Updated on: 5 September, 2021 3:41 PM IST
കർഷകർക്ക് തെങ്ങിൻ തൈ നൽകുന്നു

ആലപ്പുഴ ജില്ലയിലെ കായംകുളം തെങ്ങ് ഗവേഷണ കേന്ദ്രത്തിൽ സെപ്റ്റംബർ 2 നാളികേര ദിനത്തോട് അനുബന്ധിച്ച് കർഷക സെമിനാറിനൊപ്പം നടന്ന ഓൺലൈൻ കർഷക പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തിൽ കർഷകർക്ക് തെങ്ങിൻ തൈ നൽകി ആദരിക്കുകയും CPCRI യുടെ പരീക്ഷണാത്മക തെങ്ങിൻ തോട്ടങ്ങളിൽ വെച്ച് കർഷകർക്ക് പ്രായോഗിക പരിശീലനവും നൽകുകയുണ്ടായി.

ഒരു ഭാഗവും പാഴ് അല്ലാത്ത നാളികേരത്തിന്റെ ബഹുമുഖമായ ഉപയോഗത്തെപ്പറ്റിയും ആരോഗ്യദായകമായ ഗുണത്തെ പറ്റിയും വ്യാവസായികമായിട്ടുള്ള നാളികേരത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ചും പൊതുസമൂഹത്തിൽ ഒരു ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ 20 ദിവസമായി നടത്തിവന്ന ഓൺലൈൻ കർഷക പരമ്പരയുടെ സമാപന പരിശീലന ദിവസം കൂടിയായിരുന്നു ഇന്ന്.

"നാളീകേരം ജീവിതരോഗ്യത്തിന് " എന്ന സമവായത്തിൽ അധിഷ്ഠിതമായി സുസ്ഥിരവും സുരക്ഷിതവും അതിജീവനാത്മകവുമായ രീതികളിലൂടെയും അതിന്റെ വ്യവസായവൽക്കരണത്തിലൂടെയും മുന്നോട്ട് കൃഷിയെ കൊണ്ടുപോകാൻ കഴിയുന്ന അതിബൃഹത്തായ നാളികേര സമൂഹങ്ങളെ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഈ വർഷം നാളികേര ദിനത്തോടനുബന്ധിച്ച് ലക്ഷ്യമാക്കുന്നത് എന്ന് ICAR-CPCRI കായംകുളത്തിൻറെ ആക്ടിങ് ഹെഡായ ഡോ.എസ്. കലാവതി പറഞ്ഞു .

ICAR ന്റെ സ്ഥാപകദിനം ജൂലൈ 16ന് തുടങ്ങി ലോക നാളികേര ദിനം ആയ സെപ്റ്റംബർ രണ്ടു വരെ തെങ്ങ് കൃഷിയെക്കുറിച്ചുള്ള 20 ഓൺലൈൻ ക്ലാസുകൾ ഉൾപ്പെട്ട ഒരു പരിശീലന പരമ്പര കായംകുളം തെങ്ങ് ഗവേഷണ കേന്ദ്രം സംഘടിപ്പിച്ചു. 20 ദിവസങ്ങളിലായി വൈകുന്നേരം മൂന്നര മുതൽ നാലുവരെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ 3 ക്ലാസ് വീതം ആണ് നടത്തിയിരുന്നത്.

ധാരാളം കർഷകർ തൽസമയം ഓൺലൈൻ പരിശീലന പരിപാടിയിൽ പങ്കെടുക്കുകയും അതോടൊപ്പം ഏകദേശം അഞ്ഞൂറോളം കർഷകർ യൂട്യൂബിലൂടെ ഇത് വീക്ഷിക്കുകയും ചെയ്തു. ധാരാളം പേർക്ക് തെങ്ങ് കൃഷിയെ കുറിച്ച് ഉള്ള അറിവുകൾ വളരെ സരസമായി ക്യാപ്സൂൾ രൂപത്തിൽ പകർന്നു നൽകാൻ കഴിഞ്ഞത് സിപിസിആർ ഐയിക്ക് വലിയൊരു നേട്ടം തന്നെയാണ് എന്നും ഡോ.കലാവതി കർഷക സദസ്സിനെ സ്വാഗതം ചെയ്യവേ പറഞ്ഞു.

പ്രളയവും മഹാമാരിയും ഒക്കെ കർഷകരുടെ ഉൽപ്പാദനത്തെ ബാധിച്ചിട്ടുണ്ട്. അതിനാൽ ഇതിനുള്ള പരിഹാരം കാണാൻ കായംകുളം ഗവേഷണ കേന്ദ്രം വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ മുപ്പതാം വാർഡ് കൗൺസിലർ ബിനു അശോക് അഭിപ്രായപ്പെട്ടു.

കർഷകർക്ക് അവരുടെ ഉൽപന്നം ഉൽപാദിപ്പിക്കുന്നതിനോടൊപ്പം അതിന്റെ വിപണനം ചെയ്യാനുള്ള സൗകര്യങ്ങളും ഗവൺമെന്റ് തലത്തിൽ ഉണ്ടാകണമെന്ന് സമ്മേളനം ഉത്‌ഘാടനം ചെയ്യവേ മുൻസിപ്പൽ കൗൺസിലർ പി.ശശികല അഭിപ്രായപ്പെട്ടു.

ഇന്ന് ധാരാളം യുവ കർഷകർ കാർഷിക മേഖലയിലേക്ക് വരുന്നുണ്ട്. ഇവർക്ക് മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ വേണ്ട പരിശീലനം ആവശ്യമുണ്ട്. ഒരു സംരംഭകനാകാൻ വേണ്ട സഹായങ്ങളും അവരുടെ ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യാൻ വേണ്ട നിർദ്ദേശങ്ങളും CPCRI നൽകുന്നുണ്ട് . കേരളത്തിന് വെളിയിൽ ഏകദേശം 350ഓളം ആളുകൾ CPCRI യുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് വിജയകരമായ സംരംഭങ്ങൾ ചെയ്തിട്ടുണ്ട് . അതിനാൽ കേരളത്തിലെ യുവാക്കൾ CPCRI യുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി തെങ്ങിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കർഷകർക്ക് നല്ല വരുമാനം ഉണ്ടാക്കാൻ സഹായിക്കണമെന്ന് മുഖ്യ പ്രഭാഷണത്തിൽ ആക്ടിങ് ഡയറക്‌ടർ ഡോ. അനിത കണ്ണൻ പറഞ്ഞു.

തെങ്ങ് അടിസ്ഥാനമാക്കിയുള്ള സംയോജിത കൃഷി രീതികൾ വഴി തെങ്ങിന്റെ ഉൽപാദനം വർദ്ധിപ്പിക്കുവാനും നമ്മുടെ പുരയിടത്തിൽ നിന്ന് കൂടുതൽ ആദായം ലഭിക്കുവാനും സഹായിക്കും. ചെലവ് കുറച്ച് കൂടുതൽ ഉൽപ്പാദനക്ഷമത നേടുന്നതിനൊപ്പം ഉപയോത്പ്പനങ്ങളുടെ വേണ്ടത്ര നല്ല രീതിയിൽ ഉള്ള ഉപയോഗം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്നിവ ഈ കാലഘട്ടത്തിൽ മുന്നോട്ടുപോകാൻ അത്യാവശ്യമാണ്. അതുകൂടാതെ എഫ്പിയോസ്, കമ്പനികൾ തുടങ്ങി മൊത്തത്തിലുള്ള കോക്കനട്ട് കമ്മ്യൂണിറ്റി ഉൾപ്പെടെ ഉള്ളവരുടെ ഗ്രൂപ്പ് ആയിട്ടുള്ള മാർക്കറ്റിംഗും , മൂല്യ വർദ്ധനവും കൊണ്ടുമാത്രമേ മുന്നോട്ടു പോകാനാവൂ എന്ന് ആശംസ അർപ്പിക്കവേ കായംകുളം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.മുരളി പറഞ്ഞു.

തുടർന്ന് വെളിച്ചെണ്ണയുടെ ഗുണങ്ങളെക്കുറിച്ച് ക്ലാസെടുത്ത ക്രോപ് പ്രൊഡക്ഷൻ മുൻ മേധാവി ബി. ചെമ്പകം വെളിച്ചെണ്ണയിൽ അമ്മയുടെ മുലപ്പാലിന് തുല്യമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അതോടൊപ്പം കോവിഡിന്റെ തുടക്ക സമയത്ത് വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കുന്നത് നല്ലൊരു പ്രതിരോധമാർഗം ആണെന്നും തെളുവുകൾ സഹിതം വ്യക്തമാക്കി.

കർഷക സെമിനാറിന്റെ അവസാനം പ്രോഗ്രാമിന്റെ ഡിജിറ്റൽ കോർഡിനേറ്ററും സയന്റിസ്റ്റുമായ ഡോ.അനീസ് കെ എം സെമിനാറും പരിശീലന പരിപാടിയും സംഘടിപ്പിക്കാൻ സഹായിച്ച എല്ലാവർക്കും , പങ്കെടുത്ത കർഷകർക്കും നന്ദി പ്രകാശിപ്പിച്ചു . അതോടൊപ്പം കർഷകർക്ക് ഫീൽഡ് സന്ദർശനത്തിനിടയിൽ അതാത് സമയത്തു് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും അദ്‌ദേഹം നൽകുകയുണ്ടായി.

ഇൻഫർമേഷൻ സെന്റർ ഉദ്ഘാടനം

ഇതിന്റെ ഭാഗമായി മുൻസിപ്പൽ കൗൺസിലർ പി ശശികല സി പി സി ആർ ഐ യുടെ ഇൻഫർമേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. ഡോക്ടർ കലാവതി അവിടുത്തെ ഓരോ ഉൽപ്പന്നങ്ങളും, അസംസ്കൃത വസ്തുക്കളും കൗൺസിലർമാർക്ക് പരിചയപ്പെടുത്തി കൊടുത്തു.

ഡോക്ടർ എ അബ്ദുൽ ഹാരിസ് ഫെർട്ടിഗേഷൻ ട്രയൽ പ്ലോട്ടിൽ കർഷകർക്കൊപ്പം

തുടർന്ന് പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോക്ടർ എ അബ്ദുൽ ഹാരിസ് ഫെർട്ടിഗേഷൻ ട്രയൽ പ്ലോട്ടിൽ വെച്ച് കർഷകർക്ക് തെങ്ങുകൃഷിയുടെ പ്രായോഗിക വളപ്രയോഗ രീതികളും തെങ്ങ് കൃഷിക്ക് വേണ്ട അടിസ്ഥാന തത്വങ്ങളും വിശദീകരിച്ചുകൊടുത്തു

ഡോ.ഷെരീഫ എം കർഷകർക്കൊപ്പം

തുടർന്ന് സീനിയർ സയന്റിസ്റ്റായ ഡോ.ഷെരീഫ എം കർഷകർക്ക് നെടിയ, കുറിയ ഇനങ്ങളെ കുറിച്ച് വിശദീകരിച്ചു കൊടുക്കുകയും സങ്കരയിനങ്ങൾ ഉൽപാദിപ്പിക്കുന്ന രീതികളെക്കുറിച്ചും പരാമർശിക്കുകയും ചെയ്തു. അതോടൊപ്പം ആദ്യമായി ടിഷ്യുകൾച്ചർ വഴി വികസിപ്പിച്ച തെങ്ങിനെ അവർക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

ഡോ.ജോസഫ് രാജ്കുമാർ ഇക്കോളജിക്കൽ എൻജിനീയറിങ് പ്ലോട്ടിൽ കർഷകർക്കൊപ്പം

പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ.ജോസഫ് രാജ്കുമാർ കർഷകക്ക് ഇക്കോളജിക്കൽ എൻജിനീയറിങ് പ്ലോട്ടിൽ വച്ച് തെങ്ങ് കൃഷിയിലെ സംയോജിത കൃഷി രീതികളെക്കുറിച്ചും , അതിന്റെ പ്രായോഗിക വശങ്ങളും പരിചയപ്പെടുത്തിക്കൊടുത്തു. തെങ്ങിനൊപ്പം ജാതി, പേര ,വാഴ തുടങ്ങിയ വിളകൾ സംയോജിതമായി കൃഷി ചെയ്യുമ്പോൾ തേങ്ങയിൽ നിന്നും, ഈ വിളകളിൽ നിന്നുമുള്ള ആദായം എങ്ങനെ കർഷകരുടെ വരുമാനം കൂട്ടുമെന്ന് അദ്ദേഹം അവർക്ക് വിശദമായി പറഞ്ഞു കൊടുത്തു. അതോടൊപ്പം സംയോജിത കൃഷിയിൽ ഒരു പ്ലോട്ട് ഡിസൈൻ ചെയ്യേണ്ടത് എങ്ങനെയാണെന്നും അവർക്ക് കാണിച്ചു കൊടുത്തു.

ഡോ. ജിസ്സി ജോർജ് കർഷകർക്കൊപ്പം

കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജറ്റ് മാസ്റ്റർ സ്പെഷലിസ്റ്റ് ഡോ. ജിസ്സി ജോർജ് തെങ്ങിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ കർഷകർക്ക് പരിചയപ്പെടുത്തി . അതോടൊപ്പം അവ ഉണ്ടാക്കാൻ വേണ്ട ഉപകരണങ്ങളെക്കുറിച്ചും അത് ലഭിക്കാൻ ഉതകുന്ന സബ്സിഡികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു . കൂടാതെ അവിടെ തയ്യാറാക്കി വച്ചിരിക്കുന്ന അസംസ്കൃത വസ്തുക്കളും അവ ഉൽപ്പന്നം ആക്കി മാറ്റുന്ന ഓരോ ഉപകരണവും കർഷകർക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു .

ഓൺലൈൻ ക്ലാസും, കൃഷിയിട സന്ദർശനവും ഉൾപ്പെടെ കേരളത്തിലെ കേര കർഷകർക്കും അതുപോലെ യുവാക്കൾക്കും ഒരു പോലെ പ്രചോദനവും പ്രോത്സാഹനവും ആയി മാറിയ ഈ 20 ദിന തെങ്ങ് കൃഷി ബോധവൽക്കരണ പരിശീലനപരിപാടി ICAR-CPCRI കായംകുളത്തിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതി വെക്കാവുന്ന ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്. അതോടൊപ്പം വരുംകാലങ്ങളിൽ കേരളത്തിന്റെയും കർഷകരുടെയും മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്ക് വലിയൊരു മുതൽക്കൂട്ടായിരിക്കുന്നു ഈ ബൃഹത്തായ വിജ്ഞാന യജ്ഞം.

English Summary: farmers facilitated in world coconut day by distributing coconut saplings
Published on: 02 September 2021, 11:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now