വാഹനാപകടത്തിൽ ഇലക്ട്രിക് പോസ്റ്റിന് നഷ്ടമുണ്ടായാൽ ആരാണ് നഷ്ടപരിഹാരം കൊടുക്കേണ്ടത്?
മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 165,166 പ്രകാരം, നിലവിൽ തേർഡ് പാർട്ടി ഇൻഷുറൻസുള്ള, വാഹനം അപകടത്തിൽ പെടുകയും നാശ നഷ്ടങ്ങൾ മൂന്നാം കക്ഷിക്ക് ഉണ്ടാകുകയും ചെയ്താൽ നഷ്ടപരിഹാരം കൊടുക്കേണ്ട ഉത്തരവാദിത്വം ഇൻഷുറൻസ് കമ്പനിക്കാണ്. അപകടം നടന്നതിനുശേഷം, ഇൻഷുറൻസ് കമ്പനിയെ രേഖാമൂലം അറിയിക്കേണ്ട ഉത്തരവാദിത്വം വാഹന ഉടമയ്ക്കുണ്ട്. മൂന്നാം കക്ഷിക്ക് ഉണ്ടാകുന്ന നഷ്ടം ഏതെങ്കിലും രീതിയിൽ വകയിരുത്തുവാൻ ഇൻഷുറൻസ് കമ്പനിയുടെ രേഖാമൂലമുള്ള നിർദ്ദേശമില്ലാതെ വാഹന ഉടമ തയ്യാറാകരുത്.
RoR സർട്ടിഫിക്കറ്റ് (Record of Right Certificate) വസ്തു രജിസ്ട്രേഷന് ആവശ്യമുണ്ടോ?
നിലവിലുള്ള രെജിസ്ട്രേഷൻ നിയമത്തിൽ, വസ്തു രജിസ്ട്രേഷന് വേണ്ടി RoR സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പ്രതിപാദിച്ചിട്ടില്ല. ആയതുകൊണ്ട് രജിസ്ട്രേഷൻ നിയമം ഭേദഗതി വരുത്താതെ, രജിസ്ട്രേഷനു വേണ്ടി RoR സർട്ടിഫിക്കറ്റ് നിർബന്ധിക്കാനാവില്ലെന്ന് Sainudheen v. State of Kerala(2013), P. C Jacob v. village Officer (2019)എന്ന കേസുകളിൽ ഹൈക്കോടതിയുടെ റൂളിംഗ് ഉണ്ട്. നിലവിൽ നിയമം ഇല്ലാതിരിക്കുമ്പോൾ രജിസ്ട്രേഷനു വേണ്ടി പ്രമാണം ഹാജരാക്കുമ്പോൾ RoR സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന നിയമവിരുദ്ധമാണ്.
രജിസ്ട്രേഷൻ ആക്ട് സെക്ഷൻ 71 (1) അനുസരിച്ച്, സബ് രജിസ്ട്രാറുടെ മുമ്പിൽ ഹാജരാക്കുന്ന പ്രമാണത്തിന്റെ രജിസ്ട്രേഷൻ അദ്ദേഹം നിഷേധിക്കുകയാണെങ്കിൽ,അതിന്റെ കാരണങ്ങൾ ഓഫീസിലുള്ള രണ്ടാം നമ്പർ പുസ്തകത്തിൽ രേഖപ്പെടുത്തുകയും, ബന്ധപ്പെട്ട കക്ഷികൾ അപേക്ഷ ബോധിപ്പിച്ചാൽ പുസ്തകത്തിൽ രേഖപ്പെടുത്തിയ കാരണങ്ങളുടെ പകർപ്പ് സൗജന്യമായും, താമസം കൂടാതെയും അയാൾക്ക് കൊടുക്കേണ്ടതുമാണ്.
എന്തൊക്കെ ഉൾപ്പെടുന്നതാണ് RoR
a. വസ്തു വിവരവും അളവും
b. കൈവശാവകാശിയുടെ പേരും വിലാസവും
c. ഭൂമിയിൽ മറ്റ് അവകാശങ്ങളോ ബാധ്യതകളോ ഉള്ള ആളുകളുടെ പേരും വിലാസവും
d. എന്തു തരത്തിലുള്ള കൈവശവും അവകാശവുമാണ് എന്നുള്ള വിവരങ്ങൾ
e. കുടികിടപ്പുകാരുണ്ടെങ്കിൽ വിവരങ്ങൾ
f. മറ്റ് എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ അവ