1. കേരളത്തിൽ അരിവില കൂടാൻ സാധ്യതയെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. സംസ്ഥാന ബജറ്റിൽനിന്നും മതിയായ പദ്ധതിവിഹിതം ലഭിക്കാത്ത സാഹചര്യത്തിൽ വിപണി ഇടപെടൽ അസാധ്യമായെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഓപ്പൺ മാർക്കറ്റ് സ്കീമിൽ പങ്കെടുക്കാൻ സർക്കാർ ഏജൻസികൾക്ക് അനുമതി നൽകിയിട്ടില്ലെന്നും, തീരുമാനത്തിൽ മാറ്റം കൊണ്ടുവരണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
കൂടുതൽ വാർത്തകൾ: 3 ലക്ഷം വരെ വായ്പ; കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ ചേരൂ!!
സംസ്ഥാന ബജറ്റിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പിന് അർഹമായ പരിഗണന നൽകിയിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനുള്ള പണം പോലും ഇത്തവണ ബജറ്റിൽ അനുവദിച്ചിരുന്നില്ല. സബ്സിഡി സാധനങ്ങൾ വിൽപന ചെയ്ത വകയിൽ സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത് 2011 കോടിയും, വിതരണക്കാർക്ക് നൽകാനുള്ളത് 792 കോടിയുമാണ്. എന്നാൽ ബജറ്റിൽ അനുവദിച്ചത് 205 കോടി മാത്രം. വിതരണക്കാർ കൂടി പിന്മാറിയതോടെ സപ്ലൈകോ സ്റ്റോറുകളിൽ നിരവധി സാധനങ്ങൾ സ്റ്റോക്കില്ലാത്ത അവസ്ഥയാണ്.
2. ആലപ്പുഴ ജില്ലയിലുള്ളവർക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയിൽ ചേരാം. കര്‍ഷകരെ പദ്ധതിയിലേക്ക് ചേർക്കുന്നതിനുള്ള മൃഗ സംരക്ഷണ വകുപ്പിന്റെ ക്യാമ്പയിന്‍ തുടരുകയാണ്. അമ്പലപ്പുഴ താലൂക്കിലെ ക്ഷീര കര്‍ഷകരും മൃഗ സംരക്ഷണ മേഖലയിലെ മറ്റ് കര്‍ഷകരും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാൻ ഫെബ്രുവരി 15-നകം അപേക്ഷ നൽകണം. റേഷന്‍ കാര്‍ഡ്, ആധാര്‍ കാർഡ്, കരം അടച്ച രസീത് എന്നിവയുടെ പകര്‍പ്പും ഫോട്ടോയും ഉൾപ്പെടെ അതത് പഞ്ചായത്/ മുനിസിപ്പാലിറ്റികളിലെ വെറ്ററനറി ഡിസ്പെന്‍സറി/ ഹോസ്പിറ്റല്‍/ ജില്ല വെറ്ററനറി കേന്ദ്രം എന്നിവിടങ്ങളില്‍ അപേക്ഷ നൽകണം. അപേക്ഷാ ഫോം മൃഗാശുപത്രികളില്‍ ലഭ്യമാണ്.
3. കളമശ്ശേരി മണ്ഡലത്തിലെ 70 ഏക്കർ സ്ഥലത്ത് വിളവെടുപ്പിനൊരുങ്ങി നിൽക്കുകയാണ് തികച്ചും ജൈവരീതിയിൽ കൃഷി ചെയ്ത രാജകൂവകൾ. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളായി മാഞ്ഞാലി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് കൂവകൃഷി ആരംഭിച്ചത്. കൂവ കേടുകൂടാതെ ശേഖരിച്ച് സൂക്ഷിക്കുന്നതിനായി എ.ഐ.എഫ് പദ്ധതിയിലുൾപ്പെടുത്തി സംസ്കരണശാലയും മണ്ഡലത്തിൽ സ്ഥാപിച്ചിട്ടുണ്ട്. മറ്റു കൃഷികളുമായി താരതമ്യം ചെയ്യുമ്പോൾ കൂവ കൃഷിക്ക് അദ്ധ്വാനവും സാമ്പത്തിക ചെലവും വളരെ കുറവാണ്. കൃഷിക്കാരുടെ മുഴുവൻ വിളവും ന്യായമായ വില നൽകി ബാങ്ക് സംഭരിക്കും.
4. ഗ്രാന്റ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി ഓമശ്ശേരിയിൽ കൊയ്ത്തുത്സവത്തിന് ആവേശത്തുടക്കം. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി റൊയാഡ് ഫാം ഹൗസിലെ ഒരേക്കർ വയലിൽ ജനപ്രതിനിധികളുടേയും സ്കൂൾ വിദ്യാർത്ഥികളുടേയും സാന്നിദ്ധ്യത്തിലാണ് കൊയ്ത്തുത്സവം നടന്നത്. എംകെ മുനീർ എംഎൽഎ മുഖ്യാതിഥിയായി. ഫെസ്റ്റ് 15 ദിവസം നീണ്ടുനിൽക്കും. ഫെസ്റ്റിന്റെ ഭാഗമായി ഓമശ്ശേരിയിൽ 9, 10, 11 തിയ്യതികളിൽ മഡ് ഫുട് ബോളും, സപ്ത ദിന കാർഷിക വിപണന പ്രദർശന മേളയും സംഘടിപ്പിക്കും.