1. തോട്ടംതൊഴിലാളികളുടെ ലയങ്ങൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനും സർക്കാർ ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. തോട്ടം ഉടമ ലയങ്ങളിലെ നിർമാണമോ നവീകരണമോ നടത്തുമ്പോൾ ചെലവാകുന്ന തുകയുടെ 30 ശതമാനം അതായത് നവീകരണത്തിന് 50,000 രൂപ വരെയും പുതിയ നിർമാണത്തിന് രണ്ടു ലക്ഷം രൂപ വരെയും സർക്കാർ സബ്സിഡിയായി അനുവദിക്കുന്നതാണ് പദ്ധതി. ചെലവാകുന്ന 13.46 കോടി രൂപയിൽ 3.61 രൂപ കോടിയാണ് സർക്കാർ സബ്സിഡിയായി നൽകുക. പദ്ധതിയുടെ ഉദ്‌ഘാടനകർമം നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. മാർച്ച് 14 ന് തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൺ ഗാർഡൻ ഇൻ- ൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസ്.; വ്യവസായ വാണിജ്യ ഡയറക്ടർ മിർ മുഹമ്മദ് അലി ഐ.എ.എസ്. തുടങ്ങിയവർ സന്നിഹിതരായിരുന്നു. കണ്ണൻദേവൻ പ്ലാന്റേഷൻസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, എ.വി.ടി, മലങ്കര പ്ലാന്റേഷൻസ്, പാമ്പാടുംപാറ പ്ലാന്റേഷൻസ്, ഹാരിസൺ മലയാളം ലിമിറ്റഡ് എന്നീ തോട്ടങ്ങളുടെ ഉടമകൾ പദ്ധതിരേഖ കൈമാറി.
2. കെ.വി.കെ ദിനത്തോടനുബന്ധിച്ച് മലപ്പുറം (തവനൂർ) കൃഷി വിജ്ഞാന കേന്ദ്രം, കർഷകർക്കായി 'പച്ചക്കറികളിലെ സംയോജിത കീട-രോഗ നിയന്ത്രണം' എന്ന വിഷയത്തിൽ ഒരു ദിവസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ മാർച്ച് 24-ാം തീയതി രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് പരിശീലനം. താല്പര്യമുള്ളവർ മാർച്ച് 21-ാം തീയതി വൈകുന്നേരം മൂന്നു മണിക്ക് മുൻപായി 85471 93685 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
3. സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം വേനൽ മഴ തുടരുമെങ്കിലും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മഴയ്‌ക്കൊപ്പം 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം പകൽ താപനില ഉയർന്നു തന്നെ തുടരും. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പകൽ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയങ്ങളിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിർദേശത്തിൽ പറയുന്നു.