ഭക്ഷണപദാര്‍ഥങ്ങളുടെ ഉപയോഗകാലം കണക്കില്‍ മാത്രമല്ല, കടയിലെ കണ്ണാടിക്കൂട്ടിലും എഴുതണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്. ജിലേബിയും ഹലുവയുമടക്കം പലവര്‍ണങ്ങളില്‍ ബേക്കറികളിലെ കണ്ണാടിക്കൂടുകളില്‍ തിളങ്ങുന്ന ഭക്ഷ്യവസ്തുക്കള്‍ക്കെല്ലാം ഉപയോഗകാലം കണ്ടെയ്‌നറുകളില്‍ എഴുതി സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. ഉത്പാദിപ്പിച്ച തീയതിയും എന്നുവരെ ഉപയോഗിക്കാനാവുമെന്നതും ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണുന്ന തരത്തിലാവണം എഴുതേണ്ടത്. ഇതിനായി ഓരോ ഉത്പന്നത്തിന്റെയും കാലാവധിയും ഉത്പാദനരീതിയും അടിസ്ഥാനമാക്കി അഞ്ചായിത്തിരിച്ചുള്ള പട്ടികയും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (ഫെസായ്) പുറത്തിറക്കി. ഇതിന്റെ
ചുവടുപിടിച്ചാവും ഉപയോഗകാലം കണ്ണാടിക്കൂട്ടില്‍ എഴുതേണ്ടത്.
നിര്‍ദേശം കര്‍ശനമായി നടപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ക്ക് ജൂണ്‍ ഒന്നുവരെ സമയമനുവദിച്ചിട്ടുണ്ട്. നിലവില്‍ പായ്ക്കുചെയ്ത ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തീയതിയും ഉപയോഗകാലവും പാക്കറ്റില്‍ എഴുതണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, കണ്ണാടിക്കൂട്ടില്‍ വില്പനയ്ക്കുവെക്കുന്നവയുടെ ഗുണനിലവാരമോ ആയുസ്സോ ഉപഭോക്താക്കള്‍ക്ക് അറിയാന്‍ മാര്‍ഗങ്ങളൊന്നുമില്ല.വില്പനക്കാരന്‍ പറയുന്ന തീയതി വിശ്വസിക്കുക മാത്രമേ ഉപഭോക്താക്കള്‍ക്ക് വഴിയുള്ളൂ. വാങ്ങുന്നവരുടെ അവകാശം 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വില്പനയ്ക്കുവെക്കുന്ന എല്ലാ ഭക്ഷണപദാര്‍ഥങ്ങളുടെയും ഉപയോഗകാലം ഉപഭോക്താവ് നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നിയമത്തിന്റെ 16(5) വകുപ്പുപ്രകാരമാണ് നടപടിയെന്ന് ഫെസായ് ജോയന്റ് ഡയറക്ടര്‍ പര്‍വീണ്‍ ജര്‍ഗാര്‍ വ്യക്തമാക്കി.