Updated on: 23 May, 2021 1:30 PM IST
മുൻ മന്ത്രി വി എസ് സുനിൽ കുമാർ

മുൻ മന്ത്രി വി എസ് സുനിൽ കുമാർ എഴുതിയത്

( ആദ്യ തവണയും രണ്ടാം വ്യാപനത്തിലും കോവിഡ് ബാധിച്ച മു൯മന്ത്രി വി.എസ്. സുനിൽകുമാർ എഴുതുന്നു )

ശരീരം തുളച്ചു കയറിപ്പോകുന്ന വെടിയുണ്ട പോലെയാണു കോവിഡ്.വെടിയുണ്ട ശരീരത്തിൽനിന്നു പുറത്തു പോയിട്ടുണ്ടാവാം. പക്ഷേ, അതുണ്ടാക്കുന്ന മുറിവുകൾ ശരീരത്തിലുണ്ടാകും. ചിലപ്പോൾ ആ മുറിവ് മരണത്തിനും കാരണമാകാം.

ഭയപ്പെടുത്താനല്ല, ഇതു പറയുന്നത്.പക്ഷേ, സൂക്ഷിച്ചേ പറ്റൂ. കോവിഡ് അല്ലേ, വന്നു പോട്ടെ എന്ന ചിന്ത പാടില്ല. എന്റെ അനുഭവത്തിൽ നിന്നാണിതു പറയുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ കോവിഡിനെതിരെയുള്ള സർക്കാരിന്റെ പോരാട്ടത്തിൽ എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്ന സമയത്താണ് എന്നെ ആദ്യം കോവിഡ് പിടികൂടുന്നത്.

ഞാൻ പരമാവധി ശ്രദ്ധിച്ചിരുന്നു. എപ്പോഴും മാസ്കും കയ്യുറയും ഉപയോഗിക്കുമായിരുന്നു. പക്ഷേ, വീട്ടിലെത്തുമ്പോൾ അത്ര ശ്രദ്ധിച്ചിരുന്നില്ല.
വീട്ടിലെ ഗൺമാൻ എന്റെ ഒഫിഷ്യൽ ഫോൺ കൈകാര്യം ചെയ്തിരുന്നു. ഗൺമാനു കോവിഡ് വന്നു, പിന്നാലെ എനിക്കും.

ആന്റിജൻ ചെയ്തപ്പോൾ രോഗം കണ്ടില്ല. പക്ഷേ, ആർടിപിസിആറിൽ കണ്ടു. കാര്യമായ ലക്ഷണം ഒന്നുമില്ല. എനിക്കു പണ്ടേ ശ്വാസംമുട്ടലുണ്ട്. ഇൻഹേലർ ഉപയോഗിക്കാറുണ്ട്. പോരാത്തതിനു പ്രമേഹവും രക്തസമ്മർദവും. അതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ 10 ദിവസം കിടന്നു, സുഖപ്പെട്ടു.

കോവിഡ് അനന്തര ദുരിതങ്ങൾ

സുഖപ്പെട്ടു എന്നു പറയാനാവില്ലെന്നും കോവിഡ് മാറി എന്നു മാത്രമേ പറയാനാവൂ എന്നു മനസ്സിലായത് കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ്. കോവിഡ് അനന്തര ദുരിതങ്ങൾ പൊതിഞ്ഞു. ആദ്യം ഉറക്കം നഷ്ടപ്പെട്ടു. അഞ്ചാറു ദിവസം ഒരുതരി പോലും ഉറങ്ങാൻ പറ്റിയില്ല. മന്ത്രി എന്ന നിലയിലുള്ള തിരക്കുകൾക്കൊപ്പം ഉറക്കവുമില്ലാതായി. കൈവിട്ടു പോകുമെന്നു ഞാൻ കരുതി. ഒപ്പം ശ്വാസം പൂർണമായി ഉള്ളിലേക്കെടുക്കാനുള്ള കഴിവു നഷ്ടമായി. കാലിൽ നീരുകെട്ടി.
അപകടം മണത്തു. വീണ്ടും അതേ മെഡിക്കൽ കോളജിലേക്ക്.

വീണ്ടും 10 ദിവസം കിടപ്പ്. ശ്വാസകോശത്തിന്റെ ഇലാസ്തികത കുറഞ്ഞിരിക്കുന്നു. സ്റ്റിറോയ്ഡ് ചികിത്സയെല്ലാം കഴിഞ്ഞു വീട്ടിലേക്കു മടങ്ങി. 15 ദിവസം ക്വാറന്റീൻ. അക്കാലം ദുരിതമയമായിരുന്നു.
അലർജി ഉള്ളതിനാൽ എനിക്കു വാക്സീൻ സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യത്തെ കോവിഡ് ദുരിതം മറന്നു തുടങ്ങിയപ്പോഴേക്കും തിരഞ്ഞെടുപ്പ് എത്തി. വീണ്ടും നെട്ടോട്ടം.

കോവിഡ് പോസിറ്റീവ്

ആറാം തീയതി തിരഞ്ഞെടുപ്പ് കഴിഞ്ഞു. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ കഠിനമായ ക്ഷീണം അനുഭവപ്പെട്ടു. നെഞ്ചിൽ അണുബാധ തോന്നി. മരുന്നു കഴിച്ചു. വിശ്രമിച്ചു.
അപ്പോൾ മകൻ നിരഞ്ജനു പനി.മണം കിട്ടുന്നില്ലെന്ന് അവൻ പറഞ്ഞു. അപ്പോഴാണു ഞാൻ ശ്രദ്ധിച്ചത്, കുളിക്കുമ്പോൾ സോപ്പിന്റെ മണം അറിയാൻ കഴിയുന്നില്ല. അന്ന് വിഷു ആയിരുന്നു. നേരെ ജില്ലാ ആശുപത്രിയിൽ പരിശോധിച്ചു.

ഞാനും നിരഞ്ജനും കോവിഡ് പോസിറ്റീവ്.
വീണ്ടും ശ്വാസം മുട്ടലിന്റെയും മറ്റും പരീക്ഷണ ദിനങ്ങൾ. തൃശൂർ മെഡിക്കൽ‍ കോളജിൽ 9 ദിവസം.

എനിക്ക്‌ നിങ്ങളോട് പറയാനുള്ളത്.

തല പോകുന്നത്ര അത്യാവശ്യമില്ലെങ്കിൽ ഈ ലോക്ഡൗൺ കാലത്തു പുറത്തിറങ്ങരുത്.

കോവിഡ് വന്നു പോട്ടെ എന്ന നിലപാട് പാടില്ല. വന്നാൽ അത്ര നിസ്സാരമായി പോകണമെന്നില്ല.

100 വെന്റിലേറ്റർ കരുതി വയ്ക്കുമ്പോൾ 500 പേർ വന്നാൽ എന്തുചെയ്യും. ചികിത്സയുടെ ഗുണനിലവാരം കുറയും.

സമ്പർക്കം ഒഴിവാക്കുകയല്ലാതെ മറ്റു മാർഗമില്ല. വരാനിരിക്കുന്നതു കഠിനമായ ദിനങ്ങളാണ്.

നാം വഴി മറ്റൊരാൾക്കു കോവിഡ് വരില്ലെന്ന് ഉറപ്പിക്കുക.നമ്മുടെ അശ്രദ്ധ വേണ്ടപ്പെട്ടവരുടെ മരണത്തിനു പോലും കാരണമാകാം.

കോവിഡ് ഒരാൾക്കു വന്നാൽ ആ വീട് മൊത്തം താളം തെറ്റും. അതു ശരിയായി വരാൻ മാസങ്ങളെടുക്കും.

പരമാവധി ശ്രദ്ധിച്ചിട്ടും കോവിഡ് വന്നുകഴിഞ്ഞാൽ ഭയക്കരുത്. ധൈര്യമായി നേരിടുക. പക്ഷേ,ശ്രദ്ധിച്ചില്ലെന്ന കുറ്റബോധം വേട്ടയാടരുത്.

വി സ് സുനിൽ കുമാർ

English Summary: former agriculture minister shri sunikumar explains his covid trauma experiences
Published on: 23 May 2021, 12:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now