കാർഷികോല്പന്നങ്ങളുടെ നേരിട്ടുള്ള വിപണനവും, വിഷരഹിതമായ ഉല്പന്നങ്ങളിലൂടെ പുതിയൊരു ഭക്ഷ്യ സംസ്ക്കാരവും ലക്ഷ്യമിട്ട് നബാർഡിന്റെ സഹകരണത്തോടെ കേരളത്തിൽ തുടക്കം കുറിക്കുന്ന ആദ്യത്തെ കാർഷിക വിപണ കേന്ദ്രം ഫാംശ്രീ അഗ്രോമാർട്ട് എന്ന പേരിൽ കാക്കനാട് പ്രവർത്തനം ആരംഭിച്ചു.
കർഷകരുടെ കൂട്ടായ്മയായ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷനും, വിവിധ കാർഷിക സഹകരണ സംഘങ്ങളും ജൈവ രീതിയിൽ ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കി മിതമായ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഫാംശ്രീയിലൂടെ ലക്ഷ്യമിടുന്നത്. നബാർഡിനു പുറമേ കാർഷിക സഹകരണ സംഘങ്ങളുടെ അപ്പെക്സ് സ്ഥാപനമായ കേരള ബാങ്കിന്റെ കൂടി സഹായത്തോടെ എറണാകുളം ഡിസ്ട്രിക്റ്റ് കോ- ഓപ്പറേറ്റിവ് ബാങ്ക് എംപ്ലോയീസ് സഹകരണ സംഘമാണ് വിപണകേന്ദ്രം നടത്തുന്നത്.
കാക്കനാട് തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് എതിർവശത്തുള്ള കേരള ബാങ്കിന്റെ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് നിലവിൽ ഫാംശ്രീ പ്രവർത്തനം ആരംഭിച്ചത്. . ജൈവരീതിയിൽ ഉൽപ്പാദിപ്പിച്ചിട്ടുള്ള പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, വയനാടൻ തേൻ, തൊണ്ടി അരി, തവിടുള്ളതും ഇല്ലാത്തതുമായ മട്ട അരി, ഗന്ധകശാല അരി, ഇടിയിറച്ചി, ഈന്തങ്ങപ്പൊടി, കൂവപ്പൊടി, പനംപൊടി, വയനാടൻ വിൻകോഫി, അറബിക്ക, റോബസ്റ്റ, സ്പെഷ്യൽ ഗ്രീൻ ടീ, വടകര വെളിച്ചെണ്ണ തുടങ്ങി സവിശേഷമായതും, സാധാരണ പൊതുവിപണിയിൽ ലഭ്യമാകാൻ ബുദ്ധിമുട്ടുള്ളതുമായ ഉല്പന്നങ്ങൾ ഫാംശ്രീയിലൂടെ ലഭ്യമാകും. ഫാംശ്രീ അഗ്രോമാർട്ടിന്റെ ഉദ്ഘാടനം നബാർഡ് കേരളാ റീജിയൻ ചീഫ് ജനറൽ മാനേജർ പി.ബാലചന്ദ്രൻ നിർവ്വഹിച്ചു.