1. News

ഒന്നിന് വേണ്ടി മറ്റൊന്നിനെ ബലികൊടുക്കില്ല: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി

കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതി മുൻനിർത്തിയുള്ള ബഫർസോൺ നിർണയം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനപക്ഷത്ത് നിന്ന് ശരിയായ രീതിയിൽ ബഫർ സോൺ വിഷയം പരിഹരിക്കാനുള്ള സമ്മർദമാണ് കേന്ദ്രത്തിൽ ചെലുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Anju M U
pinarayi
കേരളത്തിന്റെ സവിശേഷ ഭൂപ്രകൃതി മുൻനിർത്തിയുള്ള ബഫർസോൺ നിർണയം വേണം

കേരളത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി സവിശേഷതയും ഉപജീവന സംബന്ധിയായ പ്രത്യേകതയും മുൻനിർത്തയുള്ള ബഫർ സോൺ നിർണയമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനപക്ഷത്ത് നിന്ന് ശരിയായ രീതിയിൽ ബഫർ സോൺ വിഷയം പരിഹരിക്കാനുള്ള സമ്മർദമാണ് കേന്ദ്രത്തിൽ ചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ:  കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും; മന്ത്രി പി.പ്രസാദ്

വനമഹോത്സവം 2022ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പരിസ്ഥിതി സംരക്ഷണവും മനുഷ്യ സംരക്ഷണവും സമതുലിതമായി മുന്നോട്ട് കൊണ്ടുപോകുന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒന്നിന് വേണ്ടി മറ്റൊന്നിനെ ബലികൊടുക്കില്ല

ഒന്നിന് വേണ്ടി മറ്റൊന്നിനെ ബലികൊടുക്കുന്ന നിലപാട് സ്വീകരിക്കില്ല. കേരളത്തിന്റെ ഒരു വശത്തു കടലും മറുവശത്തു മലകളുമാണ്. ഇതിനിടയിൽ ഇടയിൽ 44 നദികളും ഒട്ടേറെ നീർത്തടങ്ങളും ചേർന്ന് അതീവ പ്രത്യേകതയാർന്ന ഭൂപ്രകൃതിയുള്ള സംസ്ഥാനമാണു കേരളം.

ബഫർ സോൺ നിർണയത്തിൽ ജനവാസ മേഖലകളെ ഒഴിവാക്കുക, വിവിധ എക്സ്പേർട്ട് കമ്മിറ്റികളുടെ നിർദേശപ്രകാരമുള്ള മാറ്റങ്ങൾ വരുത്തുക തുടങ്ങിയ നിർദേശങ്ങളാണു കേരളം കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതിയും വികസനവും പരസ്പര വിരുദ്ധമാണെന്ന രീതിയിൽ വിഷയങ്ങളെ സമീപിക്കുന്ന രീതിയുണ്ട്. ഇത് രണ്ടും മനുഷ്യന്റെ നിലനിൽപ്പിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണ്. മാനവരാശിയുടെ ചരിത്രം അതാണ് വ്യക്തമാക്കുന്നത്. സുസ്ഥിര വികസന കാഴ്ചപ്പാടിൽ ഇവ രണ്ടിനേയും ഗൗരവമായി സമീപിക്കുന്ന നിലപാടാണു സർക്കാരിനുള്ളത്. വികസന ക്ഷേമ പ്രവർത്തനങ്ങളിലും ഈ സമീപനമാകും പ്രതിഫലിക്കുന്നത്.
വിവേചനരഹിതമായി പ്രകൃതിക്കുമേൽ ചെലുത്തുന്ന സമ്മർദം ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ തോതിൽ വർധിക്കുന്നുണ്ട്. ഇതിന്റെ ഫലമായാണു കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്നത്. കാലംതെറ്റിയ മഴ, പ്രളയം, കെടുതികൾ, മണ്ണിടിച്ചിൽ തുടങ്ങിയ ദൂഷ്യഫലങ്ങൾ ഇതുമൂലം അനുഭവിക്കുകയാണ്. പാരിസ്ഥിതിക പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ വലിയ തോതിൽ മുന്നോട്ടുപോകാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്.

2019ലെ ഫോറസ്റ്റ് സർവെ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ 823 ചതുരശ്ര കിലോമീറ്റർ വനമേലാപ്പ് കേരളത്തിൽ വർധിച്ചതായാണു കാണിക്കുന്നത്. 2021ലെ റിപ്പോർട്ടിൽ ഇതിൽ 109 ചതുരശ്ര കിലോമീറ്റർ വർധനവുണ്ടായിട്ടുണ്ട്. ലോകത്തെ പൊതുവായ സ്ഥിതിയിൽനിന്നു ഗുണപരമായ വലിയ വ്യത്യാസം കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്നതിന്റെ തെളിവാണിത്.

സംസ്ഥാനത്ത് വന മേലാപ്പിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. വനസംരക്ഷണ പ്രവർത്തനങ്ങൾ, തോട്ടങ്ങളുടെ വളർച്ച, വൃക്ഷമേലാപ്പിന്റെ സാന്ദ്രതയിലുള്ള വർധന തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇതു തയാറാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ വൃക്ഷത്തൈ വച്ചുപിടിപ്പിക്കലും പരിപാലിക്കലും പദ്ധതി വലിയ ഗുണം ചെയ്തിട്ടുണ്ട്.

വച്ചുപിടിപ്പിക്കുന്ന വൃക്ഷത്തൈകളിൽ ഭൂരിഭാഗവും പരിപാലിക്കുന്നുവെന്നതും തെളിവാണ്. വിദേശ ഏകവിളത്തോട്ടങ്ങളെ വനമേഖലയിൽനിന്ന് ഒഴിവാക്കുന്ന കാര്യത്തിൽ നേരത്തേ തിരുമാനമെടുത്തിട്ടുണ്ട്. ഘട്ടംഘട്ടമായി ഇവ ഒഴിവാക്കി സ്വാഭാവിക വനം പുനഃസ്ഥാപനത്തിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്നും വനമേഖലയാണെന്നും ഇത് നിലനിർത്താൻ സാധിക്കുന്നതു വനസംരക്ഷണ പ്രവർത്തനങ്ങളിലെ കേരളത്തിന്റെ ജാഗ്രതയാണു കാണിക്കുന്നതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു.
വന്യജീവി സംരക്ഷണത്തോടൊപ്പം വനമേഖലയിൽ മനുഷ്യന്റെ ജീവനും സ്വത്തിനും പൂർണ സംരക്ഷണം നൽകുന്നതിനുള്ള സജീവ ഇടപെടൽ വനം വകുപ്പ് നടത്തുന്നുണ്ടെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പിന്റെ ഒരു വർഷത്തെ പ്രവർത്തനരേഖ വിവരിക്കുന്ന 'കൈകോർത്ത് മുന്നോട്ട്' എന്ന പുസ്തകം മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും ചേർന്നു പ്രകാശനം ചെയ്തു.

നിയമസഭയിലെ ആർ. ശങ്കരനാരായണൻ നമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, അഹമ്മദ് ദേവർകോവിൽ, വി. അബ്ദുറഹിമാൻ, പി. പ്രസാദ്, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാൻ സിൻഹ, മുഖ്യ വനംമേധാവി ബെന്നിച്ചൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

English Summary: Kerala CM Pinarayi Vijayan Opined On Buffer Zone Issue

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds