1. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അഞ്ചോ അതിൽ കൂടുതലോ ഭിന്നശേഷിക്കാരാൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മൈക്രോ പ്രോജക്ടുകൾ തെരെഞ്ഞെടുത്ത് ആരംഭിക്കുന്നതിനായി കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ 20,000 രൂപയാണ് ഒറ്റത്തവണ ധനസഹായമായി നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0471-2322065, 9497281896 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കുമായി www.hpwc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകൾ നിർദ്ദിഷ്ട രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 വൈകുന്നേരം 5 മണി വരെ. ഈ പദ്ധതിയിൽ ഒരു തവണ ധനസഹായം ലഭിച്ചിട്ടുള്ള സംഘങ്ങൾ അപേക്ഷിക്കാൻ യോഗ്യരല്ല.
2. ആറ്റുമൺപുറം നീർത്തട പദ്ധതി പൊതു ആസ്തി വിതുര ഗ്രാമപഞ്ചായത്തിന് കൈമാറി. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാർഡിന്റെ സാമ്പത്തിക സഹായത്തോടു കൂടി റൂറൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് ഫണ്ട് (RIDF) 25-ആം ഘട്ടത്തിൽ ഉൾപ്പെടുത്തി 96.62 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കിയ ആറ്റുമൺപുറം നീർത്തട പദ്ധതിയിൽ പൂർത്തീകരിച്ച പ്രവർത്തികളുടെ ആസ്തികൈമാറ്റം കൃഷിമന്ത്രി ശ്രീ. പി. പ്രസാദ് ഓൺലൈനായാണ് നടത്തിയത്. നാടിന്റെ വികസനത്തിൽ കൃഷിക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് ഉദ്‌ഘാടനവേളയിൽ മന്ത്രി പറഞ്ഞു. മന്ത്രിയുടെ അഭാവത്തിൽ ആസ്തി സംബന്ധിച്ച ഔദ്യോഗിക രേഖകൾ അരുവിക്കര എം എൽ എ. അഡ്വ. ജി. സ്റ്റീഫൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദിന് കൈമാറി. മണലി വാർഡിലെ തണ്ണിപ്പെട്ടി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്നു.
3. നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇന്ന് മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.