തന്റെ പോക്കറ്റിൽ 10 രൂപ പോലും കാണില്ല, അപ്പോഴല്ലേ 10 ലക്ഷം രൂപ… കാർ വാങ്ങാനെത്തിയ കർഷകന് ജീവനക്കാരൻ നൽകിയ പ്രതികരണം പുച്ഛമായിരുന്നെങ്കിൽ, കൃത്യം ഒരു മണിക്കൂറിനകം കെംപഗൗഡ എന്ന ഈ കർഷകൻ തിരികെ എത്തിയത് അതിന് തക്ക മറുപടിയുമായാണ്.
സിനിമയെ വെല്ലുന്ന ഈ നാടകീയ മുഹൂർത്തം അരങ്ങേറിയത് കർണാടകയിലെ തുംകൂരിലുള്ള ഒരു മഹീന്ദ്ര ഷോറൂമിൽ. വെള്ളിയാഴ്ചയാണ് മഹീന്ദ്ര ഷോറൂമിൽ ബൊലേറോയുടെ കാർ വാങ്ങാന്‍ പൂ കൃഷിക്കാരനായ കെംപഗൗഡയും സുഹൃത്തുക്കളും എത്തുന്നത്. സാധാരണക്കാരായ അവരുടെ ലുക്കും വേഷവും കണ്ട് ഷോറൂമിലെ ജീവനക്കാരന്‍ അപമാനിച്ച് പുറത്താക്കി.
10 ലക്ഷത്തിന്റെ വാഹനത്തെ കുറിച്ച് കെംപഗൗഡ ചോദിച്ചപ്പോൽ 'പത്ത് രൂപ പോലും തികച്ചെടുക്കാന്‍ ഇല്ലാത്തവനാണ് പത്ത് ലക്ഷത്തിന്റെ വണ്ടി വാങ്ങാന്‍ വന്നത്' എന്നാണ് സെയില്‍സ്‍മാൻ പരിഹസിച്ചത്. അര മണിക്കൂറിൽ പണം മുഴുവൻ രൊക്കം കൊണ്ടുവന്നാൽ ഇന്ന് തന്നെ വാഹനം ഡെലിവറി ചെയ്യാൻ കഴിയുമോ എന്ന് രോഷാകുലനായി കർഷകൻ ചോദിച്ചു. കെംപഗൗഡയ്ക്ക് പണം എത്തിക്കാൻ സാധിക്കില്ലെന്ന് കരുതി
തരാമെന്ന സെയിൽസ്മാന്റെ പുച്ഛം കലർന്ന മറുപടിയും.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan: സന്തോഷ വാർത്ത! പുതിയ ബജറ്റിൽ കർഷകർക്കുള്ള തുക വർധിപ്പിക്കും
ഇനിയാണ് കഥയിലെ ട്വിസ്റ്റ്. ജീവനക്കാരനെ അത്ഭുതപ്പെടുത്തി ഒരു മണിക്കൂറിനുള്ളിൽ കർഷകൻ തിരികെയെത്തി. പറഞ്ഞ പോലെ കൈയിൽ 10 ലക്ഷം രൂപയും…
കെംപഗൗഡ വാഹനം ആവശ്യപ്പെട്ടു. പക്ഷേ, ഷോറൂമിലെ ജീവനക്കാർ പെട്ടു. വാഹനം ഡെലിവറി ചെയ്യുന്നതിന്റെ സാങ്കേതിക തടസങ്ങൾ കാരണം വാഹനം നൽകാനാകാതെ ജീവനക്കാർ പരുങ്ങി. അവർ എങ്ങനെയൊക്കെ കിണഞ്ഞു ശ്രമിച്ചാലും ഏറ്റവും കുറഞ്ഞത് നാല് ദിവസം എങ്കിലും വാഹനം ഡെലിവറി ചെയ്യാൻ ആവശ്യമായിരുന്നു.
പ്രശ്നം ഇതോടെ വഷളായി. തിലക് പാർക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥര്‍ എത്തിയാണ് തർക്കം പരിഹരിച്ചത്. ലുക്ക് കണ്ട് തന്നെയും സുഹൃത്തുക്കളെയും അപമാനിച്ച സെയിൽമാൻ മാപ്പ് പറയണമെന്ന് കെംപഗൗഡ ആവശ്യം വച്ചു. സെയില്‍സ്‍മാനും മറ്റ് ജീവനക്കാരും മാപ്പ് ചോദിക്കുകയും ക്ഷമാപണം എഴുതി നല്‍കുകയും ചെയ്തതോടെ പ്രശ്നം ഒത്തുതീർപ്പാക്കി.
എന്നാൽ, തന്നെയും തന്റെ തൊഴിലിനെയും അവഹേളിച്ച ഷോറൂംകാരിൽ നിന്നും വാഹനം വാങ്ങില്ലെന്ന് മാസ് ഡയലോഗ് പറഞ്ഞ് കർഷകൻ കാർ ഷോറൂമിൽ നിന്ന് മടങ്ങി. വസ്ത്രധാരണം കണ്ട് പുച്ഛിച്ച കാർ സെയിൽസ്മാനോട് മധുരപ്രതികാരം വീട്ടിയ കർഷകന്റെ വീഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും തുടങ്ങി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
കർഷകനെ അപമാനിച്ച ഷോറൂംകാർക്ക് തക്ക മറുപടിയാണ് കെംപഗൗഡ നൽകിയതെന്ന് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം വീഡിയോയ്ക്ക് താഴെ പ്രതികരിച്ചു. കൂടാതെ, മഹീന്ദ്ര മോട്ടോർസ് ഉടമ ആനന്ദ് മഹീന്ദ്രയുടെ പേരും ട്വിറ്ററിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരുപാട് പേർ പരാമർശിച്ചിട്ടുണ്ട്.