനവും മാറ്റിവയ്‌ക്കേണ്ട സ്ഥാനവും സൂചിപ്പിക്കുന്ന ചിത്രം (Sketch) കൂടി വയ്ക്കുന്നത് നന്നായിരിക്കും.
3. ID കാർഡിന്റെ കോപ്പി
4. താരിഫ് മാറ്റം ഉണ്ടെങ്കിൽ അതിനുള്ള അപേക്ഷയും ഇതോടൊപ്പം നൽകാവുന്നതാണ്.
കെ എസ് ഇ ബി കസ്റ്റമർ കെയർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഓൺലൈനായും അപേക്ഷ നൽകാം.
വീടിന്റെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് മീറ്റർ മാറ്റി വയ്ക്കാനും ഇതേ രീതിയിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കി അപേക്ഷ നൽകാം.
അധികമായി സർവ്വീസ് വയർ ആവശ്യമില്ലെങ്കിൽ സിംഗിൾ ഫെയ്സ് മീറ്റർ മാറ്റിവയ്ക്കാൻ അപേക്ഷാഫീസുൾപ്പെടെ 767 രൂപയും 3 ഫെയ്സിന് 1025 രൂപയും (ജി എസ് ടി ഉൾപ്പെടെ) ഫീസടയ്ക്കണം.