ഇഎസ്‌ഐ ആശുപത്രികളിൽ നിന്നു മരുന്നുകൾക്ക് റീഇംബേഴ്‌സ്‌മെന്റ് ചെയ്യുന്ന തുകയുടെ പരിധി ഉയർത്തി. പരമാവധി 2000 രൂപയായിരുന്നതു 10000 രൂപയാക്കിയാണ് ഉയർത്തിയത്. നേരത്തേ 2000 രൂപയ്ക്കുമേലുള്ള ബില്ലുകൾ റീജനൽ ഡപ്യൂട്ടി ഡയറക്ടർമാർക്കു വിടുമായിരുന്നു.
ഈ ഉദ്യോഗസ്ഥനും പാസാക്കാവുന്ന തുകയുടെ പരിധി ഉയർത്തിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥൻ ഇതുവരെ പരമാവധി 6000 രൂപയാണ് പാസാക്കിയിരുന്നത്. എന്നാൽ പുതിയ നിർദ്ദേശ പ്രകാരം ഈ ഉദ്യോഗസ്ഥന് പാസാക്കാവുന്ന ബില്ലിന്റെ പരിധി 25000 രൂപയാക്കി. ജോയിന്റ് ഡയറക്ടർക്ക് 75000 രൂപ വരെ അനുവദിക്കാം.
റീജനൽ കരാർ അനുസരിച്ചാണ് ഇഎസ്‌ഐ ആശുപത്രികളിൽ മരുന്നു ലഭ്യമാക്കുന്നത്. മരുന്നു തീരുമ്പോൾ രോഗികൾക്കു പുറത്തുനിന്നു വാങ്ങേണ്ടിവരുന്നു.കരാർ അനുസരിച്ച് ഇഎസ്‌ഐ കോർപറേഷന് ഒരു രൂപയ്ക്കു ലഭിക്കുന്ന ഗുളിക 4 രൂപയ്ക്കാണു രോഗികൾ പുറത്തുനിന്നു വാങ്ങുന്നത്. പിന്നാലെ ഇതിന്റെ റീഇംബേഴ്‌സ്‌മെന്റ് ബില്ലുകൾ പാസാക്കുന്നതിന്റെ നടപടികളും വരും.
അതിനാൽ 2 മാസത്തിലൊരിക്കൽ ആശുപത്രികളിലെ സ്ഥിതി വിലയിരുത്തി ആവശ്യമായ മരുന്നു ലഭ്യമാക്കണമെന്ന ഡോക്ടർമാരുടെ സംഘടനയുടെ ആവശ്യം പരിഗണിക്കാമെന്ന് ഇഎസ്‌ഐ കോർപറേഷൻ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒരു ലക്ഷം ഇഎസ്‌ഐ അംഗങ്ങൾക്കായി 141 ആശുപത്രികളാണുള്ളത്.