തൃശ്ശൂർ: അഴീക്കോട് തീരത്തോട് ചേര്‍ന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ മത്സ്യബന്ധനത്തിന് പോയ കിലുക്കം എന്ന വള്ളമാണ് ചെറുമത്സ്യങ്ങള്‍ പിടിച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. എറിയാട് സ്വദേശി ഇബ്രഹിം മകന്‍ ഇക്ബാലിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.
10 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 1200 കിലോ അയല ഇനത്തില്‍പ്പെട്ട മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവയെ പിടികൂടുന്നത് കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. വള്ളത്തിലെ ചെറുമത്സ്യങ്ങളെ പിന്നീട് പുറം കടലില്‍ നിക്ഷേപിച്ചു. അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം എന്‍ സുലേഖയുടെ നേതൃത്വത്തില്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, അഴീക്കോട് കോസ്റ്റല്‍ പോലീസ് എന്നിവരുടെ സംയുക്ത പട്രോളിംഗ് സംഘമാണ് വള്ളം പിടിച്ചെടുത്തത്. വള്ളം അധികൃതര്‍ക്കെതിരേ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മൂല്യവര്‍ദ്ധിത മത്സ്യ ഉല്‍പാദനത്തിൽ വയനാടിന് വൻ സാധ്യതകൾ
എഫ്ഇഒ ശ്രൂതിമോള്‍, എഎഫ്ഇഒ സംന ഗോപന്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരായ ഷിനില്‍ കുമാര്‍, വി എന്‍ പ്രശാന്ത് കുമാര്‍, വി എം ഷൈബു, കോസ്റ്റല്‍ പോലിസ് ഉദ്യോഗസ്ഥന്‍ അഖിലേഷ്, ലൈഫ് ഗാര്‍ഡുമാരായ പി ജി പ്രസാദ്, പി എസ് ഫസല്‍, സ്രാങ്ക് ഹരികുമാര്‍ എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമില്‍ ഉണ്ടായിരുന്നത്.
നിയമവിരുദ്ധ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ എല്ലാ ഹാര്‍ബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും സ്‌പെഷ്യല്‍ ടാസ്‌ക് സ്വാഡുകള്‍ പരിശോധന തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അനിത അറിയിച്ചു.