പുനരധിവാസവും ക്ഷേമവും ഉറപ്പാക്കി മത്സ്യത്തൊഴിലാളി സമൂഹത്തെ ചേർത്തു നിർത്തിയാകും സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭവന നിർമാണം പൂർത്തിയാകുന്നതിന് സമയമെടുക്കുമെന്ന് നമുക്കെല്ലാം അറിയാം. അത് പൂർത്തീകരിക്കുന്നത് വരെ കുടുംബങ്ങൾ ഇപ്പോൾ കഴിയുന്ന ക്യാമ്പുകളിൽ തന്നെ കഴിയേണ്ടി വരിക എന്നത് പ്രായോഗികമല്ല. അതിനുള്ള ഒരു ആശ്വാസം എന്ന നിലക്കാണ് വാടക വീട എടുക്കുന്നതിനാവശ്യമായ പണം സർക്കാർ നൽകുന്നത്.
വീട്ടു വാടകയിനത്തിൽ എത്ര തുക നൽകേണ്ടതായി വരുമെന്നത് പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ തിരുവനന്തപുരം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ജില്ലാ കലക്ടറുടെ ശുപാർശയനുസരിച്ച് 5,300 രൂപയാണ് ഒരു കുടുംബത്തിന് വാടകയായി അനുവദിക്കേണ്ടത്. സർക്കാർ അത് 5,500 രൂപയായി നിജപ്പെടുത്തുകയായിരുന്നു.
ഫ്ലാറ്റുകൾ നിർമിച്ച് മത്സ്യതൊഴിലാളികളെ മാതൃകാപരമായി പുനരധിവസിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മാതൃകയിലാകും തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങൾ. പുതുതായി നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം കണ്ടെത്തിയത് മൃഗസംരക്ഷണ വകുപ്പുമായി നടത്തിയ ചർച്ചയിലൂടെയാണ്. ഇങ്ങനെ കണ്ടെത്തിയ എട്ടേക്കർ ഭൂമിയോടൊപ്പം തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി സൗജന്യമായി നൽകിയ രണ്ട് ഏക്കർ ഭൂമിയിലും ഫ്‌ളാറ്റുകൾ നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചു. നമ്മുടെ മത്സ്യത്തൊഴിലാളികൾ പലഘട്ടങ്ങളിലും വലിയതോതിലുള്ള പ്രതിസന്ധികൾ നേരിടുന്നവരാണ്.
അർഹമായ ഈ തുക ഓരോ കുടുംബത്തിനും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയാണ്. ഇത് താത്കാലികമായ ഒരു സമാശ്വാസ പദ്ധതി മാത്രമേ ആകുന്നുള്ളു.
എല്ലാവരെയും കഴിയാവുന്നത്ര വേഗത്തിൽ പുനരധിവസിപ്പിക്കുക എന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത് ഇതിനായി യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. പുനരധിവാസത്തിന്റെ ഭാഗമായി ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഭവനനിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പ്രവർത്തനം വിലയിരുത്തും.
ഓഖി പോലെയുള്ള ദുരന്തങ്ങൾ സംഭവിച്ചു. കാലാവസ്ഥയ്ക്ക് വലിയ തോതിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കടുത്ത പ്രത്യാഘാതങ്ങളാണ് നാടിനും നാട്ടുകാർക്കും അനുഭവിക്കേണ്ടിവരുന്നത്. എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ ആഘാതം ഏറ്റുവാങ്ങേണ്ടി വരുന്നവർ മത്സ്യത്തൊഴിലാളികളാണ്. ഇത്തരം അവസ്ഥയിൽ മീൻ പിടിച്ച് ഉപജീവനം നടത്താൻ അവർക്ക് കഴിയുന്നില്ല. പലഘട്ടത്തിലും തൊഴിൽ നിഷേധിക്കപ്പെടുന്നു എന്നതാണ് വസ്തുത.
ഇത്തരം ഘട്ടത്തിൽ അത് മുൻകൂട്ടി കണ്ടുള്ള നടപടികൾ സർക്കാർ നേരത്തെ സ്വീകരിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നമുക്ക് പരിഹരിക്കാവുന്നതല്ല. അത് ഒരു ആഗോള പ്രശ്‌നമാണ്. ഓഖി ദുരന്തം ഇവിടെ നേരിടേണ്ടിവന്ന സാഹചര്യത്തിൽ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സമാശ്വസിപ്പിക്കുന്നതിന് രാജ്യത്ത് തന്നെ ആദ്യമായി പാക്കേജ് പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം.
മത്സ്യത്തൊഴിലാളികൾക്കൊപ്പം സർക്കാരുണ്ട് എന്ന സന്ദേശമാണ് നൽകിയത്. 72 വീടുകൾ പൂർണമായും 458 എണ്ണം ഭാഗികമായും തകർന്നു. പൂർണ്ണമായും തകർന്ന വീടുകൾ നിർമ്മിക്കുന്നതിന് സ്ഥലം അടക്കം കണ്ടെത്തി വീട് നിർമ്മിക്കേണ്ടതിന് 10 ലക്ഷം രൂപ ധനസഹായം നൽകുന്നതിന് ഏഴു കോടി 40 ലക്ഷം രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചത്. മാറിതാമസിക്കാൻ തയാറായ 22 കുടുംബങ്ങൾ വേറെ ഭൂമിയിൽ വീടുകൾ നിർമ്മിച്ച് മാറി താമസിച്ചു കഴിഞ്ഞു. പൂർണമായും സർക്കാർ നിർദേശിച്ച രീതിയിൽ ഭവന നിർമ്മാണം പൂർത്തീകരിക്കുന്ന സ്ഥിതിയുണ്ടായി.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan Latest: നിങ്ങളറിഞ്ഞോ? ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഈ ഓപ്ഷൻ നീക്കം ചെയ്തു
ഓഖി ദുരന്തത്തിൽ മരണപ്പെട്ടതും കാണാതായതുമായ 143 മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസത്തിനായി 14 കോടി രൂപ സർക്കാർ നീക്കിവെച്ചു. 2037 വരെ കുട്ടികളുടെ പഠനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.