Updated on: 4 November, 2022 5:20 PM IST

1. സംസ്ഥാനത്തെ ഭക്ഷ്യവില വർധനവ് തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഇതിന്റെ ഭാഗമായി ഭക്ഷ്യധാന്യങ്ങളുടെ വിലയിൽ കൃത്രിമമായ വർധനവ് സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. റേഷൻ കടകൾ, സപ്ലൈകോ മാവേലി സ്റ്റോറുകൾ, സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകൾ എന്നിവ വഴി കൂടുതൽ അരി റേഷൻ കാർഡുടമകൾക്ക് എത്തിക്കുന്നതിനു നടപടികൾ സ്വീകരിച്ചു. വിഷയത്തിൽ ജില്ലാ കളക്ടർമാരുടേയും, ജില്ലാ സപ്ലൈ ഓഫീസർമാരുടേയും, ലീഗൽ മെട്രോളജി കൺട്രോളറുടേയും യോഗം വിളിച്ചിരുന്നു. വില നിലവാരം കൃത്യമായി പ്രദർശിപ്പിക്കാത്ത കടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കരിഞ്ചന്ത, പൂഴ്ത്തി വയ്പ് എന്നിവ തടയുന്നതിന് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: LPG Cylinder: രാജ്യത്ത് എൽപിജി സിലിണ്ടറുകളുടെ വില കുറഞ്ഞു..കൂടുതൽ കൃഷി വാർത്തകളിലേക്ക്

2. 'കൃഷിക്ക് ഒപ്പം കളമശ്ശേരി'യുടെ ഭാഗമായി കുസാറ്റ് കാമ്പസിൽ ആദ്യ വിളവെടുപ്പ് നടന്നു. വിവിധ വകുപ്പുകൾ, സഹകരണ ബാങ്കുകൾ, കർഷകർ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. കളമശ്ശേരി സർവീസ് സഹകരണ ബാങ്കിനു കീഴിൽ രൂപീകരിച്ച എസ്.എച്ച്.ജിയുടെ അംഗമായ സെയ്ദാണ് കാമ്പസിലെ 3 ഏക്കറിൽ കൃഷി ചെയ്തത്.
വെണ്ട, ചീര, വെള്ളരി, മത്തൻ, കുമ്പളം, തണ്ണിമത്തൻ, ചുരയ്ക്ക എന്നിങ്ങനെ വിവിധ ഇനം പച്ചക്കറികളാണ് വിളവെടുത്തത്. കളമശ്ശേരി സർവീസ് സഹകരണ ബാങ്കിനു കീഴിൽ രൂപീകരിച്ച 13 സംഘങ്ങളിൽ ആദ്യ യൂണിറ്റിന്റെ വിളവെടുപ്പായിരുന്നു ഇത്.

3. സംസ്ഥാനത്ത് കാലിത്തീറ്റ വില കുത്തനെ ഉയർന്നു. പാൽവില വർധിക്കാത്തതും ഉൽപാദന ചെലവ് കൂടിയതും ക്ഷീരകർഷകരെ വലയ്ക്കുന്ന സാഹചര്യത്തിലാണ് കാലിത്തീറ്റ വിലയുടെ വർധനവ്. ഒറ്റദിവസം കൊണ്ട് 50 കിലോ ചാക്കിന് 180 രൂപയാണ്​ വർധിച്ചത്. 2015ൽ 885 രൂപയായിരുന്ന കാലിത്തീറ്റക്ക് ഇപ്പോൾ വില 1550 രൂപയാണ്. പ്രതിസന്ധി രൂക്ഷമായാൽ കാലിവളർത്തൽ ഉപേക്ഷിക്കേണ്ടി വരുമെന്ന് കർഷകർ പറയുന്നു. അതേസമയം പുൽകൃഷിയുടെ കുറവും വയ്​ക്കോൽ വില വർധനവും മൂലം നിരവധി കർഷകർ കാലിവളർത്തൽ ഉപേക്ഷിച്ചു.

4. വില വര്‍ധനവിനെതിരെ മിന്നല്‍ പരിശോധനകള്‍ക്ക് തുടക്കമിട്ട് ആലപ്പുഴ ജില്ല കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ. പൊതുവിപണിയിലെ വിലവര്‍ധനവ്, അമിത വില ഈടാക്കല്‍, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുകയാണ് പരിശോധനയുടെ ലക്ഷ്യം. പൊതു വിപണിയിലെ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലവര്‍ധനവ് നിയന്ത്രിക്കുന്നതിന് പരിശോധന ശക്തിപ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നിര്‍ദേശം നല്‍കിയതിനെ തുടർന്നാണ് പരിശോധന. പൊതുവിതരണവകുപ്പ്, ലീഗല്‍ മെട്രോളജി, റവന്യൂ, പോലീസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുക. നിലവില്‍ എല്ലാ താലൂക്കുകളിലും പൊതുവിതരണ വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ആരംഭിച്ചു. ഇതിനകം വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത 15 കടകള്‍ക്കെതിരെ നടപടിയെടുത്തു.

5. കോഴിക്കോട് ഓമശ്ശേരിയിൽ ജൈവ വൈവിധ്യ ഉദ്യാനം ഒരുങ്ങുന്നു. മണ്ണും പച്ചപ്പും പ്രകൃതിയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കൂടത്തായി കൊല്ലപ്പടിയിൽ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പത്ത്‌ സെന്റ്‌ സ്ഥലത്താണ് ജൈവ ഉദ്യാനം ഒരുക്കുന്നത്. വിവിധ ഇനത്തിൽപെട്ട ചെടികൾ, ഔഷധ സസ്യങ്ങൾ, സംരക്ഷിത മരങ്ങൾ, ശലഭോദ്യാനം, പൂച്ചെടികൾ, മീൻ കുളം തുടങ്ങിയവയും ജൈവ വൈവിധ്യ ഉദ്യാനത്തിൽ നിർമിക്കുന്നുണ്ട്.

6. ഊര്‍ജ കേരള മിഷന്റെ ഭാഗമായി വയനാട്ടിൽ നടപ്പിലാക്കുന്ന പുരപ്പുറ സൗരോര്‍ജ പദ്ധതി വൻവിജയം. പദ്ധതിയുടെ ഭാഗമായി 100 സൗരോര്‍ജ പ്ലാന്റുകളാണ് സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര കെട്ടിടങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്. 100 സൗരോര്‍ജ പ്ലാന്റുകളിലൂടെ 2.025 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് കെ.എസ്.ഇ.ബിയുടെ ലക്ഷ്യം. പദ്ധതിയുടെ ചിലവ് പൂര്‍ണമായും കെ.എസ്.ഇ.ബി വഹിക്കും. പ്ലാന്റുകളില്‍ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയില്‍ 90 ശതമാനം വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്കും 10 ശതമാനം അതത് സ്ഥാപനങ്ങളിലേക്കും നല്‍കും. ഇതുവരെ കമ്മീഷന്‍ ചെയ്ത 40 പ്ലാന്റുകളിലൂടെ പ്രതിമാസം 72,000 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.

7. കോട്ടയം ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ആർപ്പൂക്കര, മുളക്കുളം ഗ്രാമപഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽനിന്നു പന്നി മാംസ വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവച്ചു. 

8. 15-ാംമത് അഗ്രോ ടെക് ഇന്ത്യ 2022ന് ഇന്ന് തുടക്കം. ചണ്ഢിഗഡ് സെക്ടർ 17 പരേഡ് ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. ഇന്ത്യൻ ഭക്ഷ്യ-കാർഷിക മേഖലകളിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടുവന്ന ഇന്ത്യയിലെ മികച്ച സംരംഭങ്ങളിലൊന്നാണ് CII അഗ്രോ ടെക് ഇന്ത്യ. 100-ലധികം സ്റ്റാളുകൾ, B2G & G2B യോഗങ്ങൾ, ചർച്ചകൾ എന്നിവ 4 ദിവസം നീളുന്ന പ്രദർശനത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. കാർഷിക, ഭക്ഷ്യ സംസ്കരണ മേഖലകളിലെ വ്യവസായികൾക്കും, സംരംഭകർക്കും പരിപാടിയിലൂടെ മികച്ച അവസരമൊരുക്കുകയാണ് CII Agro Tech India.

9. ഏഴാമത് ഇന്ത്യ വാട്ടർ വീക്ക് 2022 ഡൽഹിയിൽ ആരംഭിച്ചു. ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്ററിൽ നടക്കുന്ന പരിപാടി നാളെ സമാപിക്കും. 'സമത്വത്തോടെയുള്ള സുസ്ഥിര വികസനത്തിന് ജലസുരക്ഷ' എന്നതാണ് INDIA WATER WEEK 2022ന്റെ ആശയം. പരിപാടിയിൽ കൃഷി ജാഗരണും പങ്കാളിയായി.

10. നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് പോർട്ടൽ ലോഞ്ച് ചെയ്ത് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. ദേശീയ പ്രകൃതി കാർഷിക മിഷന്റെ ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് പോർട്ടൽ ലോഞ്ച് ചെയ്തത്. കർഷക രജിസ്ട്രേഷൻ ഉൾപ്പെടെ കാർഷിക മേഖലയിലെ എല്ലാ വിവരങ്ങളും പോർട്ടലിലൂടെ കർഷകർക്ക് അനായാസം ലഭിക്കും. കാർഷിക ഉൽപന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താൻ സംസ്ഥാന സർക്കാരുകളും കേന്ദ്ര വകുപ്പുകളും കർഷകർക്ക് ഒപ്പമുണ്ടാകണമെന്ന് കൃഷിമന്ത്രി നിർദേശം നൽകി.

11. കേരളത്തിൽ തുലാവർഷം കനക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരള-തമിഴനാട്-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: Fodder prices rose sharply Dairy farmers are worried more agriculture malayalam news
Published on: 04 November 2022, 04:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now