1. പാലക്കാട് ജില്ലയിൽ രണ്ടാം വിളയിൽ ഉൽപാദിപ്പിക്കുന്ന നെല്ല് സപ്ലൈകോ സംഭരിക്കണമെന്ന ആവശ്യവുമായി കർഷകർ. പരിശോധനകൾക്ക് ശേഷം അധികമായി ഉൽപാദനം ചെയ്യുന്ന നെല്ല് സംഭരിക്കുമെന്ന് സപ്ലൈകോ അറിയിച്ചു. എന്നാൽ ക്രോപ് കട്ടിങ് ഉൾപ്പെടെയുള്ള പരിശോധനകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കർഷകർ മറുപടി നൽകി. ഈ മാസം അവസാനത്തോടെ ജില്ലയിൽ കൊയ്ത്ത് സജീവമാകും. കാലാവസ്ഥ, ജലലഭ്യത എന്നിവ അനുകൂലമായതിനാൽ ഉൽപാദനം കൂടുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
കൂടുതൽ വാർത്തകൾ: Aadhaar കാർഡുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ 'ആധാർ മിത്ര'..കൃഷി വാർത്തകൾ
2. കേരളത്തിൽ അര ലക്ഷം റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നു. ഇതോടെ അടുത്ത മാസം മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ 51,000 കാര്‍ഡുകള്‍ക്ക് കൂടി ലഭിക്കും. മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റിയ കാര്‍ഡുകാർക്ക് 4 കിലോ അരിയും 1 കിലോ ഗോതമ്പുമാണ് നൽകുക. ഗോതമ്പിന് പകരം ആട്ടയും നൽകും. നിലവിൽ 35 ലക്ഷത്തോളം മുന്‍ഗണന കാര്‍ഡുകളിലായി 1 കോടി 31 ലക്ഷത്തോളം ഗുണഭോക്താക്കൾ കേരളത്തിലുണ്ട്.
ഓപ്പറേഷൻ യെല്ലോ വഴി ലഭിച്ച 55,000 ഒഴിവുകളാണ് മുന്‍ഗണന വിഭാഗത്തില്‍ ഉണ്ടായിരുന്നത്. ഓണ്‍ലൈനായി അപേക്ഷ നൽകിയ 70,000 പേരില്‍ അര്‍ഹതയുള്ള കാര്‍ഡുകളെയാണ് പുതുതായി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടൊപ്പം അതിദരിദ്ര വിഭാഗത്തിലുള്ള 8000 പേർക്ക് അന്ത്യോദയ കാര്‍ഡുകള്‍ നല്‍കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
3. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണ രീതികൾ ശീലമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് കണ്ണൂരിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിളർച്ച സംബന്ധിച്ച് ആദിവാസി മേഖലയിൽ ബോധവൽക്കരണം നടത്തുമെന്നും വിദ്യാർഥികളെ ലക്ഷ്യംവച്ച് സ്കൂളുകൾ കേന്ദ്രീകരിച്ചും വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
4. വില വർധിപ്പിച്ചതോടെ മിൽമ പാലിന്റെ വിൽപന കുറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബർ 1 മുതലാണ് 1 ലിറ്റർ പാലിന് 6 രൂപ കൂട്ടിയത്. കാസർകോട് ജില്ലയിൽ പാലിന്റെ പ്രതിദിന വിൽപന 6500 ലിറ്ററായി കുറഞ്ഞു. മൂന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് മിൽമ നേരിടുന്നത്. ഇതിനുമുമ്പ് 53,000 ലിറ്റർ പാൽ വിൽപനയാണ് ഉണ്ടായിരുന്നത്. നിലവിൽ അര ലിറ്റർ മിൽമ പാലിന് 28 രൂപയാണ് വില. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പാൽ കടകളിൽ വിൽക്കുന്നത് 25 രൂപയ്ക്കാണ്. ഇതോടെയാണ് ഉപഭോക്താക്കൾ മറ്റ് പാൽ പാക്കറ്റുകൾ വാങ്ങാൻ തുടങ്ങിയത്.
5. കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പത്തനംതിട്ടയിൽ ആരംഭിക്കുന്നു. പാർക്കിന്റെ തറക്കല്ലിടൽ കർമം വ്യവസായമന്ത്രി പി രാജീവ് നിർവഹിച്ചു. പത്തനംതിട്ട ഇൻ്റസ്ട്രിയൽ പ്രമോഷൻ പ്രൈവർ ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിൽ ‘ഇടനാട് ഇൻ്റസ്ട്രിയൽ എസ്റ്റേറ്റ്’ എന്ന പേരിലാണ് വ്യവസായ പാർക്ക് ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 'പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം - 2022' പദ്ധതിക്ക് കീഴിലാണ് പാർക്ക് വരുന്നത്.
6. ഭക്ഷണത്തിന്റെ രുചി വൈവിധ്യത്തിലേക്ക് ശ്രദ്ധയാകർഷിച്ച് കോഴിക്കോട് ജില്ലയിൽ ജൈവ വൈവിധ്യ പ്രദർശനം സംഘടിപ്പിച്ചു. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ നിർവഹിച്ചു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ജൈവവൈവിധ്യ കോണ്‍ഗ്രസ് 2023-ന്റെ ഭാഗമായാണ് പ്രദർശനം നടക്കുന്നത്. മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാനും സംരംഭക സാധ്യതകളെക്കുറിച്ച് ബോധവൽക്കരണം നടത്താനുമാണ് വിദ്യാർഥികൾ പ്രദർശനം സംഘടിപ്പിച്ചത്.
7. 'പച്ചക്കുട' പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുടയിലെ കാട്ടൂർ തെക്കുംപാടം പാടശേഖരത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. സിപിഐഎം എടതിരിഞ്ഞി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി നടന്നത്. ഇരിങ്ങാലക്കുടയുടെ കാർഷികസമൃദ്ധി ലക്ഷ്യം വച്ച് സാധ്യമായിടത്തെല്ലാം കൃഷി ചെയ്യുക എന്ന സന്ദേശത്തോടെയാണ് പച്ചക്കുട പദ്ധതി ആരംഭിച്ചത്.
8. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ തെങ്ങിൻ തൈകൾ നട്ടുപിടിപ്പിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽ കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കൃഷി ഓഫീസർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 4000 വീടുകളിൽ 2 തെങ്ങിൻ തൈ നട്ട് പരിപാലനം സാധ്യമാക്കുകയാണ് ഭരണ സമിതിയുടെ ലക്ഷ്യം.
9. മത്സ്യോൽപാദനം കൂട്ടാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം അവതരിപ്പിച്ച പുതിയ സാങ്കേതിക വിദ്യ ശ്രദ്ധനേടുന്നു. സുസ്ഥിര മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിലാണ് കൃത്രിമ മത്സ്യ ആവാസവ്യവസ്ഥ അഥവാ ആർട്ടിഫിഷ്യൽ റീഫ് സിഎംഎഫ്ആര്‍ഐ അവതരിപ്പിച്ചത്. കടലിനടിയിൽ സ്ഥാപിക്കാവുന്ന കൃത്രിമ മത്സ്യ ആവാസവ്യവസ്ഥ വഴി മത്സ്യോൽപാദനം കൂട്ടാനും മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കാനും സാധിക്കുമെന്ന് ഗവേഷണ കേന്ദ്രം അറിയിച്ചു. ശാസ്ത്രീയ രീതിയിൽ നിർമിക്കുന്ന ആവാസ വ്യവസ്ഥയിലൂടെ സസ്യ-ജന്തു ജാലങ്ങളുടെ വളർച്ച ത്വരിതപ്പെടുമെന്ന് വിദഗ്ധർ പറയുന്നു.
10. കേരളത്തിൽ മഴ പിൻവാങ്ങിയതോടെ ചൂട് കനക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായാണ് ചൂട് വർധിക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. നിർമാണ തൊഴിലാളികളും കർഷക തൊഴിലാളികളും ജോലിസമയം ക്രമീകരിക്കണമെന്നും ധാരാളം വെള്ളം കുടക്കണമെന്നും നിർദേശമുണ്ട്.