നമ്മുടെ പറമ്പുകളിൽ പ്രത്യേകിച്ച് ഓണക്കാലത്ത് സമൃദ്ധമായി കാണുന്ന ഔഷധച്ചെടികളാണ് മുക്കുറ്റിയും കീഴാര്‍നെല്ലിയും.എന്നാൽ സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടായ മഹാപ്രളയങ്ങള്‍ക്ക് ശേഷം കേളത്തിലെ ഒട്ടുമിക്ക ഔഷധ സസ്യങ്ങളും കാണാതായിരിക്കുന്നതായി കണ്ടെത്തി കഴിഞ്ഞ വര്‍ഷം മുതല്‍ ഒട്ടുമിക്ക ഔശധച്ചെടികളും കാണാന്‍ കിട്ടാത്ത സ്ഥിതിയിലാണ്. എല്ലാംകവര്‍ന്ന മഹാപ്രളയം ഔഷധസസ്യങ്ങളെയും വിഴുങ്ങി.
കീഴാര്‍നെല്ലി, മുക്കുറ്റി, വെറ്റിലക്കൊടി എന്നിവയുടെ ലഭ്യത പ്രളയാനന്തരം 60 മുതല്‍ 70 ശതമാനം വരെ കുറഞ്ഞു. സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളില്‍നിന്ന് മരുന്നുചെടികള്‍ ശേഖരിക്കുന്ന പറിമരുന്ന് അസോസിയേഷൻ്റെ കണക്കാണിത്.വയലുകളിലാണ് കീഴാര്‍നെല്ലി ഏറ്റവും കൂടുതല്‍ ഉണ്ടാവുക. പ്രളയത്തില്‍ വയലുകള്‍മിക്കതും വെള്ളത്തില്‍ മൂടിയതോടെ ഇവ കേടായി. കവുങ്ങിന്‍ തോട്ടങ്ങളില്‍ വെള്ളം കെട്ടിനിന്നതോടെ തോട്ടങ്ങളിലുണ്ടാകുന്ന വലിപ്പംകൂടിയ മുക്കുറ്റിച്ചെടികളും കവുങ്ങിലും അല്ലാതെയും കൃഷിചെയ്യുന്ന വെറ്റിലയും കൂട്ടത്തോടെ നശിച്ചു. പ്രളയം കഴിഞ്ഞ തവണത്തേതിനെക്കാള്‍ തീവ്രമായതിനാല്‍ ഇത്തവണ നഷ്ടവും കൂടി.
പത്തുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കിട്ടുന്ന അളവില്‍ മുക്കുറ്റിയും കീഴാര്‍നെല്ലിയും പറിച്ചെടുക്കാന്‍ ഇപ്പോള്‍ നൂറുകിലോമീറ്റര്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ്.ഇരുപതുപേര്‍ അംഗങ്ങളായ അറഫ ട്രേഡേഴ്‌സ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയടക്കമുള്ള സ്ഥാപനങ്ങളിലേക്ക് മരുന്നുകള്‍ എത്തിച്ചുനല്‍കുന്നുണ്ട്. വര്‍ഷത്തില്‍ അമ്പതിനായിരം മുതല്‍ അറുപതിനായിരംവരെ കിലോ കിഴാര്‍നെല്ലി ശേഖരിക്കുന്ന അസോസിയേഷന് അത്രയും അളവ് ഒപ്പിക്കാന്‍ ഇത്തവണ പാടുപെടേണ്ടിവരും. അഞ്ചുകിലോ പച്ചക്കീഴാര്‍നെല്ലി ഉണക്കിയാല്‍ ഒരു കിലോയാണ് കിട്ടുക. കീഴാര്‍നെല്ലിയും മുക്കുറ്റിയും കൂടുതലായും ശേഖരിക്കുന്നത് പാലക്കാടന്‍ ഗ്രാമങ്ങളില്‍നിന്നാണ്. വെറ്റില മലപ്പുറത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും.
മുക്കുറ്റി അയ്യായിരം മുതല്‍ ആറായിരം കിലോവരെ വേണ്ടിവരും. വെറ്റില ഇരുപത്തയ്യായിരം കിലോയും. പറിച്ച് കൊണ്ടുവരുന്ന മരുന്നുകള്‍ വ്യത്യസ്ത ഔഷധങ്ങള്‍ക്ക് ആവശ്യമായ കൂട്ടായാണ് വൈദ്യശാലകള്‍ക്ക് നല്‍കുക. അങ്ങനെ നല്‍കുമ്പോള്‍ മുക്കുറ്റിക്കും വെറ്റിലക്കൊടിക്കും കിലോയ്ക്ക് 37 രൂപ വീതവും കീഴാര്‍നെല്ലിക്ക് 45 രൂപയുമാണ് കിട്ടുക. പറിച്ചെടുക്കാനുള്ള കൂലിച്ചെലവ് കൂടിയാല്‍ നഷ്ടം ഉറപ്പ്.