കുളമ്പുരോഗം പൂർണ്ണമായും ഇല്ലാതാക്കുന്നതിനായി ആരംഭിച്ച കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രതിരോധ വാക്‌സിൻ കിറ്റ് മുഖ്യമന്ത്രി മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയ്ക്ക് കൈമാറി. തുടർന്ന് ക്ലിഫ് ഹൗസിലെ പശുവിന് ആദ്യ കുത്തിവയ്പ് നൽകി.
ഏതാനും വർഷം കൊണ്ട് കുളമ്പുരോഗം പൂർണമായി ഇല്ലാതാക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലുദ്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതിനാൽ കന്നുകാലികളുടെ ആരോഗ്യം പ്രധാന്യമർഹിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളോട് ക്ഷീരകർഷകർ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ 22 ലക്ഷത്തോളം വാക്‌സിനുകൾ എത്തിയിട്ടുണ്ട്. മുഴുവൻ കന്നുകാലികൾക്കും കുളമ്പുരോഗ പ്രതിരോധ വാക്‌സിൻ എടുക്കുക എന്ന വലിയ ദൗത്യമാണ് മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുത്തിരിക്കുന്നതെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ആറ് മുതൽ 9 മാസത്തിനിടയ്ക്ക് വീണ്ടും അടുത്ത കുത്തിവയ്പ് എടുക്കേണ്ടതുണ്ട്.
കുളമ്പുരോഗബാധ കന്നുകാലികളുടെ പാലുദ്പാദനം കുറയ്ക്കുന്നു. ഇത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നു. 2030 ഓടെ കുളമ്പുരോഗത്തെ കേരളത്തിൽ നിന്ന് തുടച്ചുനീക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുളമ്പുരോഗം വ്യാപകം; ആലപ്പുഴ മിൽമ പ്രതിസന്ധിയിൽ