കൊച്ചി: മുടങ്ങിക്കിടക്കുന്ന പോളിസികള്‍ പുനരുജ്ജീവിപ്പിക്കാന്‍ അവസരം നല്‍കി എല്‍ഐസി. ഇതിന്റെ ഭാഗമായി ജനുവരി 7 മുതല്‍ മാര്‍ച്ച് 6 വരെ മുടങ്ങിക്കിടക്കുന്ന പോളിസികള്‍ പുനസ്ഥാപിച്ചെടുക്കാം.
ഇങ്ങനെ മുടങ്ങി കിടക്കുന്ന പോളിസികള്‍ പുനരുജ്ജീവിപ്പിച്ചെടുക്കുമ്പോള്‍ ആവശ്യമായ മെഡിക്കല്‍ പരിശോധന ഉണ്ടാവില്ലെന്ന് എല്‍ഐസി വ്യക്തമാക്കി. രാജ്യത്താകമാനമുള്ള 1526 സാറ്റലൈറ്റ് ഓഫീസുകളിലും ഈ സേവനം ലഭ്യമാക്കും.
എല്ലാ പോളിസികളും ഈ പ്രത്യേക കാമ്പയിന്റെ ഭാഗമാകില്ല. ആദ്യമായി അടവ് മുടക്കിയ പ്രീമിയം ഏത് മാസമാണോ അവിടെ മുതല്‍ അഞ്ച് വര്‍ഷം വരെ എത്തിയ (മുടങ്ങി കിടക്കുന്ന) പോളിസികളാണ് നിബന്ധനകള്‍ക്ക് വിധേയമായി ഉത്തേജിപ്പിച്ചെടുക്കാന്‍ കഴിയുക.
മുടങ്ങിക്കിടക്കുന്ന പോളിസി പുതുക്കുമ്പോള്‍ ആരോഗ്യ കാര്യങ്ങളില്‍ ഉള്ള കര്‍ശന നിബന്ധനയില്‍ ചില വിട്ടു വീഴ്‌ച്ചകളും അനുവദിക്കുന്നുണ്ട്. കൊവിഡ് പോലുള്ള ഒഴിച്ചു കൂടാന്‍ വയ്യാത്ത സാഹചര്യത്തില്‍ പോളിസി അടവ് മുടക്കിയവര്‍ക്ക് വേണ്ടിയാണ് ഈ കാമ്പയിന്‍.
മികച്ച ആരോഗ്യം സംബന്ധിച്ച സത്യാവാങ്‌മൂലം നല്‍കിയാലാവും പോളിസി പുതുക്കി നല്‍കുക. രാജ്യമൊട്ടാകെ ഏതാണ്ട് 30 കോടി പോളിസികളാണ് എല്‍ഐസിക്കുള്ളത്.