എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ക്ഷേമ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുന്ന എന്റെ കേരളം-2023 മെഗാ പ്രദര്‍ശനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. എറണാകുളം മറൈന്‍ഡ്രൈവില്‍ പവലിയന്‍ നിര്‍മ്മാണം ആരംഭിച്ചു. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനം ചെയ്തു.
ഏപ്രില്‍ ഒന്നിന് വൈകിട്ട് ഏഴിന് എറണാകുളം മറൈന്‍ഡ്രൈവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷേമ, വികസന പദ്ധതികൾ ജനങ്ങളുടെ കൽപ്പനപ്രകാരം നടപ്പാക്കും: മുഖ്യമന്ത്രി
ഏപ്രില്‍ ഒന്നു മുതല്‍ ഏഴ് വരെ മറൈന്‍ഡ്രൈവില്‍ വിപണന - പ്രദര്‍ശന, ഭക്ഷ്യ-കലാ മേളയാണ് സംഘടപ്പിച്ചിരിക്കുന്നത്. കേരളം ഒന്നാമതെത്തിയ നേട്ടങ്ങളുടെ പ്രദര്‍ശനം, ടൂറിസം നേട്ടങ്ങള്‍, സര്‍ക്കാരിന്റെ സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്ന സ്റ്റാളുകള്‍, യുവാക്കള്‍ക്ക് സേവനം നല്‍കുന്ന യൂത്ത് സെഗ്മെന്റ്, വിദ്യാഭ്യാസ, തൊഴില്‍, കിഫ്ബി ബ്ലോക്കുകളും വിപണന മേളയും പ്രദര്‍ശനത്തില്‍ ഉണ്ട്. പ്രത്യേക ഫുഡ് കോര്‍ട്ടും ഏഴു ദിവസവും കലാ പരിപാടികളും ഉണ്ടാകും. കുട്ടികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്‌സ് ആക്ടിവിറ്റി ഏരിയയും സജ്ജമാക്കും.
യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജുവല്‍, ഹുസൂര്‍ ശിരസ്തദാര്‍ അനില്‍കുമാര്‍ മേനോന്‍ ,വിവിധ വകുപ്പ് ജില്ലാതല മേധാവികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.