എറണാകുളം: പുകയില രഹിത വിദ്യാലയ ജില്ലയായി എറണാകുളത്തിനെ മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനും ജില്ലയിലെ പുകയില ഉപയോഗം നിയന്ത്രിക്കാന്‍ ശക്തമായ പരിപാടികള്‍ സ്വീകരിക്കാനും അസിസ്റ്റന്റ് കളക്ടര്‍ ഹര്‍ഷല്‍ ആര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുകയില നിയന്ത്രണ ജില്ലാതല കോ ഓഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: തൊണ്ടയിലുണ്ടാകുന്ന അണുബാധയ്ക്കുള്ള കാരണങ്ങളും പരിഹാരങ്ങളും
മാര്‍ച്ച് ആദ്യവാരം സ്‌കൂള്‍-കോളജ്തലത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മൂന്നുമാസത്തിനകം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പുകയില രഹിതമായി പ്രഖ്യാപിക്കും. തുടര്‍ന്ന് ജില്ലയെ പുകയില രഹിത വിദ്യാലയ ജില്ലയായി പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിക്കും. വിദ്യാലയങ്ങള്‍ക്ക് സമീപവും മറ്റും പുകയില നിയന്ത്രണ നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ലാ, ബ്ലോക്ക് തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കും. സ്‌കൂളുകളുടെ നൂറ് വാര ചുറ്റളവിലുള്ള പുകയില വില്‍പ്പന പൂര്‍ണ്ണമായും ഇല്ലാതാക്കും. മെയ് 31 ലോക പുകയില വിരുദ്ധ ദിനത്തില്‍ സ്‌കൂള്‍ തലത്തില്‍ ജനകീയ ക്യാംപയിനുകള്‍ നടത്തും.
ജില്ലയിലെ എല്ലാ പൊതുസ്ഥലങ്ങളും പുകവലി വിമുക്തമെന്ന് ഉറപ്പാക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. കടകള്‍, മറ്റ് സ്വകാര്യ സ്ഥാപങ്ങളിലെ ഉടമകള്‍ എന്നിവര്‍ക്ക് പരിശീലനം, ബോധവല്‍ക്കരണം, അറിയിപ്പ് എന്നിവ നല്‍കും. പൊതു സ്ഥലങ്ങളില്‍ പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ പിഴ ഈടാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളും കര്‍ശനമാക്കും.
പൊതുഇടങ്ങളിലെയും കടകളിലെയും പുകയില പരസ്യങ്ങള്‍ നീക്കം ചെയ്യാനും നടപടി സ്വീകരിക്കും. പുകയില വിമുക്തമാക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായികള്‍, ഹോട്ടല്‍ ഉടമകള്‍ എന്നിവരുടെ യോഗം വിളിക്കും. ജില്ലയിലെ അതിഥി തൊഴിലാളി മേഖലയില്‍ വലിയതോതിലുള്ള പുകയില ഉപയോഗം നിയന്ത്രിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ക്യാംപയിനുകള്‍ സംഘടിപ്പിക്കും. പുകയില വിമുക്തി ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എസ്.ശ്രീദേവി, ഡെപ്യുട്ടി ഡിഎംഒ ഡോ.കെ.സവിത, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.