കാസർകോട്: തടിയുല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായ പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമികളിൽ ശോഷിക്കുന്ന തടിയുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, സാധാരണ ഉല്‍പ്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുക, അതുവഴി ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പിലാക്കുന്നത്.
കൂടുതൽ വാർത്തകൾ: കോഴിയിറച്ചിയ്ക്ക് പൊള്ളും വില; അടിതെറ്റി കേരള ചിക്കൻ പദ്ധതി
സ്വകാര്യ ഭൂമിയില്‍ തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, വീട്ടി, കമ്പകം, കുമ്പിള്‍, തേമ്പാവ്, കുന്നിവാക എന്നീ വൃക്ഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി. ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ പ്രായമുളള തൈകളുടെ എണ്ണമനുസരിച്ച് മൂന്ന് തലങ്ങളിലായാണ് ധനസഹായം നൽകുന്നത്. അതായത്, 50 തൈകള്‍ മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപാ നിരക്കിലും, 201 മുതല്‍ 400 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 40 രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000 രൂപ), 401 മുതല്‍ 625 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 30 രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധന സഹായം 16,000 രൂപ) ധനസഹായം നല്‍കും.
കൂടുതല്‍ വിവരങ്ങളും, അപേക്ഷ ഫോമും ലഭിക്കാൻ കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഓഫീസിൽ ബന്ധപ്പെടുകയോ, വനം വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ജൂലൈ 31നകം സാമൂഹ്യ വനവല്‍കരണ വിഭാഗത്തിന്റെ ഉദയഗിരി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസര്‍വേറ്റർ ഓഫീസിലോ, ഹൊസ്ദുര്‍ഗ് , ഉദയഗിരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസുകളിലോ നല്‍കാം. ബന്ധപ്പെടേണ്ട നമ്പർ: 04994-255 234, 8547603836, 9447979152 , 8547603838.