Updated on: 13 May, 2021 5:55 PM IST
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy Rainfall) സാധ്യത

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy Rainfall) സാധ്യത - വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

തെക്ക് കിഴക്കൻ അറബിക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ രൂപീകരണവും സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്. ആയതിനാൽ റെഡ് അലെർട്ടിന് സമാനമായ തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് നടത്തേണ്ടത്.

2021 മെയ് 14 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

2021 മെയ് 15 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

2021 മെയ് 16 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

എന്നീ  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശകതമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നി ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണെങ്കിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ പ്രവചിച്ച സാഹചര്യത്തിൽ റെഡ് അലേർട്ട്നു തുല്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്

2021 മെയ് 13 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം

2021 മെയ് 14 : തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

2021 മെയ് 15 : തിരുവനന്തപുരം, കൊല്ലം

2021 മെയ് 16 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

2021 മെയ് 17 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ

എന്നീ ജില്ലകളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

ശക്തമായ മഴയുണ്ടാവുന്ന സാഹചര്യത്തിൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും വെള്ളപ്പൊക്കം ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കർശനമായി നടപ്പിലാക്കുക.

ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ അപകട സാധയതയുള്ളവരെ ആവശ്യമായ ഘട്ടത്തിൽ മാറ്റി താമസിപ്പിക്കുക. ഇതിനായി മുൻകൂട്ടി ക്യാമ്പുകൾ ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കുക.

ആഴക്കടലിൽ മൽസ്യബന്ധനത്തിനായി പോയിരിക്കുന്ന മൽസ്യത്തൊഴിലാളികളിലേക്ക് മുന്നറിയിപ്പുകൾ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക. മൽസ്യബന്ധന ഗ്രാമങ്ങളിലും തുറമുഖങ്ങളിലും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പുകൾ അറിയിക്കേണ്ടതാണ്.

മേല്പറഞ്ഞ പ്രവർത്തനങ്ങൾക്കായി ഫിഷെറീസ്, കോസ്റ്റൽ പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റെവന്യൂ തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിക്കുക.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ, ശക്തമായ കാറ്റ് ജാഗ്രത നിർദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക. കാറ്റിൽ തകർന്ന് വീഴാൻ സാധ്യതയുള്ള പോസ്റ്റുകൾ, ഹോർഡിങ്ങുകൾ, മരങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുക. അപകട സാധ്യത പരമാവധി ലഘൂകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക.

അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും (Weather) കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്‌മമായി വിലയിരുത്തേണ്ടതുമാണ്.

ഡാമുകളുടെ റൂൾ curve കൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളിൽ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനും KSEB, ഇറിഗേഷൻ, KWA വകുപ്പുകൾക്ക് നിർദേശം നൽകേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.

താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24*7 മണിക്കൂറും പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ഇത്തരം മുന്നറിയിപ്പുകളുടെ ഘട്ടത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മറ്റ് സർക്കാർ സംവിധാനങ്ങളും ഏത് തരത്തിലാണ് പ്രവർത്തിക്കേണ്ടത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിശദമായ മാർഗ്ഗ രേഖ 'ഓറഞ്ച് ബുക്ക് 2020' ലൂടെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാർഗ്ഗരേഖക്ക് അനുസൃതമായി ജില്ലയിൽ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്.

നിലവിലെ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2020 ൽ വൾനറബിൾ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന (പേജ് നമ്പർ 58, ഓറഞ്ച് ബുക്ക് 2020) വിഭാഗങ്ങൾക്കായി ക്യാമ്പുകൾ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

കോവിഡ് 19 മഹാമാരിയുടെ കൂടി പശ്ചാത്തലത്തിൽ ക്യാമ്പുകളുടെ പ്രവർത്തനം എങ്ങനെയായിരിക്കണമെന്ന് ഓറഞ്ച് ബുക്ക് 2020 ൽ വിശദീകരിച്ചിട്ടുണ്ട്. അത് പാലിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റെവന്യൂ വകുപ്പിന്റെയും ഏകോപനത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടതാണ്.

കോവിഡ് ചികിത്സ മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇതുമൂലം കോവിഡ് ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളിൽ വൈദ്യുത സപ്ലൈ തടസ്സമില്ലാതെ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഇതിനായി ആശുപത്രികളിൽ ഉടനടി ജനറേറ്ററുകൾ സ്ഥാപിക്കണം.

വൈദ്യുത ബന്ധത്തിൽ തകരാറുകൾ വരുന്ന മുറക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ, ആവശ്യമായ ടാസ്ക് ഫോഴ്‌സുകൾ തുടങ്ങിയവ വൈദ്യുത വകുപ്പ് മുൻകൂട്ടി സജ്ജമാക്കി നിർത്തണം.

സംസ്ഥാനത്തെ ആശുപത്രികളിൽ വൈദ്യുതി മുടങ്ങുന്നില്ലെന്ന് വൈദ്യുത വകുപ്പുമായും ആരോഗ്യ വകുപ്പുമായും ചേർന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉറപ്പാക്കണം.


ദുരന്ത സാധ്യത മുന്നിൽ കണ്ടുകൊണ്ട് ദുരന്ത പ്രതികരണത്തിനായി ആവശ്യമായ റിസോഴ്സുകൾ സജ്ജമാക്കി വെക്കേണ്ടതാണ്.

മലയോര മേഖലയിൽ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടികൾ സ്വീകരിക്കേണ്ടതും തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിർദേശം നൽകുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കിൽ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക. അപകടാവസ്ഥയിൽ (മുകളിൽ സൂചിപ്പിച്ച വൾനറബിൾ ഗ്രൂപ്പിൽ ഉൾപ്പെട്ടവരെ) മാറ്റി താമസിപ്പിക്കുകയും ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പോലീസ്, വനംവകുപ്പ്, ഫയർ ഫോഴ്‌സ്, തദ്ദേശ സ്ഥാപനങ്ങൾ, റവന്യു ഉദ്യോഗസ്ഥർ , ഡാം ഓപ്പറേറ്റർമാർ എന്നിവർക്ക് ജാഗ്രത നിർദേശം നൽകുകയും ഇവരുടെയെല്ലാം ഏകോപനം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.

English Summary: Extremely Heavy Rainfall in Kerala Orange and Yellow Alerts in various districts
Published on: 13 May 2021, 05:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now