1. പിഎം കിസാൻ സഹായം ലഭിച്ച അയോഗ്യരിൽ നിന്നും 31 കോടി തിരിച്ചുപിടിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ നിർദേശം. പദ്ധതി വഴി അർഹരല്ലാത്ത 30,416 പേർക്ക് സഹായം ലഭിച്ചിരുന്നു. കൃഷിഭൂമി സ്വന്തം പേരിലല്ലാത്ത കർഷകർ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകർ, സ്ഥാപനപരമായ ഭൂമി കൈവശമുള്ളവർ, ഭരണഘടനാപരമായ തസ്തികകൾ വഹിക്കുന്ന, കർഷക കുടുംബങ്ങൾ, വിരമിച്ച കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, 10,000 രൂപയിൽ കൂടുതൽ പ്രതിമാസ പെൻഷൻ നേടുന്നവർ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദായനികുതി അടച്ചവർ തുടങ്ങിയവർ സ്കീമിന് യോഗ്യരല്ല.
ഇക്കാര്യമറിയിച്ച് സംസ്ഥാന കൃഷി ഡയറക്ടർ, സംസ്ഥാനതല ബാങ്കേഴ്‌സ് കോൺഫറൻസ് കൺവീനർക്ക് കത്തയച്ചു. അനർഹർക്കും ആദായനികുതി അടയ്ക്കുന്നവർക്കും നൽകിയ ഫണ്ട് എത്രയും വേഗം തിരിച്ചുപിടിക്കണമെന്ന് കത്തിൽ പറയുന്നു. 21,018 നികുതിദായകരിൽ നിന്ന് 18.8 കോടി രൂപ അർഹരല്ലാത്ത 9,398 പേരിൽ നിന്ന് 12.24 കോടി രൂപ എന്നിങ്ങനെ തിരിച്ചുപിടിക്കും. കേരളത്തിൽ സ്കീം ലഭിക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. നിലവിൽ കേരളത്തിൽ നിന്നും 37.2 ലക്ഷം പേർ പിഎം കിസാന്റെ ഗുണഭോക്താക്കളാണ്.
ബന്ധപ്പെട്ട വാർത്തകൾ: 13,288 പേർക്ക് തൊഴിൽ ലഭ്യമാക്കി കേരള നോളജ് എക്കണോമി മിഷൻ..കൃഷി വാർത്തകൾ അറിയാം
2. സംസ്ഥാന കർഷക ക്ഷേമനിധി പെൻഷൻ ലഭിക്കാൻ ഓൺലൈനായി അപേക്ഷ നൽകാം. http://kwth.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. കർഷകന്റെ സത്യപ്രസ്താവന, ഫോട്ടോ, കാർഷിക അനുബന്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, വാർഷിക വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, വയസ് തെളിയിക്കുന്ന രേഖ, കരം അടച്ച രസീത് അല്ലെങ്കിൽ ഭൂമി സംബന്ധിച്ച രേഖ എന്നിയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ അപ് ലോഡ് ചെയ്യണം. രജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് 1800 425 1661 എന്ന നമ്പറിൽ ബന്ധപ്പെടാം.
3. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ അവസരം. തിരുവനന്തപുരം ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർക്ക് തൊഴിലുറപ്പ് പദ്ധതിയെപ്പറ്റിയുള്ള പരാതികളും നിർദ്ദേശങ്ങളും നേരിട്ട് അറിയിക്കാം. ഈ മാസം ആറിന് കളക്ടറേറ്റിലെ ഓംബുഡ്സ്മാൻ ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട സിറ്റിംഗ് നടത്തും. രാവിലെ 11 മണി മുതൽ ഒരു മണി വരെയാണ് സിറ്റിംഗ് സമയം.
4. കോട്ടയം ഇല്ലിക്കലിൽ കുടുംബശ്രീ ട്രേഡ് ഫെയർ ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ, മൂന്നിലവ് സിഡിഎസ്, മൂന്നിലവ് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് മേള നടക്കുന്നത്. അഞ്ചുദിവസം നീളുന്ന മേളയിൽ ഭക്ഷ്യവിഭവങ്ങൾ, പ്രകൃതിദത്ത വിഭവങ്ങൾ, വീട്ടുപകരണങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. മൂന്നിലവ് പഞ്ചായത്തിലെ 30 ഗോത്രവർഗ കുടുംബശ്രീ യൂണിറ്റുകളിൽനിന്നുള്ള ഉൽപ്പന്നങ്ങളും, ഈരാറ്റുപേട്ട ബ്ലോക്കിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുമാണ് മേളയിലുള്ളത്. രാവിലെ എട്ടു മുതൽ വൈകിട്ട് 6.30 വരെയാണ് മേള നടക്കുക.
5. വനാശ്രിത മേഖലകളിൽ ഔഷധസസ്യകൃഷി ആരംഭിച്ച് വനംവകുപ്പ്. വനസംരക്ഷണ സമിതി, ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വനത്തെ ആശ്രയിക്കുന്നവരുടെ വരുമാനം വർധിപ്പിക്കുക, അവരുടെ ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. വനൗഷധ സമൃദ്ധി എന്ന പേരിലുള്ള പദ്ധതി ഈ മാസം രണ്ടിന് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തിരുന്നു. മഞ്ഞൾ, തുളസി എന്നിവയാണ് ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്യുന്നത്. കൃഷിയിൽ ഏർപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനവും, സാങ്കേതിക സഹായവും കാർഷിക സർവകലാശാലയും കൃഷി വകുപ്പും ചേർന്ന് നൽകും. വിളവെടുക്കുന്ന ഔഷധ സസ്യങ്ങൾ 'വനശ്രീ' എന്ന ബ്രാൻഡിൽ വിപണിയിൽ ലഭ്യമാക്കും.
6. ശീതകാല പച്ചക്കറി കൃഷിയിൽ ഓണ്‍ലൈന്‍ പരിശീലനം. കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയുടെ പുതിയ ബാച്ച് ഒക്ടോബര്‍ 17ന് ആരംഭിക്കും. സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പരിശീലനം നടത്തുക. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 16നകം www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. 20 ദിവസത്തെ ക്ലാസുകൾ പൂര്‍ണമായും മലയാളത്തിലായിരിക്കും. ഫൈനല്‍ പരീക്ഷ പാസാകുന്നവർക്ക് ആവശ്യമെങ്കില്‍ ഫീസ് അടച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒക്ടോബര്‍ 17 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐ.ഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാം.
7. റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയില്‍ ചേരാൻ കർഷകർക്ക് അവസരം. 2022 നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി റബ്ബറുത്പാദക സംഘത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം, അപേക്ഷകന്റെ ഫേട്ടോ, സ്ഥലത്തിന്റെ കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവയോടൊപ്പം ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ കോപ്പിയും സമർപ്പിക്കണം. പദ്ധതിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ സ്ഥലത്തിന്റെ തന്നാണ്ട് കരമടച്ചതിന്റെ രസീത് ഹാജരാക്കി രജിസ്‌ട്രേഷന്‍ പുതുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള റബ്ബര്‍ബോര്‍ഡ് ഓഫീസുമായോ, 0481 2576622 എന്ന റബ്ബര്‍ബോര്‍ഡ് കോള്‍ സെന്റര്‍ നമ്പറുമായോ ബന്ധപ്പെടാം.
8. തൃശൂരിൽ തെങ്ങുകയറ്റ തൊഴിലാളികളെ നിയമിക്കുന്നു. കേര സമൃദ്ധി പദ്ധതിയുടെ ഭാഗമായി ചാവക്കാട്, നാട്ടിക, അയ്യന്തോള്‍ വിത്ത് വികസന യൂണിറ്റുകളിലേയ്ക്ക് പരിചയസമ്പന്നരായ 18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് അവസരം. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ ഈ മാസം 22ന് വൈകിട്ട് 5 മണി വരെ സമര്‍പ്പിക്കാം. നവംബര്‍ 2ന് ചാവക്കാട് വിത്ത് വികസന യൂണിറ്റിലും, നവംബര്‍ 3ന് നാട്ടിക കൃഷിഭവനിലും, നവംബര്‍ 4ന് അയ്യന്തോള്‍ കൃഷിഭവനിലുമായി രാവിലെ 10.30നാണ് കൂടിക്കാഴ്ച നടക്കുക. ജനനതീയതി തെളിയിക്കുന്ന സാക്ഷ്യപത്രം, തെങ്ങ് കയറാനുള്ള ശാരീരിക ക്ഷമത തെളിയിക്കുന്ന സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്ക് 0487-2333297 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
9. അങ്കമാലി ബ്ലോക്ക് പഞ്ചായത്തില്‍ പോഷണ്‍ മാ- 2022 ന്റെ സമാപനവും ഐസിഡിഎസ് ദിനാചരണവും സംഘടിപ്പിച്ചു. പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ്, അങ്കമാലി ബ്ലോക്ക് ഐസിഡിഎസ്, അങ്കമാലി അഡീഷണല്‍ ഐസിഡിഎസ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. 30 ദിവസത്തെ പ്രചാരണത്തില്‍ ബോധവല്‍ക്കരണ പരിപാടികൾ, പാചകമേളകൾ എന്നിവ സംഘടിപ്പിച്ചു. സമാപന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍, ഗര്‍ഭിണികള്‍, കൗമാരക്കാര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരിലെ പോഷക സമൃദ്ധി ലക്ഷ്യമിട്ടാണ് ‘പോഷന്‍ മാ’ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
10. ദോഹയിൽ എം.ജി.എം ഹരിത ഭവനം പദ്ധതിയുടെ ഏഴാം സീസൺ ആരംഭിച്ചു. ഖത്തറിലെ വനിതകൾക്കിടയിൽ ജൈവ കൃഷിയുടെയും സ്വന്തം വീട്ടിൽ പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് അബ്ദുൾ ലത്തീഫ് നല്ലളം പരിപാടി ഉദ്ഘാടനം ചെയ്തു. സീസൺ ആറിൽ തിരഞ്ഞെടുത്ത കർഷകർക്കുള്ള കാർഷിക അവാർഡ് വിതരണവും 'സീറോ വേസ്റ്റ് ഗ്രീൻ ഹോം'കാമ്പയിനും പരിപാടിയുടെ ഭാഗമായി നടന്നു. കൂടാതെ വിത്തുകൾ, ചെടികൾ, തൈകൾ, വളങ്ങൾ തുടങ്ങിവ വിതരണം ചെയ്തു.
11. കേരളത്തിൽ നാളെ വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.